ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ചട്ടവിരുദ്ധമായി കൈകടത്തുന്നുവെന്ന ആരോപണങ്ങൾ തള്ളി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി. സിലക്ഷൻ കമ്മിറ്റി യോഗത്തിൽ താൻ പങ്കെടുക്കുന്നതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം മറ്റൊരു സന്ദർഭത്തിൽ എടുത്തതാണെന്നും ഗാംഗുലി വിശദീകരിച്ചു. ബിസിസിഐ പ്രസിഡന്റിന്റെ പദവിക്കു നിരക്കാത്ത യാതൊന്നും താൻ ചെയ്തിട്ടില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

ടീം സിലക്ഷനിൽ സൗരവ് ഗാംഗുലി കൈകടത്തുന്നതായി ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ ഏതാനും ദിവസം മുൻപ് നടത്തിയ വെളിപ്പെടുത്തലുകളുടെ തുടർച്ചയായാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഓരോ പരമ്പരയ്ക്കു മുൻപും ടീമിനെ തിരഞ്ഞെടുക്കുന്നതിനായി ചേരുന്ന സിലക്ഷൻ കമ്മിറ്റി യോഗങ്ങളിൽ സിലക്ടർമാരും ബിസിസിഐ സെക്രട്ടറിയുമാണ് പങ്കെടുക്കേണ്ടത്. സിലക്ഷൻ കമ്മിറ്റി യോഗത്തിനു മുൻപ് ടീം ക്യാപ്റ്റനുമായും മുഖ്യ പരിശീലകനുമായും സിലക്ഷൻ കമ്മിറ്റി അധ്യക്ഷൻ ചർച്ച നടത്തുന്നതും കീഴ്‌വഴക്കമാണ്. ഇതിനിടെയാണ് ബിസിസിഐ പ്രസിഡന്റെന്ന നിലയിൽ ഗാംഗുലി നിർബന്ധപൂർവം സിലക്ഷൻ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്നുവെന്ന വെളിപ്പെടുത്തൽ വന്നത്.

‘ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഞാൻ ബിസിസിഐ പ്രസിഡന്റാണ്. ആ ഉത്തരവാദിത്തം വഹിക്കുന്നവർ ചെയ്യേണ്ട കാര്യങ്ങൾ മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ’ – ഗാംഗുലി പറഞ്ഞു.

‘നിങ്ങളുടെ അറിവിലേക്കായി ഒരു കാര്യം കൂടി പറയാം. ഞാൻ സിലക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നുവെന്ന പേരിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതു കണ്ടു. അത് സിലക്ഷൻ കമ്മിറ്റി യോഗത്തിൽ നിന്നുള്ള ചിത്രമല്ല. ജയേഷ് ജോർജ് സിലക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്ന വ്യക്തിയല്ലല്ലോ. ഞാൻ രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്കായി 424 മത്സരങ്ങൾ കളിച്ച വ്യക്തിയാണ്. ഇതേക്കുറിച്ച് എപ്പോഴും ഓർമിപ്പിക്കാൻ എന്നെ നിർബന്ധിക്കരുത്’ – ഗാംഗുലി പറഞ്ഞു.

English Summary: Sourav Ganguly Says Charge Of Influencing Team Selection "Baseless"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com