ADVERTISEMENT

ഗ്രനാഡ∙ സംഭവബഹുലമായ മൂന്നാം ദിനത്തിനൊടുവിൽ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് തോൽവിയുടെ വക്കിൽ. ഒന്നാം ഇന്നിങ്സിൽ 93 റൺസിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട്, മൂന്നാം ദിനം കളി നിർത്തുമ്പോൾ 53 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എന്ന നിലയിലാണ്. രണ്ടു വിക്കറ്റ് മാത്രം കയ്യിലിരിക്കെ ആകെയുള്ളത് 10 റൺസിന്റെ നേരിയ ലീഡ്. രണ്ടു ദിവസത്തെ കളി പൂർണമായും ബാക്കിനിൽക്കെ വെസ്റ്റിൻഡീസ് വിജയത്തിന്റെ വക്കിലാണ്. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകൾ സമനിലയിൽ അവസാനിച്ചതിനാൽ ഈ മത്സരം ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.

ഒന്നാം ഇന്നിങ്സിൽ വാലറ്റക്കാരെ കൂട്ടുപിടിച്ച് വിക്കറ്റ്‍ കീപ്പർ ബാറ്റർ ജോഷ്വ ഡസിൽവ നടത്തിയ പോരാട്ടമാണ് വിൻഡീസിന് കരുത്തായത്. ഡസിൽവ (100*) സെഞ്ചുറി നേടി. ഒന്നാം ഇന്നിങ്സിൽ 297 റൺസെടുത്ത വിൻഡീസ് 94 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. വാലറ്റത്ത് അൽസാരി ജോസഫ് (28), കെമർ റോച്ച് (25), ജയ്ഡൻ സീലസ് (13) എന്നിവരുടെ പോരാട്ടവും വിൻഡീസ് ഇന്നിങ്സിന് കരുത്തായി.

രണ്ടാം ഇന്നിങ്സിൽ ഇംഗ്ലിഷ് നിരയിൽ രണ്ടക്കം കണ്ടത് വെറും രണ്ടു പേർ മാത്രമാണ്. 132 പന്തിൽ രണ്ടു ഫോറുകളോടെ 31 റൺസെടുത്ത ഓപ്പണർ അലക്സ് ലീസ്സാണ് നിലവിൽ അവരുടെ ടോപ് സ്കോറർ. ജോണി‍ ബെയർസ്റ്റോ 82 പന്തിൽ രണ്ടു ഫോറുകൾ സഹിതം 22 റൺസെടുത്തും പുറത്തായി. ഓപ്പണർ സാക് ക്രൗളി (8), ക്യാപ്റ്റൻ ജോ റൂട്ട് (5), ഡാനിയൽ ലോറൻസ് (0), ബെൻ സ്റ്റോക്സ് (4), ബെൻ ഫോക്സ് (2), ക്രെയ്ഗ് ഓവർട്ടൻ (1) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ പുറത്തായ മറ്റ് ഇംഗ്ലിഷ് താരങ്ങൾ. ക്രിസ് വോക്സ് ഒൻപതു റൺസോടെയും ജാക്ക് ലീച്ച് ഒരു റണ്ണോടെയും ക്രീസിൽ.

ഒന്നാം ഇന്നിങ്സിൽ എട്ടിന് 90 റൺസെന്ന നിലയിൽ തകർന്ന ശേഷം വാലറ്റക്കാരുടെ മികവിൽ 204 വരെയെത്തിയ പ്രകടനത്തിന്റെ ആവർത്തനമാകും രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ആഗ്രഹിക്കുക. ഒന്നാം ഇന്നിങ്സിൽ 10–ാം വിക്കറ്റിൽ 90 റൺസ് കൂട്ടിച്ചേർത്താണ് ഇംഗ്ലണ്ട് കൂട്ടത്തകർച്ചയിൽനിന്ന് ഒരു പരിധിവരെ കരകയറിയത്. ജാക്ക് ലീച്ച് 41 റൺസോടെ പുറത്താകാതെ നിന്നപ്പോൾ പതിനൊന്നാമൻ സാക്വിബ് മഹ്മൂദ് 49 റൺസെടുത്ത് പുറത്തായിരുന്നു. 13 ഓവറിൽ ഒൻപത് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൈൽ മയേഴ്സാണ് ഇംഗ്ലിഷ് ബാറ്റിങ് നിരയെ തൂത്തെറിഞ്ഞത്. ജെയ്ഡൻ സീലെസ് 10 ഓവറിൽ 24 റൺസ് വഴങ്ങിയും അൽസാരി ജോസഫ് 12 ഓവറിൽ 34 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

അതേസമയം, ‘വാലിൽക്കുത്തി’ നടത്തിയ പോരാട്ടമാണ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസിനും രക്ഷയായത്. എട്ടിന് 232 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച വെസ്റ്റിൻഡീസിനായി വാലറ്റം ഒൻപതാം വിക്കറ്റിലും 10–ാം വിക്കറ്റിലും അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു. ഒരു ഘട്ടത്തിൽ ഏഴിന് 128 റൺസെന്ന നിലയിൽ തകർന്ന വിൻഡീസിന് കരുത്തായതും വാലറ്റക്കാരെ കൂട്ടുപിടിച്ച് വിക്കറ്റ്‍ കീപ്പർ ബാറ്റർ ജോഷ്വ ഡസിൽവ നടത്തിയ പോരാട്ടം തന്നെ. 257 പന്തുകൾ നേരിട്ട ഡസിൽവ 100 റൺസുമായി പുറത്താകാതെ നിന്നു. 10 ഫോറുകൾ ഉൾപ്പെടുന്നതാണ് ഡസിൽവയുടെ ഇന്നിങ്സ്.

ഒൻപതാം വിക്കറ്റിൽ കെമർ  റോച്ചിനൊപ്പം 133 പന്തിൽ 68 റൺസ് കൂട്ടിച്ചേർത്ത ഡസിൽവ, അവസാന വിക്കറ്റിൽ ജയ്ഡൻ സീലെസിനെ കൂട്ടുപിടിച്ച് 153 പന്തിൽ 52 റൺസും കൂട്ടിച്ചേർത്തു. അതിനു മുൻപ് അൽസാരി ജോസഫിനൊപ്പം ഏഴാം വിക്കറ്റിൽ മറ്റൊരു അർധസെഞ്ചുറി കൂട്ടുകെട്ട് കൈവിട്ടത് തലനാരിഴയ്ക്ക്. 129 പന്തിൽ ഡസിൽവ – അൽസാരി സഖ്യം കൂട്ടിച്ചേർത്തത് 49 റൺസ്. ആറാം വിക്കറ്റിൽ കൈൽ മയേഴ്സിനൊപ്പം 70 പന്തിൽ 33 റൺസും ഡസിൽവ കൂട്ടിച്ചേർത്തു. അൽസാരി ജോസഫ് 59 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 28 റൺസെടുത്തു. റോച്ച് 82 പന്തിൽ നാലു ഫോറുകളോടെ 25 റൺസും സീലസ് 59 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 13 റൺസുമെടുത്തു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്നും ക്രെയ്ഗ് ഓവർട്ടൻ, സാക്വിബ് മഹ്മൂദ്, ബെൻ സ്റ്റോക്സ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ജോ റൂട്ടിനാണ് ശേഷിക്കുന്ന വിക്കറ്റ്.

English Summary: West Indies on brink of series win after England collapse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com