ADVERTISEMENT

മുംബൈ∙ ശ്രീലങ്കയിൽ ആഴ്ചകളായി തുടരുന്ന അസന്തുലിതാവസ്ഥയ്ക്കും പ്രതിഷേധത്തിനുമിടെ, നാട്ടിലുള്ളവർക്ക് ഐക്യദാർധ്യവുമായി രാജസ്ഥാൻ റോയൽസ് പരിശീലകൻ കുമാർ സംഗക്കാര, മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനെ, പഞ്ചാബ് കിങ്സ് വിക്കറ്റ് കീപ്പർ ബാറ്റർ ഭാനുക രജപക്സ എന്നിവർ. 

രാജ്യത്ത് കർഫ്യുവും അടിയന്തരാവസ്ഥയും നിലവിൽ വന്നതിൽ സങ്കടമുണ്ടെന്നും ജനങ്ങൾക്കു പ്രതിഷേധിക്കാനുള്ള അവകാശത്തെ കണ്ടില്ലെന്നു നടിക്കാൻ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്നും മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയായ ജയവർധനെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.‌

‘കഷ്ടതകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ശ്രീലങ്കൻ ജനങ്ങള്‍ക്ക് അടിയന്തര സംരക്ഷണം നൽകുന്നതിനു മാർഗമുണ്ടാക്കണം. മനുഷ്യനിർമിതമാണ് ഈ പ്രശ്നങ്ങൾ. അതുകൊണ്ടുതന്നെ വിദഗ്ധർക്ക് ഇതിനു പരിഹാരം കാണാനും സാധിക്കും. സമയം കളയാനില്ല. ഉണർന്നു പ്രവർത്തിക്കൂ’– ജയവർധനെയുടെ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ.

‘ഏറ്റവും കഠിനമായ കാലഘട്ടത്തിലൂടെയാണു ശ്രീലങ്ക കടന്നുപോകുന്നത്. ഓരോ ദിവസവും പിടിച്ചുനിൽക്കാനും, അന്നത്തിനു വക കണ്ടെത്താനു മുള്ള ലങ്കൻ ജനതയുടെ കഷ്ടപ്പാടുകൾ ഹൃദയം തകർക്കുന്നു. ഓരോ ദിവസം കഴിയുന്തോറും ദുരിതം ഏറി വരികയാണ്. പ്രശ്നത്തിനുള്ള പരിഹാരമാണ് ആവശ്യം. ലങ്കയിലെ ജനങ്ങളെ ശതൃക്കളായി കാണരുത്. ശ്രീലങ്കയിലെ ആളുകൾ തന്നെയാണ് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത്. സമയം വളരെ വേഗം കടന്നുപോകുകയാണ്. ലങ്കൻ ജനതയെ എത്രയും വേഗം സംരക്ഷിക്കൂ’– കുമാർ സംഗക്കാര ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ. 

പഞ്ചാബ് കിങ്സ് താരം ഭാനുക രജപക്സയും ലങ്കൻ ജനതയ്ക്കായി ഇൻസ്റ്റഗ്രാമിൽ സന്ദേശം പങ്കുവച്ചു. ‘ഒട്ടേറെ മൈലുകൾ അകലെയാണെങ്കിലും ലങ്കൻ സോദരരുടെ അമർഷം എനിക്ക് അനുഭവപ്പെടുന്നുണ്ട്. ഓരോ ദിവസവും കടന്നു കിട്ടാൻ പ്രയാസപ്പെടുകയാണ് അവർ. ഇപ്പോൾ അവര്‍ക്കു മൗലികാവകാശങ്ങൾ പോലും നിഷേധിച്ചിക്കപ്പെട്ടു. 

2 കോടി ആളുകളുടെ ശബ്ദം അവഗണിക്കാനാകില്ല. ശ്രീലങ്കക്കാരുടെ ആശങ്കകൾ കേട്ടേ മതിയാകൂ. ഭയപ്പാടോടെയാണ് അവർ ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്. ശ്രീലങ്കൻ ജനത ഇതല്ല അർഹിക്കുന്നത്’- രജപക്സ കുറിച്ചു.

 

English Summary: IPL 2022: Mahela Jayawardene, Kumar Sangakkara and Bhanuka Rajapaksa Pen Heartfelt Notes on Situation in Sri Lanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com