ADVERTISEMENT

ആരെയും ഭയക്കാത്ത, ഏത് രാജ്യത്തുപോയാലും പരമ്പര ജയിച്ച് തിരിച്ചുവരാൻ കെൽപുള്ള, സ്വന്തം മണ്ണിൽ സന്ദർശക ടീമുകളെ നിലം തൊടാൻ അനുവദിക്കാത്ത, ‘മൈറ്റി ഓസീസ്’ എന്ന വിളിപ്പേര് ഒരു ആഡംബരമായി കൊണ്ടുനടക്കുന്നത് ഓസ്ട്രേലിയൻ പുരുഷ ക്രിക്കറ്റ് ടീം ആണെങ്കിലും അതിന്റെ യഥാർഥ അവകാശികൾ തങ്ങളാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് 7–ാം ലോക കിരീട നേട്ടത്തിലൂടെ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം.

12 വനിതാ ഏകദിന ലോകകപ്പിലും സെമി ഫൈനൽ കളിച്ച, ഇതിൽ 7 തവണ കിരീടം സ്വന്തമാക്കിയ ഓസീസ് വനിതകളോളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ മറ്റൊരു ടീമിനും ഇതുവരെ സാധിച്ചിട്ടില്ല. ഇതോടൊപ്പം 5 ട്വന്റി20 ലോകകപ്പ് കൂടി ഓസ്ട്രേലിയൻ വനിതകളുടെ പോക്കറ്റിലുണ്ടെന്ന് അറിയുമ്പോഴാണ് വനിതാ ക്രിക്കറ്റിൽ ഇവരുടെ ആധിപത്യം എത്രത്തോളമാണെന്ന് മനസ്സിലാകുക.

∙ തുടക്കം മുതൽ തേരോട്ടം

1973ൽ, പുരുഷ ലോകകപ്പ് തുടങ്ങുന്നതിനും രണ്ട് വർഷം മുൻപ് ഇംഗ്ലണ്ടിൽ പ്രഥമ വനിതാ ക്രിക്കറ്റ് ലോകകപ്പ് അരങ്ങേറി. അന്ന് ഫൈനലിൽ ഇംഗ്ലണ്ടിനോടു പൊരുതിത്തോൽക്കാനായിരുന്നു ഓസ്ട്രേലിയയുടെ വിധി. എന്നാൽ 1978ൽ നഷ്ടപ്പെട്ട കിരീടം അവർ തിരിച്ചുപിടിച്ചു. പിന്നീട് തുടർച്ചയായ 3 കിരീട നേട്ടങ്ങൾ. 1997ൽ തങ്ങളുടെ നാലാം കിരീടം സ്വന്തമാക്കിയ അവർ 2005ലും 2013ലും ഈ നേട്ടം ആവർത്തിച്ചു. 2017ൽ സെമി ഫൈനലിൽ ഇന്ത്യയോടു പൊരുതിവീണതിന്റെ ക്ഷീണം ഇത്തവണത്തെ കിരീട നേട്ടത്തോടെ മറികടക്കാനും അവർക്കു സാധിച്ചു.

∙ സർവാധിപത്യം

2000ന്റെ തുടക്കത്തിൽ ക്രിക്കറ്റ് ലോകം അടക്കിഭരിച്ച ഓസ്ട്രേലിയൻ പുരുഷ ക്രിക്കറ്റ് ടീമിനെ ഓർമിപ്പിക്കും വിധമാണ് ഇത്തവണത്തെ ടൂർണമെന്റിൽ വനിതാ ടീം കളിച്ചത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ 12 റൺസിന് തകർത്താണ് ഓസ്ട്രേലിയ തങ്ങളുടെ ജൈത്രയാത്ര തുടങ്ങുന്നത്. അടുത്ത മത്സരത്തിൽ പാക്കിസ്ഥാനെ 7 വിക്കറ്റിന് തകർത്തു. ന്യൂസീലൻഡുമായുള്ള തൊട്ടടുത്ത മത്സരത്തിൽ ഓസ്ട്രേലിയയുടെ ജയം 141 റൺസിനായിരുന്നു. അടുത്ത മത്സരത്തിൽ വെസ്റ്റിൻഡീസിനെ 7 വിക്കറ്റിനു തോൽപിച്ചു.

ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിലും 6 വിക്കറ്റ് ജയവുമായി ഓസ്ട്രേലിയ അജയ്യരായി തുടർന്നു. കരുത്തരായ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയോട് 5 വിക്കറ്റ് തോൽവി വഴങ്ങി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബംഗ്ലദേശിനെ 5 വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ രാജകീയമായിത്തന്നെ സെമിയിൽ പ്രവേശിച്ചു. വെസ്റ്റിൻഡീസായിരുന്നു സെമിയിലെ എതിരാളികൾ. 157 റൺസിനാണ് സെമിയിൽ വെസ്റ്റിൻഡീസിനെ ഓസ്ട്രേലിയ കശക്കിയെറിഞ്ഞത്.

ഓസ്ട്രേലിയൻ വനിതകളുടെ ആഹ്ലാദ പ്രകടനം (ട്വിറ്റർ ചിത്രം)
ഓസ്ട്രേലിയൻ വനിതകളുടെ ആഹ്ലാദ പ്രകടനം (ട്വിറ്റർ ചിത്രം)

∙ ഫൈനൽ ഫ്ലാഷ് ബാക്

2003 പുരുഷ ഏകദിന ലോകകപ്പ് ഫൈനലിന്റെ ഏറെക്കുറെ പുനരാവിഷ്കരണമായിരുന്നു ഇത്തവണത്തെ വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ കണ്ടത്. അന്ന് ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയച്ചപ്പോൾ ഇവിടെ ടോസ് ജയിച്ച ഇംഗ്ലിഷ് ക്യാപ്റ്റൻ ഹീതർ നൈറ്റും ബോളിങ്ങായിരുന്നു തിരഞ്ഞെടുത്ത്. അന്ന് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിന്റെ സെഞ്ചുറിയുടെ ബലത്തിൽ 359 റൺസായിരുന്നു ഓസ്ട്രേലിയ അടിച്ചു കൂട്ടിയത്. വനിതാ ക്രിക്കറ്റ് ഫൈനലിലാകട്ടെ ഓപ്പണർ അലീസ ഹീലിയുടെ സെഞ്ചുറി ഓസ്ട്രേലിയയെ 356 റൺസ് എന്ന പടുകൂറ്റൻ ടോട്ടലിൽ എത്തിച്ചു.

ഒരു ലോകകപ്പ് ഫൈനലിൽ 300 റൺസിനു മീതെയുള്ള ഏതു ലക്ഷ്യവും ചേസിങ് ടീമിനെ മാനസികമായി തളർത്തുമെന്ന് 2003ലെ ക്രിക്കറ്റ് ലോകകപ്പിൽ ക്രിക്കറ്റ് ആരാധകർ തിരിച്ചറിഞ്ഞതാണ്. അതിന്റെ തനിയാവർത്തനമായിരിരുന്നു വനിതാ ലോകകപ്പ് ഫൈനലിലും കണ്ടത്. അന്ന് ഇന്ത്യയ്ക്കു വേണ്ടി വിരേന്ദർ സേവാഗ് അർധ സെഞ്ചുറിയുമായി പൊരുതി നോക്കിയപ്പോൾ ഇത്തവണ ഇംഗ്ലണ്ടിനായി നാറ്റ് സിവർ പൊരുതിനേടിയ സെഞ്ചുറി പാഴായി. പതിവുപോലെ ലോക കിരീടം ഓസ്ട്രേലിയയിലേക്ക് പറന്നു.

stark-alisa

∙ എന്തൊരു ടീം

വനിതാ ക്രിക്കറ്റിലെ എവർ ഗ്രീൻ സ്റ്റാറായ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ എലിസ് പെറി നിറം മങ്ങിപ്പോയ ടൂർണമെന്റായിരുന്നു ഇത്തവണത്തേത്ത്. ടീമിലെ സീനിയർ താരവും ബോളിങ്ങിലും ബാറ്റിങ്ങിലും ടീമിന്റെ വിശ്വസ്തയുമായ ഒരു താരം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാതിരിക്കുമ്പോൾ സ്വാഭാവികമായും ഏതൊരു ടീമിന്റെയും പ്രകടനത്തെ അത് ദോഷകരമായി ബാധിക്കും. എന്നാൽ പെറിയുടെ ഫോം ഇല്ലായ്മ ഓസ്ട്രേലിയയെ തെല്ലുപോലും ബാധിച്ചില്ലെന്നു അവരുടെ ടൂർണമെന്റിലെ പ്രകടനം നോക്കിയാൽ മനസ്സിലാകും. 

അത്രയും ശക്തരായ ടീമുമായാണ് ഇത്തവണ അവർ ലോകകപ്പിന് വന്നത്. ടൂർണമെന്റിൽ ഏറ്റവും അധികം റൺസ് നേടിയവരുടെ പട്ടികയിൽ ആദ്യ 6 സ്ഥാനക്കാരിൽ 4 പേരും (അലീസ ഹീലി, റേച്ചൽ ഹെയ്നസ്, മെഗ് ലാനിങ്, ബെത് മൂണി) ഓസ്ട്രേലിയക്കാരാണ്. ബാറ്റിങ്ങിലെ ഈ സർവാധിപത്യം തന്നെയാണ് അവരുടെ കപ്പിലേക്കുള്ള ജെത്രയാതയ്ക്ക് ചുക്കാൻ പിടിച്ചതും. ബോളിങ്ങിൽ ജെസ് ജൊനാസെൻ, അലന കിങ് എന്നിവരും ആദ്യ 5ൽ ഇടം പിടിച്ചു. ഇതിനൊപ്പം ഫീ‍ൽഡിങ്ങിൽ പതിവ് ‘ഓസ്ട്രേലിയൻ സ്റ്റാൻഡേഡ്സ്’ കൂടി നിലനിർത്താൻ സാധിച്ചതോടെ ലോകകപ്പിലേക്കുള്ള യാത്ര ‘നിസാരമായി’.

∙ ഹീലിങ് ഹീലി

എപ്പോഴും ചിരിച്ചുപിടിച്ച മുഖവുമായി മാത്രം കാണാൻ സാധിക്കുന്ന താരമാണ് അലീസ ഹീലി. ഓസ്ട്രേലിയൻ ടീമിലെ ഏറ്റവും മികച്ച ബാറ്റർ ആരാണെന്ന് ചോദിച്ചാൽ മെഗ് ലാനിങ്ങിന്റെയും ബെത് മൂണിയുടെയുമെല്ലാം പേരു പറഞ്ഞതിനു ശേഷമായിരിക്കും ഹീലിയെക്കുറിച്ച് പലരും ചിന്തിക്കുക. പക്ഷേ, സ്ഥിരതയുടെ കാര്യത്തിൽ ഇവരെയെല്ലാം കടത്തിവെട്ടാൻ ഹീലിക്കു സാധിക്കും. പതിയെ തുടങ്ങി കൊട്ടിക്കയറുന്ന രീതിയാണ് ഹീലിയുടേത്. 

പരമാവധി ‘റിസ്ക് ഫ്രീ’ ഷോട്ടുകൾ കളിക്കാനാണ് എപ്പോഴും ശ്രമം. അതുകൊണ്ടുതന്നെ ഹീലിയുടെ സ്കോർ കാർഡിൽ സിക്സുകളുടെ എണ്ണം പലപ്പോഴും പൂജ്യമായിരിക്കും. ഒരു പവർ ഹിറ്റർ എന്നതിനെക്കാൾ ഉപരി ക്ലാസിക് ഷോട്ടുകളുടെ റൺസ് കണ്ടെത്തുന്ന താരം. ഫൈനലിലെ 170 റൺസ് നേട്ടത്തിലൂടെ ഒരു ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഏറ്റവും അധികം റൺസ് നേടുന്ന താരമെന്ന റെക്കോർഡും ഹീലി സ്വന്തമാക്കി.

 

English Summary: Mighty Australian women's team, lifts ODI World Cup for record seventh time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com