ADVERTISEMENT

ഇസ്ലാമാബാദ്∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ഉടച്ചുവാർക്കുമെന്നും അതിനു ശേഷം പിസിഎൽ വേണ്ടെന്നുവച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കളിക്കാൻ ഏത്ര താരങ്ങൾ പോകുമെന്നു കാത്തിരുന്നു കാണാം എന്ന പഴയ നിലപാടിൽനിന്നു പിന്നാക്കം പോയി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ റമീസ് രാജ. തന്റെ വാക്കുകളെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നു റമീസ് രാജ ഞായറാഴ്ച പറഞ്ഞു.

കഴിഞ്ഞ മാസം രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ റമീസ് രാജ പറഞ്ഞത് ഇങ്ങനെ, ‘ ഇതു പണത്തിന്റെ കളിയാണ്. ക്രിക്കറ്റിൽനിന്നുള്ള വരുമാനം ഉയർന്നാൽ രാജ്യാന്തര തലത്തിൽ ഞങ്ങൾക്കു ലഭിക്കുന്ന അംഗീകാരവും വർധിക്കും. 

രാജ്യത്തെ ക്രിക്കറ്റ് വരുമാനത്തിന്റെ പ്രധാന മുതൽക്കൂട്ട് പിഎസ്എല്ലാണ്. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ താരലേലം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിലവിൽ വരികയും ടൂർണമെന്റിന്റെ ചെലവു വർധിപ്പിക്കുകയും ചെയ്താൽ, പിസിഎൽ വേണ്ടെന്നുവച്ച് ആരൊക്കെ ഐപിഎല്ലിനു പോകും എന്നു കാത്തിരുന്നു കാണം.’ പ്രതികരണത്തിനു പിന്നാലെ മുൻ ഇന്ത്യൻ താരങ്ങള്‍ അടക്കം ഒട്ടേറെ ആളുകൾ രാജയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. 

എന്നാൽ ഞായറാഴ്ച, സ്പോർട്സ് പോർട്ടലായ ക്രിക്കബസിനോടു പ്രതികരിക്കവെയാണു തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നു റാജ പറഞ്ഞത്. ‘എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ എവിടെയാണെന്നും പാക്കിസ്ഥാനിലെത് എവിടെയെന്നും എനിക്കു നന്നായി അറിയാം. പാക്കിസ്ഥാൻ സൂപ്പർ ലീഗ് വിപുലമാക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ലേലം ഉൾപ്പെടെയുള്ള നടപടികൾ ടൂർണമെന്റിൽ കൊണ്ടുവരുന്ന കാര്യവും ആലോചനയിലുണ്ട്. അത്രെയുള്ളു’– രാജ പറഞ്ഞു.

അതേ സമയം, അടുത്ത ആഴ്ച ദുബായിൽ നടക്കുന്ന ഐസിസി കൂടിക്കാഴ്ചയിൽ ഇന്ത്യ, പാക്കിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾ ഉൾപ്പെടുന്ന ചതുർരാഷ്ട്ര ടൂർണമെന്റ് നടത്തുന്നതിനുള്ള നിർദേശങ്ങൾ ഔദ്യോഗികമായി സമർപ്പിക്കാനുള്ള ഒരുക്കത്തിലാണു റമീസ് രാജ. ‘ഐസിസി ഇതിനെ എങ്ങനെ നോക്കിക്കാണും എന്ന് എനിക്ക് അറിയില്ല. പക്ഷേ രാജ്യങ്ങൾ തമ്മിലുള്ള ഭിന്നത എത്രകാലമാണു നമ്മെ മുന്നോട്ടു നയിക്കേണ്ടത്? 

ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു റെക്കോർഡ് കാണികളാണ് ഉണ്ടായിരുന്നത്. ആരാധകർക്കു പ്രിയം ഇതാണെങ്കിൽ, അതു നൽകാൻ നമുക്കു തടസ്സമെന്താണ്’?– റമീസ് രാജയുടെ വാക്കുകൾ.  

 

English Summary: 'I know where India's economy is': Ramiz Raja clarifies 'we'll see who goes to play IPL over PSL' remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com