ADVERTISEMENT

മുംബൈ∙ സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച മലയാളി താരം ശ്രീശാന്തിന് ആശംസകളുമായി സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ രംഗത്ത്. ശനിയാഴ്ച രാത്രി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് ശ്രീശാന്തിന്റെ വിരമിക്കൽ പ്രഖ്യാപനത്തോട് സച്ചിൻ പ്രതികരിച്ചത്. എക്കാലവും വളരെയധികം കഴിവുള്ള പ്രതിഭാധനനായ ബോളറായിട്ടാണ് താൻ ശ്രീശാന്തിനെ കണ്ടിട്ടുള്ളതെന്ന് സച്ചിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ശ്രീശാന്തിനൊപ്പമുള്ള ചിത്രവും സച്ചിൻ പങ്കുവച്ചിട്ടുണ്ട്.

‘വളരെയധികം കഴിവുകളുള്ള പ്രതിഭാധനനായ ബോളറായിട്ടാണ് എക്കാലവും താങ്കളെ കണ്ടിട്ടുള്ളത്. ഒട്ടേറെക്കാലം ഇന്ത്യയെ പ്രതിനിധീകരിച്ചതിന് അഭിനന്ദനങ്ങൾ. കരിയറിലെ രണ്ടാം ഇന്നിങ‌്സിന് എല്ലാ ആശംസകളും’ – സച്ചിൻ കുറിച്ചു.

നേരത്തെ, ശ്രീശാന്ത് വിരമിക്കൽ പ്രഖ്യാപിച്ചിട്ടും പ്രമുഖ താരങ്ങളിൽ പലരും അതിനോടു പ്രതികരിക്കാതിരുന്നത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ശ്രീശാന്തിനൊപ്പം കളിച്ചിരുന്ന സുരേഷ് റെയ്ന, യുവരാജ് സിങ്, ഹർഭജൻ സിങ്, റോബിൻ ഉത്തപ്പ എന്നിവർ മാത്രമാണ് അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനത്തോട് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. മറ്റുള്ളവരെല്ലാം പരസ്യ പ്രതികരണത്തിൽനിന്ന് വിട്ടുനിന്നതിനെക്കുറിച്ച് ചർച്ചകൾ ഉയരുന്നതിനിടെയാണ് ‘വൈകിയ വേള’യിൽ സച്ചിന്റെ ആശംസ എത്തുന്നത്.

ഐപിഎൽ ഒത്തുക്കളിയുമായി ബന്ധപ്പെട്ട വിലക്കിനെ തുടർന്ന് ദീർഘകാലം കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്ന ശ്രീശാന്ത്, സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തി അധിക കാലമാകും മുൻപാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ വർഷം രഞ്ജി ട്രോഫിക്കുള്ള കേരള ടീമിൽ ഇടം നേടിയ ശ്രീ, മേഘാലയയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ കളത്തിലിറങ്ങിയിരുന്നു. എന്നാൽ ഗുജറാത്തിനും മധ്യപ്രദേശിനുമെതിരായ അടുത്ത മത്സരങ്ങളിൽ താരത്തിന് അവസരം ലഭിച്ചില്ല. പരുക്കാണ് കാരണമായി പറഞ്ഞത്.

എന്നാൽ, ഗുജറാത്തിനെതിരായ മത്സരത്തോടെ വിരമിക്കുകയാണെന്ന് ടീം മാനേജ്മെന്റിനെ അറിയിച്ചിരുന്നെങ്കിലും അവർ അവസരം നൽകിയില്ലെന്ന് ശ്രീശാന്ത് പിന്നീട് വെളിപ്പെടുത്തിയിരുന്നു. പുതുതലമുറയിലെ താരങ്ങൾക്കായി വഴിമാറുന്നുവെന്ന പ്രഖ്യാപനത്തോടെയാണ് ശ്രീശാന്ത് സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. ഇനി വിദേശ ലീഗുകളിൽ കളിക്കുമെന്ന് സൂചന നൽകിയ താരം, പരിശീലക വേഷത്തിലേക്ക് മാറുമെന്നും വ്യക്തമാക്കിയിരുന്നു.

English Summary: Always rated you as a talented bowler: Sachin Tendulkar shares message for retired Sreesanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com