ADVERTISEMENT

മുംബൈ∙ ടിം ഡേവിഡ് ആ അനായാസ ക്യാച്ച് കൈവിട്ടിരുന്നില്ലെങ്കിൽ.... ഡൽഹി ക്യാപിറ്റൽസിനെതിരെ അനായാസം ജയിക്കേണ്ടിയിരുന്ന മത്സരം അൽപം അവിശ്വസനീയമായി മുംബൈ ഇന്ത്യൻസ് കൈവിടുന്നതു കണ്ടപ്പോൾ കടുത്ത മുംബൈ ആരാധകർ തീർച്ചയായും മനസ്സിൽ ഇതേ കാര്യം ആവർത്തിച്ചിരിക്കും. 17 പന്തിൽ 38 റൺസടിച്ച് ലളിത് യാദവിനൊപ്പം ഡൽഹിയെ വിജയത്തിലെത്തിച്ച അക്ഷർ പട്ടേലിനെ, വ്യക്തിഗത സ്കോർ 15ൽ നിൽക്കെ മലയാളി താരം ബേസിൽ തമ്പിയാണ് ലോങ് ഓണിൽ ടിം ഡേവിഡിന്റെ കൈകളിലെത്തിച്ചത്.

അനായാസമെന്ന് പറയാവുന്ന ക്യാച്ച് ടിം ഡേവിഡ് അവിശ്വസനീയമായി കൈവിട്ടതോടെ മുംബൈയ്ക്ക് നഷ്ടമായത് 10 വർഷത്തിനിടെ ആദ്യമായി സീസണിലെ ആദ്യ മത്സരം ജയിക്കാനുള്ള അവസരമാണ്; ബേസിൽ തമ്പിക്ക് ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനത്തിനുള്ള അവസരവും! ഇതേ പന്തിൽ റണ്ണൗട്ടിനും അവസരമുണ്ടായിരുന്നെങ്കിലും ബേസിൽ തമ്പിക്കും അത് മുതലാക്കാനായില്ല. മത്സരത്തിലാകെ നാല് ഓവറിൽ 35 റൺസ് വഴങ്ങി ബേസിൽ തമ്പി മൂന്നു വിക്കറ്റാണ് വീഴ്ത്തിയത്. കരിയറിലെ മികച്ച പ്രകടനം 2017ൽ 29 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തതാണ്.

ഇത്തവണ അക്ഷർ പട്ടേലിനെക്കൂടി പുറത്താക്കാനായിരുന്നെങ്കിൽ നാലു വിക്കറ്റുമായി ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ താരത്തിന് തിരിച്ചുവരവ് പ്രഖ്യാപിക്കാമായിരുന്നു. മത്സരത്തിൽ ഡൽഹി ഇന്നിങ്സിലെ കരുത്തരായ പൃഥ്വി ഷാ, റൂവ്മൻ പവൽ, ഷാർദുൽ ഠാക്കൂർ എന്നിവരെയാണ് ബേസിൽ പുറത്താക്കിയത്. ജസ്പ്രീത് ബുമ്ര ഉൾപ്പെടെയുള്ള മുംബൈയുടെ വജ്രായുധങ്ങൾ നിറംമങ്ങിയപ്പോഴാണ് ബേസിൽ തമ്പി തകർപ്പൻ പ്രകടനം പുറത്തെടുത്തത്.

ബേസിലിന് നാലാം വിക്കറ്റ് നഷ്ടമായതിനേക്കാൾ, അക്ഷർ പട്ടേലിന്റെ ക്യാച്ച് ടിം ഡേവിഡ് കയ്യിലൊതുക്കിയിരുന്നെങ്കിൽ മുംബൈയ്ക്ക് ജയിക്കാമായിരുന്നു എന്നതാണ് വസ്തുത. നാല് ഓവറിൽ ഡൽഹിക്ക് വിജയത്തിലേക്ക് 41 റൺസ് എന്ന നിലയിൽ നിൽക്കെയാണ് ടിം ഡേവിഡ് അക്ഷറിനെ കൈവിട്ടത്. അതിനുശേഷം 13 പന്തിൽ നിന്ന് ലളിത് യാദവ് – അക്ഷർ പട്ടേൽ സഖ്യം അടിച്ചുകൂട്ടിയത് 42 റൺസാണ്. അതിൽ അക്ഷറിന്റെ സംഭാവന ഏഴു പന്തിൽ 23 റൺസ്. അതിൽ രണ്ടു വീതം സിക്സും ഫോറുമുണ്ട്. അക്ഷർ പുറത്തായിരുന്നെങ്കിൽ പിന്നീട് വരേണ്ടിയിരുന്നത് ബാറ്റിങ്ങിൽ അത്ര മികവ് അവകാശപ്പെടാനില്ലാത്ത ഖലീൽ അഹമ്മദ്, കുൽദീപ് യാദവ്, കംലേഷ് നാഗർകോട്ടി എന്നിവരായിരുന്നുവെന്നതും ഇതിനോടു ചേർത്തു വായിക്കണം.

∙ ബേസിലിന്റെ തിരിച്ചുവരവ്

2017ലെ ഐപിഎൽ സീസണിൽ 12 കളികളിൽനിന്ന് 11 വിക്കറ്റെടുത്ത് എമർജിങ് പ്ലേയർ പുരസ്കാരം സ്വന്തമാക്കിയാണ് ബേസിൽ തമ്പി ഐപിഎലിൽ വരവറിയിച്ചത്. ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് ടീമുകൾക്ക് ഐപിഎൽ ഒത്തുകളിയുടെ പശ്ചാത്തലത്തിൽ വിലക്ക് ലഭിച്ച ആ സീസണിൽ, പകരം വന്ന ഗുജറാത്ത് ലയൺസ് 85 ലക്ഷം രൂപയ്ക്കാണ് ബേസിലിനെ സ്വന്തമാക്കിയത്. പിന്നീട് 2018ൽ താരം സൺറൈസേഴ്സ് ഹൈദരാബാദിലേക്കു മാറി. നാല് ഓവറിൽ 70 റണ്‍സ് വഴങ്ങിയ ബേസിലിന്റെ ‘കുപ്രസിദ്ധ’മായ സ്പെൽ പിറന്നത് സൺറൈസേഴ്സ് ജഴ്സിയിലാണ്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയായിരുന്നു തമ്പിയുടെ ഈ പ്രകടനം. അതിനുശേഷം കാര്യമായ അവസരങ്ങൾ ലഭിക്കാതെ പോയ താരത്തിന്റെ ശക്തമായ തിരിച്ചുവരവാണ് ഇത്തവണ മുംബൈ ജഴ്സിയിൽ കണ്ടത്.

English Summary: Basil Thampi Returns To IPL With A Wonderful Performance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com