ADVERTISEMENT

ബെംഗളൂരു ∙ സി.കെ.നായിഡു അണ്ടർ 25 ക്രിക്കറ്റ് ടൂർണമെന്റിൽ ഹിമാചൽ പ്രദേശിനെതിരെ കേരളത്തിന് ഇന്നിങ്സ് ജയം. ഒരു ദിവസത്തെ കളി ബാക്കിനിൽക്കെ കേരളം ഹിമാചൽ പ്രദേശിനെ ഇന്നിങ്സിനും 38 റൺസിനുമാണ് തോൽപ്പിച്ചത്. കേരളത്തിനെതിരെ 201 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് കടവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽ, 39 ഓവറിൽ വെറും 163 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ, എലീറ്റ് ഗ്രൂപ്പ് എഫിൽ രണ്ടു മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി ഉത്തർപ്രദേശിനെ മറികടന്ന് കേരളം ഒന്നാമതെത്തി. സ്കോർ: ഹിമാചൽ പ്രദേശ് – 135 & 163, കേരളം – 336

രണ്ടാം ഇന്നിങ്സിലും അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച എഫ്‍. ഫാനൂസ്, രണ്ട് ഇന്നിങ്സിലുമായി 11 വിക്കറ്റുകൾ പിഴുത് കേരളത്തിന്റെ വിജയശിൽപിയായി. പുറത്താകാതെ 96 റൺസെടുത്ത് കേരളത്തിന്റെ ടോപ് സ്കോററായ അഖിൽ സ്കറിയ, രണ്ട് ഇന്നിങ്സുകളിലുമായി നാലു വിക്കറ്റും വീഴ്ത്തി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽ പ്രദേശ് മൂന്നാം ദിനമായ ഇന്ന് നാലു വിക്കറ്റ് നഷ്ടത്തിൽ 84 റൺസുമായാണ് ബാറ്റിങ് പുനരാരംഭിച്ചത്. ഇന്നിങ്സ് തോൽവിയൊഴിവാക്കാൻ അവർക്ക് വേണ്ടിയിരുന്നത് 117 റൺസ്. എന്നാൽ, കേരള ബോളർമാർ ഫനൂസിന്റെ നേതൃത്വത്തിൽ ആഞ്ഞടിച്ചതോടെ അവരുടെ ഇന്നിങ്സ് 163 റൺസിൽ അവസാനിച്ചു. ഓപ്പണർ കുശാൽ പാൽ 60 പന്തിൽ 37 റൺസെടുത്ത് ഹിമാചലിന്റെ ടോപ് സ്കോററായി. രാഘവ് ആർ. ബാലി (27), വാലിയ (23), ആർ. പുരോഹിത് (16), അൻപിത് എൻ. ഗുലേറിയ (പുറത്താകാതെ 30) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നൽകി.

കേരളത്തിനായി എഫ്. ഫനൂസ് 14 ഓവറിൽ 61 റൺസ് മാത്രം വഴങ്ങിയാണ് ആറു വിക്കറ്റെടുത്തത്. ഇതോടെ ഫനൂസിന് മത്സരത്തിലാകെ 11 വിക്കറ്റ് ലഭിച്ചു. ഒന്നാം ഇന്നിങ്സിൽ 16 ഓവറിൽ 39 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഫനൂസിന്റെ നേതൃത്വത്തിലാണ് കേരളം ഹിമാചലിനെ 135 റൺസിൽ ഒതുക്കിയത്. എൻ.പി. ബേസിൽ 15 ഓവറിൽ 58 റൺസ് വഴങ്ങി രണ്ടും വിഷ്ണു പി. കുമാർ, അഖിൽ സ്കറിയ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, നാലിന് 134 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച കേരളത്തെ അഖിൽ സ്കറിയയുടെ ബാറ്റിങ്ങാണ് (96 നോട്ടൗട്ട്) 336ൽ എത്തിച്ചത്. 190 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 96 റൺസെടുത്ത അഖിലിന്, കൂട്ടുനിൽക്കാൻ ആളില്ലാതെ പോയതോടെയാണ് സെഞ്ചുറി നഷ്ടമായത്.

ക്യാപ്റ്റൻ വത്സൽ ഗോവിന്ദ് (73 പന്തിൽ 48), ഷോൺ റോജർ (68 പന്തിൽ 38), സൽമാൻ നിസാർ (68 പന്തിൽ 37), ടി. നിഖിൽ (44 പന്തിൽ 25), എൻ.പി. ബേസിൽ (17 പന്തിൽ 17), വിഷ്ണു പി. കുമാർ (35 പന്തിൽ 13), ആദിത്യ കൃഷ്ണൻ (40 പന്തിൽ 16) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

English Summary: Kerala VS Himachal Pradesh, Col. C.K. Nayudu Trophy 2022 Match, Day 3 -Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com