ADVERTISEMENT

ന്യൂഡൽഹി∙ ക്യാപ്റ്റൻ സഞ്ജു സാംസണിനെ അധിക്ഷേപിക്കുന്ന ട്വീറ്റും അതിന്റെ പേരിൽ രാജസ്ഥാൻ റോയൽസ് സോഷ്യൽ മീഡിയ ടീമിനെ പിരിച്ചുവിട്ടതുമെല്ലാം വെറും ‘നാടക’മായിരുന്നുവെന്ന വെളിപ്പെടുത്തലിനു പിന്നാലെ, ടീമിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ. ശ്രദ്ധ നേടാനുള്ള രാജസ്ഥാൻ റോയൽസിന്റെ ശ്രമം തീർത്തും ദയനീയമായിപ്പോയെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ പ്രതികരിച്ചു. ഇത്തരമൊരു നാടകത്തിനു മുതിർന്ന ടീമിനെ വിലക്കണമെന്ന ആവശ്യവും ഒരു വിഭാഗം ആരാധകർ ഉയർത്തി. സഞ്ജുവിനെതിരായ ട്രോളും അതിനോട് സഞ്ജുവിന്റെ വിമർശനവും ഉൾപ്പെടെയെല്ലാം ‘പ്രാങ്കി’ന്റെ ഭാഗമായിരുന്നുവെന്ന് രാജസ്ഥാൻ ട്വിറ്ററിലൂടെ വിശദീകരിച്ചിരുന്നു.

ടീമുമായി  ബന്ധപ്പെട്ട വാർത്തകൾക്കും ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കുമായി ആരാധകർ ആശ്രയിക്കുന്ന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി രാജസ്ഥാൻ റോയൽസ് ഇത്തരമൊരു നാടകം കളിച്ചത് ശരിയായില്ലെന്നാണ് വലിയൊരു വിഭാഗം ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ശ്രദ്ധ നേടാനും സോഷ്യൽ മീഡിയ വഴിയുള്ള ആശയവിനിമയം വർധിപ്പിക്കാനും ഇതിലും നല്ല വഴികളില്ലേ എന്നാണ് ഇവരുടെ ചോദ്യം. ആരാധകരെ ആകർഷിക്കാനും രസിപ്പിക്കാനുമായി ഒരുക്കിയ പ്രാങ്കിലൂടെ പുലിവാലു പിടിച്ച അവസ്ഥയിലാണ് ടീം.

രാജസ്ഥാൻ റോയൽ‍സിനെതിരെ ആരാധകർ തിരിയാനിടയായ സംഭവം ഇങ്ങനെ: സഞ്ജു സാംസണിന്റെ ചിത്രം എഡിറ്റ് ചെയ്ത് കോമാളി രൂപത്തിൽ അവതരിപ്പിച്ചത് രാജസ്ഥാന്റെ ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ടതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. സഞ്ജുവിനെ നീല നിറത്തിലുള്ള തലപ്പാവ് അണിയിച്ച തരത്തിലായിരുന്നു ചിത്രം. എന്നാൽ, ചിത്രത്തിനെതിരെ വിമർശനവുമായി സഞ്ജു നേരിട്ട് രംഗത്തെത്തി. ‘സുഹൃത്തുക്കളാണ് ഇത്തരത്തിൽ ചെയ്യുന്നതെങ്കിൽ കുഴപ്പമില്ല, പക്ഷേ ടീമുകൾ പ്രഫഷനലാകണം’– ഇതായിരുന്നു സഞ്ജുവിന്റെ മറുപടി.

സഞ്ജുവിന്റെ പ്രതിഷേധത്തിനു പിന്നാലെ ക്ലബ് അധികൃതർ ചിത്രം ഡിലീറ്റ് ചെയ്തെങ്കിലും അതിനകംതന്നെ ചിത്രവും സഞ്ജുവിന്റെ മറുപടിയും വൈറലായി. ഇതിനു പിന്നാലെ ക്ലബ് അധികൃതർ ട്വിറ്ററിലൂടെത്തന്നെ വിശദീകരണവുമായി രംഗത്തെത്തി. സോഷ്യൽ മീഡിയ നയത്തിൽ കാര്യമായ വ്യത്യാസം വരുത്തുമെന്നും ഇപ്പോഴത്തെ ടീമിനെ പിരിച്ചുവിടുമെന്നും അവർ വിശദീകരിച്ചു. സഞ്ജുവിന്റെ പരാതിക്കു പിന്നാലെ മുഖ്യ പരിശീലകൻ കുമാർ സംഗക്കാര, സിഇഒ ജെയ്ക്ക് ലഷ് മക്ഗ്രം, താരങ്ങളായ രവിചന്ദ്രൻ അശ്വിൻ, ജോസ് ബട്‌ലർ തുടങ്ങിയവർ സോഷ്യൽ മീഡിയാ ടീമുമായി സംസാരിക്കുന്ന തരത്തിലുള്ള വിഡിയോകളും അധികൃതർ പങ്കുവച്ചു.

എന്നാൽ, ഇതെല്ലാം വെറും പ്രാങ്കായിരുന്നുവെന്ന് പിന്നീട് രാജസ്ഥാൻ ട്വിറ്ററിലൂടെത്തന്നെ അറിയിക്കുകയായിരുന്നു. അപ്പോഴേക്കും സഞ്ജുവിനെതിരായ അധിക്ഷേപവും താരത്തിന്റെ പ്രതികരണവുമെല്ലാം ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായി. സഞ്ജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ രംഗത്തെത്തുകയും ചെയ്തു. സഞ്ജുവിനെ അധിക്ഷേപിച്ചത് ശരിയായില്ലെന്ന് ഒരുവിഭാഗം ആരാധകരും, സഞ്ജുവിന് തമാശകളെ തമാശകളായി കാണാൻ കഴിയുന്നില്ലെന്നും ഇക്കാര്യത്തിൽ അദ്ദേഹം യുസ്‌വേന്ദ്ര ചെഹലിനെ കണ്ടു പഠിക്കണമെന്നും മറുവിഭാഗവും നിലപാടെടുത്തു. ഇതിനിടെയാണ് എല്ലാം പ്രാങ്കായിരുന്നുവെന്ന വെളിപ്പെടുത്തൽ വരുന്നത്.

English Summary: Fans extremely disappointed with Rajasthan Royals' 'sacking' prank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com