51 പന്തിൽ സെഞ്ചുറി, 10 സിക്സ്; അടിച്ചു കസറി പവൽ, വിൻഡീസിന് ഉശിരൻ ജയം!

rovman-powell
റോവ്മാൻ പവൽ സെഞ്ചുറി പൂർത്തിയാക്കിയപ്പോൾ (ട്വിറ്റർ ചിത്രം)
SHARE

ബ്രിജ്ടൗൺ (ബാർബഡോസ്)∙ 2–ാം ട്വന്റി20യിൽ ഇംഗ്ലണ്ടിനോട് ഒരു റൺസിനു കീഴടങ്ങേണ്ടിവന്നതിന്റെ ‘ക്ഷീണം’ തീർത്ത് വിൻഡീസ്. 3–ാം ട്വന്റി20യിൽ 20 റൺസിന്റെ തകർപ്പൻ ജയത്തോടെ 5 മത്സര പരമ്പരയിൽ വിൻഡീസ് വീണ്ടും മുന്നിലെത്തി (2–1).

വെറും 51 പന്തിൽ സെഞ്ചുറി തികച്ച റോവ്‌മാൻ പവലിന്റെ ബാറ്റിങ് മികവിൽ (53 പന്തിൽ 4 ഫോറും 10 സിക്സും അടക്കം 107) 5 വിക്കറ്റിന് 224 റൺസാണ് വിൻഡീസ് അടിച്ചു കൂട്ടിയത്. നിക്കോളാസ് പുരാന്‍ (43 പന്തിൽ 4 ഫോറും 5 സിക്സും അടക്കം 70) പവലിനു മികച്ച പിന്തുണയേകി. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന്റെ പോരാട്ടം 20 ഓവറിൽ 9 വിക്കറ്റിന് 204 റൺസിൽ അവസാനിച്ചു. ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഓപ്പണർമാരായ ബ്രണ്ടൻ കിങ് (10 പന്തിൽ 10), ഷായ് ഹോപ് (6 പന്തിൽ 4) എന്നിവരെ 48 റൺസിനിടെ നഷ്ടമായ വിൻഡീസിനായി 3–ാം വിക്കറ്റിൽ പവൽ– പുരാൻ സഖ്യം 122 റൺസ് ചേർത്തു.

പരമ്പരയിൽ ആദ്യമായി ഇറങ്ങിയ പവൽ കിട്ടിയ അവസരം ശരിക്കും മുതലാക്കി. എല്ലാ ഇംഗ്ലിഷ് ബോളർമാരെയും തിരഞ്ഞു പിടിച്ചു ശിക്ഷിച്ച പവലിന്റെ ഒരു സിക്സർ 100 മീറ്റർ മാർക്കും കടന്നു. 

റോമിയോ ഷെപ്പേഡ് (5 പന്തിൽ 11 നോട്ടൗട്ട്), ഫേബിയൻ അലൻ (ഒരു പന്തിൽ 0), ക്യാപ്റ്റൻ കെയ്റൻ പൊള്ളാർഡ് (4 പന്തിൽ 9) എന്നിങ്ങനെയാണ് മറ്റു വിൻഡീസ് ബാറ്റർമാരുടെ പ്രകടനം. ഇംഗ്ലണ്ടിനായി റീസ് ടോപ്‌ലെ, ജോർജ് ഗാർട്ടൻ, ടെയ്മൽസ മിൽസ്, ലിയാം ലിവിങ്സ്റ്റൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

പ്രമുഖ താരങ്ങളുടെ പരുക്കും റൊട്ടേഷൻ പോളിസിയും മൂലം 5 മാറ്റങ്ങളുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ പരിചയസമ്പത്തു കുറഞ്ഞ ടീമിന് വിൻഡീസ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം എത്തിപ്പിടിക്കാനായില്ല.

ടോം ബാന്റൻ (39 പന്തിൽ 3 ഫോറും 6 സിക്സും അടക്കം 73), ഫിൽ സാൾട്ട് (24 പന്തിൽ 3 ഫോറും 5 സിക്സും അടക്കം 57) എന്നിവർ ഇംഗ്ലണ്ടിനു പ്രതീക്ഷ നൽകിയെങ്കിലും പിന്നീടു വിൻഡീസ് ബോളർമാർ കളി പിടിച്ചു. ജെയ്സൻ റോയ് (16 പന്തിൽ 2 സിക്സ് അടക്കം 19), ജെയിംസ് വിൻസ് (9 പന്തിൽ ഒന്നു വീതം ഫോറും സിക്സും അടക്കം 16), ക്യാപ്റ്റൻ മോയിൻ അലി (0), ലിയാം ലിവിങ്സ്റ്റൻ (9 പന്തിൽ ഒരു സിക്സ് അടക്കം 11), ഹാരി ബ്രൂക്ക് (13 പന്തിൽ 10), ജോർജ് ഗാർട്ടൻ (4 പന്തിൽ 2), ആദിൽ റാഷിദ് (ഒരു പന്തിൽ 1), ടെയ്മൽ  മിൽസ് (ഒരു പന്തിൽ 1 നോട്ടൗട്ട്), റീസ് ടോ‌പ്‌ലി (2 പന്തിൽ 2 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. 

വിൻഡീസിനായി റോമിയോ ഷെപ്പേഡ് മൂന്നും ക്യാപ്റ്റൻ കെയ്റൻ പൊള്ളാർഡ്  രണ്ടും വിക്കറ്റ് വീഴ്ത്തി. ഷെൽഡൻ കോട്രാൽ, ജെയ്സൻ ഹോൾഡർ, അക്കീൽ ഹൊസെയ്ൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ 4–ാം മത്സരം ഞായറാഴ്ച നടക്കും. 

English Summary: Rovman Powell's 51-ball century powers West Indies back into series lead

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA