ക്രുണാൽ പാണ്ഡ്യയോട് ‘ഉടക്കി’ ബറോഡ വിട്ട് രാജസ്ഥാനിൽ; ഇന്ന് ഇന്ത്യൻ ടീമിലും!

hooda-pandya
ദീപക് ഹൂഡ, ക്രുണാൽ പാണ്ഡ്യ (ഹൂഡ ടീമിലെത്തിയപ്പോൾ ക്രുണാലിന്റെ പ്രതികരണം എന്ന നിലയിൽ ട്വിറ്ററിൽ പ്രചരിക്കുന്ന ചിത്രം)
SHARE

മുംബൈ∙ ആഭ്യന്തര ക്രിക്കറ്റിൽ ബറോഡ ടീം നായകൻ ക്രുണാൽ പാണ്ഡ്യയുമായി ഉടക്കിപ്പിരിഞ്ഞ് ടീം ക്യാംപ് വിട്ടപ്പോഴാണ് ഇതിനു മുൻപ് ദീപക് ഹൂഡ വാർത്തകളിൽ വ്യാപകമായി ഇടംപിടിച്ചത്. ഇപ്പോൾ, വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ വീണ്ടും ‘ഞെട്ടിച്ചിരിക്കുകയാണ്’ ദീപക് ഹൂഡ എന്ന ഇരുപത്താറുകാരൻ. അടുത്ത വർഷം ഇന്ത്യയിൽത്തന്നെ നടക്കുന്ന ഏകദിന ലോകകപ്പിനായി ടീമിനെ ഒരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന നിലയിലാണ് ആഭ്യന്തര ക്രിക്കറ്റിൽ മികവു കാട്ടുന്ന താരത്തെ സിലക്ടർമാർ ദേശീയ ടീമിലേക്ക് വിളിച്ചിരിക്കുന്നത്.

ദേശീയ ടീമിൽ ഏറെക്കുറെ സ്ഥിരാംഗമായിരുന്ന ക്രുണാൽ പാണ്ഡ്യയുമായി വഴക്കിട്ട് ബറോഡ ടീമിൽനിന്ന് പിൻവാങ്ങി ഒരു വർഷം പിന്നിടുമ്പോഴാണ് ദേശീയ ക്രിക്കറ്റ് ടീമിലേക്ക് ഹൂഡയുടെ തിരിച്ചുവരവ്. മുൻപും ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹൂഡയ്ക്ക് ഇതുവരെ ദേശീയ ജഴ്സിയിൽ അരങ്ങേറ്റത്തിന് അവസരം ലഭിച്ചിട്ടില്ല. ഇത്തവണ ഇന്ത്യൻ ജഴ്സിയിൽ ഹൂഡയുടെ ഓൾറൗണ്ട് പ്രകടനം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ക്രുണാൽ പാണ്ഡ്യയുമായി ഉടക്കി ബറോഡ ടീമിന്റെ പടിയിറങ്ങിയ കാലത്തും ഉറച്ച പിന്തുണ നൽകിയ മുൻ ഇന്ത്യൻ താരം കൂടിയായ ഇർഫാൻ പഠാനും കയ്യടികളോടെയാണ് ഹൂഡയുടെ ഇന്ത്യൻ ടീം സ്ഥാനലബ്ധിയെ സ്വീകരിച്ചത്. കടുത്ത വെല്ലുവിളികൾ മറികടന്നാണ് ഹൂഡ ഇന്ത്യൻ ടീമിലെത്തിയതെന്ന് താരത്തെ അഭിനന്ദിച്ച് പഠാൻ കുറിച്ചു.

‘വളരെ ദുഷ്കരമായൊരു കാലഘട്ടം അതിജീവിച്ചാണ് താങ്കൾ ഇവിടെയെത്തിയത്. ഒരേസമയം അതിജീവനത്തിനായുള്ള പോരാട്ടവും മികച്ച പ്രകടനവും തുടരാൻ താങ്കൾക്കായി. താങ്കളെയോർത്ത് അഭിമാനിക്കുന്നു. അഭിനന്ദനങ്ങൾ. കിട്ടിയ അവസരം നന്നായി വിനിയോഗിക്കുക’ – പഠാൻ ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തെ മികച്ച ബിഗ് ഹിറ്റർമാരിൽ ഒരാളായിട്ടും ക്രുണാലുമായുള്ള കഹലത്തിന്റെ പേരിൽ ഒരു ആഭ്യന്തര സീസൺ ഒന്നാകെ നഷ്ടമായാളാണ് ഹൂഡ. ബറോഡ ടീം വൈസ് ക്യാപ്റ്റനായിരുന്ന ഹൂഡയെ ക്യാപ്റ്റൻ ക്രുണാൽ പാണ്ഡ്യയുമായുള്ള പ്രശ്നത്തിന്റെ പേരിൽ ടീം മാനേജ്മെന്റ് വിലക്കുകയായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കു തൊട്ടു മുൻപ് ജൈവസുരക്ഷാവലയം മറികടന്ന് ടീം വിട്ടു എന്നതായിരുന്നു ഹൂഡയ്ക്കെതിരെയുള്ള പരാതി.

ക്യാപ്റ്റൻ ക്രുണാൽ തന്നെ നിരന്തരം പരസ്യമായി അധിക്ഷേപിച്ചതു കൊണ്ടാണ് ക്യാംപിൽ നിന്നു പോയതെന്ന് ഹൂഡ വിശദീകരണം നൽകിയെങ്കിലും ബറോഡ ഏകപക്ഷീയമായി തീരുമാനമെടുത്തു. പിന്നീട് പുതിയ സീസണിൽ രാജസ്ഥാനിൽ ചേർന്നതോടെയാണ് ഹൂഡയ്ക്ക് തിരിച്ചുവരാനായത്. ഇത്തവണ രാജസ്ഥാൻ ജഴ്സിയിൽ പുറത്തെടുത്ത മിന്നുന്ന പ്രകടനങ്ങൾ ഹൂഡയുടെ തിരിച്ചുവരവിനു വഴിയൊരുക്കി.

ഇതിനിടെ, ഐപിഎൽ 14–ാം സീസണിൽ പഞ്ചാബ് കിങ്സ് ജഴ്സിയിൽ രാജസ്ഥാൻ റോയൽസിനെതിരെ ഹൂഡ നേടിയൊരു അർധസെഞ്ചുറിയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപു നടന്ന മത്സരത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ സെഞ്ചുറിക്കും രാജസ്ഥാനെ രക്ഷിക്കാനാകാതെ പോയത് ഹൂഡയുടെ അർധസെഞ്ചുറി പഞ്ചാബിനു സമ്മാനിച്ച കൂറ്റൻ സ്കോറിന്റെ പേരിലാണ്.

അന്ന് 28 പന്തിൽ നിന്ന് നാലു ഫോറും ആറു സിക്സു ംസഹിതം 64 റൺസാണ് ഹൂഡ അടിച്ചുകൂട്ടിയത്. പഞ്ചാബ് നേടിയത് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 221 റൺസ്. സഞ്ജു 63 പുന്തിൽ 119 റൺസുമായി തിരിച്ചടിക്ക് നേതൃത്വം നൽകിയെങ്കിലും രാജസ്ഥാന്റെ പോരാട്ടം 4 റൺസ് അകലെ അവസാനിച്ചു. അന്ന് ഹൂഡയുടെ ഇന്നിങ്സിനെ പുകഴ്ത്തി രംഗത്തെത്തിയവരിൽ സാക്ഷാൽ വീരേന്ദർ സേവാഗും ഇർഫാൻ പഠാനും ഉണ്ടായിരുന്നു.

English Summary: Fans react as Deepak Hooda receives call-up for West Indies ODIs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA