ADVERTISEMENT

കൊച്ചി∙ കരിയറിന്റെ ഉന്നതിയിൽ നിൽക്കെ സമാനതകൾ അധികമില്ലാത്ത വൻ വീഴ്ച; സഹതാരങ്ങളും ആരാധകരും ഉൾപ്പെടെ ക്രിക്കറ്റ് ലോകം ഒന്നാകെ കൈവിട്ട നാളുകൾ. ഇന്ത്യൻ ക്രിക്കറ്റിനെ തന്നെ ഉലച്ചുകളഞ്ഞ വിവാദക്കൊടുങ്കാറ്റിൽ ശാന്തകുമാരൻ ശ്രീശാന്തിന് നഷ്ടമായത് കരിയറിലെ നിർണായകമായ ഏഴു വർഷങ്ങൾ! എന്നിട്ടും ശക്തമായ തിരിച്ചടികളിൽനിന്ന് അതിലും ശക്തമായി കളത്തിലേക്കു തിരിച്ചെത്തി ശ്രീ നമ്മെ ഞെട്ടിച്ചു. ഒരു പേസ് ബോളറെ സംബന്ധിച്ച് പൊതുവെ കരിയറിന്റെ അവസാന ഘട്ടമായി വിശേഷിപ്പിക്കപ്പെടുന്ന 38–ാം വയസ്സിൽ, കടുത്ത പോരാട്ടവീര്യവും മനോബലം ഒന്നുകൊണ്ടും മാത്രം അദ്ദേഹം കളത്തിൽ തിരിച്ചെത്തി. കേരള രഞ്ജി ടീമിൽ ഇടംപിടിച്ചു. 130നു മുകളിൽ വേഗത്തിൽ വീണ്ടും കേരളത്തിനായി പന്തെറിഞ്ഞു.

ആ കരിയറിനെ നിർവചിച്ച അപ്രതീക്ഷിതമായ ട്വിസ്റ്റുകളോടു ചേർന്നുനിൽക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങലും. തിരിച്ചുവരുമെന്ന് ആവർത്തിക്കുന്നതിനിടെ, തീർത്തും അപ്രതീക്ഷിതമായി ഒരു വിരമിക്കൽ പ്രഖ്യാപനം! ഇതിനു പിന്നാലെ ‘മനോരമ ഓൺലൈനു’മായി നടത്തിയ ദീർഘ സംഭാഷണത്തിൽ, ഒട്ടേറെ കാര്യങ്ങൾ ശ്രീശാന്ത് തുറന്നുപറഞ്ഞു. തന്റെ ജീവിതാനുഭവങ്ങൾ അടുത്ത ഓണത്തിന് പുസ്തക രൂപത്തിൽ പുറത്തിറങ്ങുമെന്നും വെളിപ്പെടുത്തി. ഈ പറഞ്ഞതിലുമെത്രയോ പറയാനുണ്ടെന്ന് ശ്രീ പറയാതെ പറഞ്ഞു!

ആ വെളിപ്പെടുത്തലുകളുടെ രണ്ടാം ഭാഗമാണിത്. ശ്രീശാന്തും സഞ്ജു സാംസണും ഉൾപ്പെടെയുള്ളവർ ദേശീയ ക്രിക്കറ്റിൽ തിരിച്ചടി നേരിടുമ്പോൾ നാം കുറ്റപ്പെടുത്തുന്ന ഡൽഹി ലോബിയും മുംബൈ ലോബിയുമൊന്നും ക്രിക്കറ്റിലില്ലെന്നാണ് ശ്രീയുടെ നിലപാട്. മലയാളിയായിട്ടും ഒരുപാട് പരിഗണനകൾ ലഭിച്ചയാളാണ് താനെന്ന് തുറന്നുപറയാനും ശ്രീയ്ക്ക് മടിയില്ല. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...

∙ മലയാളിയായതിനാലാണോ അവഗണന നേരിട്ടത്?

ഒരിക്കലും ഞാനങ്ങനെ പറയില്ല. മലയാളിയായിട്ടും ഒരുപാടു പരിഗണനകൾ ലഭിച്ചയാൾ കൂടിയല്ലേ ഞാൻ. മുംബൈ ലോബി ഡൽഹി ലോബി എന്നൊക്കെ നമ്മൾ പണ്ടേ പറയുന്നതാണ്. ഞാനും ഒരുകാലത്ത് അങ്ങനെ കരുതിയിരുന്നു. മലയാളിയായതിനാലല്ലേ എനിക്കു ടീമിൽ കയറാനാകാതെ പോകുന്നതെന്ന്. അത് എന്റെ മുൻ തലമുറ പറഞ്ഞുകേട്ടുള്ള ശീലമാണ്. അതു ശരിയല്ല. അത്തരത്തിൽ കുറ്റപ്പെടുത്തും മുൻപു നമ്മൾ ഉയർത്തിക്കാട്ടുന്ന താരം എത്ര സെഞ്ചുറികളടിച്ചു, എത്ര 5 വിക്കറ്റ് നേട്ടം കൊയ്തു എന്നൊക്കെ നാം വിലയിരുത്തണം.

sreesanth-3
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ശ്രീശാന്ത് (ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ)

അതിനേക്കാള്‍ മികച്ചു കളിച്ച എത്രയോ താരങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുണ്ടാകും. അതു നമ്മൾ കാണാതെ പോകും. ഇത്തരം പ്രാദേശിക വാദങ്ങൾ കാര്യമുള്ളതല്ല. സ്ഥിരതയോടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെല്ലാം അംഗീകരിക്കപ്പെടും. അവർക്കു ടീമിൽ സ്ഥാനമുണ്ടാകും.

∙ ചില വിക്കറ്റ് നേട്ടങ്ങളിൽ മതിമറന്ന് ആഘോഷിച്ചതു വിമർശനത്തിനിടയാക്കിയില്ലേ?

ശരിതന്നെ. പക്ഷേ, അതെല്ലാം ഓരോ നിമിഷങ്ങളിൽ സംഭവിച്ചുപോകുന്നതാണ്. ഏതാനും മാധ്യമങ്ങളിൽ വരുന്ന കാര്യമേ കാഴ്ചക്കാർ കണ്ടിരുന്നുള്ളൂ. അവർ എന്നെ എത്രത്തോളം പ്രകോപിപ്പിച്ചുവെന്നത് ആരും കാണില്ല. അവർ പറയുന്ന പ്രകോപനകരമായ കാര്യങ്ങൾ ടിവി ദൃശ്യങ്ങളിൽ വരില്ല. അന്നൊന്നും എനിക്കു വിശദീകരിക്കാൻ അവസരവുമുണ്ടായില്ല.

sreesanth-8

പരമാവധി പ്രകോപിപ്പിച്ച ഒരാളെ എറിഞ്ഞിടുമ്പോൾ അതൊരു ആഘോഷമാകും. അതു മാത്രം കണ്ട് എല്ലാവരും എനിക്കുനേരെ തിരിഞ്ഞു. ഇന്നത്തേതുപോലെ സമൂഹമാധ്യമങ്ങളിൽ വന്നു കാര്യങ്ങൾ ലൈവായി വിശദീകരിക്കാൻ അന്നു സാധ്യമായിരുന്നില്ല. ഇന്നാണെങ്കിൽ പ്രകോപനങ്ങൾ എന്തെന്നതുവരെ ഞാൻ സമൂഹമാധ്യമങ്ങളിൽ പറഞ്ഞേനേ. എന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതായേനേ.

∙ അത്തരം പ്രകടനങ്ങൾ ടീമിൽ സ്ഥാനം ലഭിക്കാതിരിക്കാൻ കാരണമായോ?

ഒരിക്കലുമില്ല. അങ്ങനെയെങ്കിൽ വിരാട് കോലി എന്നേ കളി വിടേണ്ടതായിരുന്നു. പ്രകോപിപ്പിക്കുന്നവരെ വകവയ്ക്കാറില്ല കോലി. അത് ഓരോരുത്തരുടെ പ്രകൃതമാണ്. അതിനെ കുറ്റപ്പെടുത്താനാകുമോ?

∙ സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾ?

‌അതു വലിയ വിഷമമുണ്ടാക്കിയ കാര്യമാണ്. എനിക്കൊരു പ്രതിസന്ധി വന്നപ്പോൾ മലയാളികളിൽ വലിയൊരു വിഭാഗം എനിക്കൊപ്പം നിന്നു. പിന്തുണച്ചു. ചിലർ സമൂഹമാധ്യമങ്ങളിൽ മോശമായി ചിത്രീകരിച്ചു. അതിനോടൊന്നും പരിഭവമില്ല. പക്ഷേ, ഞാൻ തെറ്റു ചെയ്തിട്ടില്ലെന്നത് എനിക്കു നല്ല ബോധ്യമുണ്ട്. അതിനാൽതന്നെ ഇത്തരം വിമർശനങ്ങളും പരിഹാസങ്ങളും സങ്കടമുണ്ടാക്കിയിട്ടുണ്ട്.

∙ ഇന്ത്യൻ ടീമിൽ ഒപ്പം കളിച്ചവർ പിന്തുണച്ചില്ലേ?

അവരിൽ ഒരുപാടു പേർ വിളിച്ചും സന്ദേശങ്ങളിലൂടെയും ആശ്വസിപ്പിച്ചു. ഒന്നും പറയാതിരുന്നവരും ഒട്ടേറെയുണ്ട്. ആരെയും കുറ്റപ്പെടുത്താനില്ല. കാരണം അവരുടെ അന്നമാണു ക്രിക്കറ്റ്. അത്രയ്ക്കു ശക്തിയുള്ള ഒരു അസോസിയേഷനുള്ളപ്പോൾ എനിക്കെതിരായ സംഭവത്തിൽ അവർ എനിക്കൊപ്പം നിൽക്കുമെന്നു പ്രതീക്ഷിക്കാനാകില്ല. അവരുടെ സ്ഥാനത്തു ഞാനായിരുന്നെങ്കിലും ഒരുപക്ഷേ അത്തരത്തിൽതന്നെയാകാം പെരുമാറുക.

∙ എംആർഎഫ് പേസ് ഫൗണ്ടേഷൻ വഴിയാണല്ലോ ശ്രീയുടെ കടന്നു വരവ്. ആ കാലം എങ്ങനെ ഓർക്കുന്നു?

മറക്കാനാകില്ല. കാരണം എം ആർ എഫ് പേസ് ഫൗണ്ടേഷനില്ലെങ്കിൽ ഞാനെന്ന പേസ് ബോളറില്ല. അവിടത്തെ പരിശീലകരായ ടി.എ.ശേഖർ സർ, സെന്തിൽ എന്നിവർ അത്രയേറെ സഹായിച്ചിട്ടുണ്ട്. ഫിസിക്കൽ ട്രെയിനർ രാംജിത് ശ്രീനിവാസൻ സാറും ഏറെ സഹായങ്ങൾ ചെയ്തു.

∙ വിദേശ ലീഗുകളിലേക്ക് പോകുമോ?

അതിനുള്ള സാധ്യതകളാണു കൂടുതൽ. പലരും സമീപിക്കുന്നുണ്ട്. കാനഡയിലും ഓസ്ട്രേലിയയിലും ശ്രീലങ്കയിലുമെല്ലാം പ്രിമിയർ ലീഗുകൾ സജീവമാണ്. 45 വയസ്സുവരെ കളിക്കാനുള്ള വിവിധ ലീഗുകൾ ഉണ്ട്. ഇംഗ്ലണ്ടിൽ മൈനർ കൗണ്ടി ടൂർണമെന്റുകളുണ്ട്. ഇവിടെയെല്ലാം വളരെ സാധ്യതകളുണ്ട്. ഇന്ത്യയിൽതന്നെ ചില സംസ്ഥാന ടീമുകൾ ബോളിങ് കോച്ച് ആയി വിളിക്കുന്നുണ്ട്. കമന്റേറ്ററാകാനും മറ്റുമുള്ള അവസരങ്ങളുമുണ്ട്.

sreesanth-2
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ശ്രീശാന്ത് (ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ)

വിരമിക്കൽ യഥാർഥത്തിൽ ഒരു കായികതാരത്തിന്റെ ജീവിതാരംഭമാണ്. 60 വയസ്സല്ലേ എല്ലാവരുടെയും വിരമിക്കൽപ്രായം. എനിക്ക് 39 ആയി. ഇനിയുമുണ്ടു വർഷങ്ങളേറെ. ക്രിക്കറ്റ് അക്കാദമികൾ സ്ഥാപിക്കുന്നുണ്ട്. ആദ്യത്തേതു കൊല്ലൂർ മൂകാംബികയിൽ ഓണത്തിനു ശേഷം തുറക്കും.

∙ സിനിമ തുടരുമോ?

കഴിഞ്ഞ ദിവസംപോലും ഒരാൾ സ്ക്രിപ്റ്റുമായി സിനിമയിലേക്കു ക്ഷണിക്കാനെത്തി. 4 സിനിമകളിൽ ഇതിനകം അഭിനയിച്ചുകഴിഞ്ഞു. തമിഴിലെ ആദ്യ സിനിമ ഏപ്രിൽ 28നു പുറത്തിറങ്ങും. വിജയ് സേതുപതിയും നയൻ താരയും സമാന്തയും അഭിനയിച്ച ‘കാത്തുവെക്കലാ രണ്ടു കാതൽ’ ആണത്. ചെറിയ വേഷമാണെങ്കിലും ശ്രദ്ധേയമാകുമത്. കന്നഡയിൽ ‘കെംപെഗൗഡ’ എന്ന സിനിമ ഇറങ്ങിയിരുന്നു. ഒട്ടേറെ അംഗീകാരങ്ങൾ അതിനു ലഭിച്ചു.

സിനിമയും ടിവി ഷോകളും നൃത്തവും കൈവിടില്ല. ക്രിക്കറ്റ് കഴിഞ്ഞാൽ എന്റെ പ്രണയം അവയോടാണ്. ഞാൻ ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ സന്ദർഭത്തിലൂടെ കടന്നുപോയപ്പോൾ എനിക്കു കൈത്താങ്ങേകിയതു സിനിമയും ടിവി ഷോയുമാണ്. എന്റെ അക്കൗണ്ടുകളെല്ലാം മരവിപ്പിക്കപ്പെട്ടപ്പോൾ സിനിമയിൽനിന്നും ടിവി ഷോകളിൽനിന്നുമുള്ള വരുമാനമാണു ജീവിതത്തിനുതകിയത്. അതൊന്നും ഞാൻ അധികം പറയാത്ത കഥകളാണ്.

∙ മലയാളികളോട് എന്താണ് പറയാനുള്ളത്?

ഞാൻ പ്രതിസന്ധി നേരിട്ടപ്പോൾ ഏറ്റവും പിന്തുണച്ചതു മലയാളികളാണ്. ഏതാനും മലയാളികൾ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തപ്പോൾ വലിയൊരു വിഭാഗം പിന്തുണയുമായി ഒപ്പം നിന്നു. അവർ എന്നിലെ ക്രിക്കറ്ററെ ഇഷ്ടപ്പെട്ടവരാണ്. ഞാൻമൂലം കേരള ക്രിക്കറ്റിനും ഗുണമുണ്ടായെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. ഞാൻ ഇന്ത്യക്കു കളിച്ചശേഷം 25 ഫാസ്റ്റ് ബോളർമാരെങ്കിലും കേരളത്തിനായി കളിച്ചു. അത്രയേറെ പേർക്കു ഞാൻ പ്രചോദനമായെന്നതു വലിയ കാര്യമായി കാണുന്നു.

ഞാനിനി എത്ര മികച്ചു കളിച്ചിട്ടും കാര്യമില്ല, കേരളത്തിനു കളിക്കുന്ന യുവാക്കൾക്ക് അതിലും സാധ്യതയുണ്ട്. അവരും ഇന്ത്യക്കു കളിക്കട്ടെ, ലോകകപ്പ് ജയിക്കട്ടെ. ഐപിഎല്ലിൽ 9 മലയാളികൾവരെ കഴിഞ്ഞ സീസണിൽ കളിച്ചു.

∙∙∙∙∙∙∙∙∙∙∙∙∙∙∙

ഇത്രയെല്ലാം പറഞ്ഞപ്പോഴും ശ്രീശാന്ത് എന്തെല്ലാമോ ബാക്കി വയ്ക്കുംപോലെ. അതിന് ഇനി പുസ്തകം വരും വരെ കാത്തിരിക്കേണ്ടിവരുമോ? ആരെയും കുറ്റപ്പെടുത്തില്ലെന്ന് ഇടയ്ക്കിടെ ആവർത്തിക്കുമ്പോൾ ശ്രീശാന്ത് എല്ലാം പറഞ്ഞേക്കില്ലെന്നും തോന്നാം. പുസ്തകമോ സിനിമയോ ഏതെങ്കിലും രൂപത്തിൽ ആ കാര്യങ്ങൾ അദ്ദേഹം പറഞ്ഞേക്കാം.

സമൂഹമാധ്യമങ്ങളിൽ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നവർ പോലും ശ്രീശാന്തിലെ പ്രതിഭയെ സമ്മതിക്കും. ഓസ്ട്രേലിയൻ താരങ്ങളുടെ കടുത്ത തെറിവിളികളെ വകവയ്ക്കാതിരുന്ന ശ്രീശാന്തിനെപ്പോലൊരു താരം ടീമിൽ വേണമെന്നു കരുതുന്നവർ ഒട്ടേറെ. ശ്രീശാന്തിനോടു ക്രിക്കറ്റ് അധികാരികളടക്കം നീതികേടു കാണിച്ചെന്നു പറയുന്നവരും കരുതുന്നവരും ഒട്ടേറെയാണ്. ഇപ്പോൾ തിരിച്ചുവരവിലും ശ്രീശാന്ത് നീതികേടിന് ഇരയായോ? എല്ലാമറിയാൻ എല്ലാം തുറന്നുപറയുന്ന അടുത്ത അവസരത്തിനായി കാക്കേണ്ടിവരും.

English Summary: Interview with cricketer S Sreesanth - 2nd Part 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com