ADVERTISEMENT

കേപ്ടൗൺ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലെ കനത്ത തോൽവിക്കു പിന്നാലെ മത്സരത്തിനിടെയിലെ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ പെരുമാറ്റത്തിനെതിരെ ഐസിസിയോടു പരാതിപ്പെടാനൊരുങ്ങി ബംഗ്ലദേശ്. 274 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലദേശ് വെറും 53 റൺസിന് ഓൾഔട്ടായ മത്സരം ദക്ഷിണാഫ്രിക്ക 220 റൺസിനു ജയിച്ചിരുന്നു. സ്കോർ– ദക്ഷിണാഫ്രിക്ക: 367, 204; ബംഗ്ലദേശ് 298, 53.

മത്സരത്തിനിടെ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ സ്ലെഡ്ജിങ് പല തവണ അതിരുവിട്ടെന്നും അംപയർമാരുടെ ഭാഗത്തുനിന്നു പ്രശ്നപരിഹാരത്തിനായി യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും മത്സരശേഷം ബംഗ്ലദേശ് അധികൃതർ പ്രതികരിച്ചു. സംഭവത്തിൽ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡും കടുത്ത അതൃപ്തി രേഖപ്പെടുത്തി.

‘മഹ്മദുൽ ഹസൻ ജോയി ബാറ്റിങ്ങിന് എത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ താരങ്ങൾ അദ്ദേഹത്തെ വളഞ്ഞു. അവർ എന്തൊക്കെയോ ആക്രോശിക്കുന്നുണ്ടായിരുന്നു. ജൂനിയർ താരമായതിനാൽ മഹ്മുദുല്ലിനു തിരിച്ചു പ്രതികരിക്കാൻ കഴിഞ്ഞില്ല. ഇതോടെ അദ്ദേഹം നിരാശനായി. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനു പകരം ഞങ്ങളുടെ താരങ്ങളെ താക്കീതു ചെയ്യുകയാണ് അംപയർമാർ ചെയ്തത്’– ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഭാരവാഹി ജലാൽ യൂനസ് പ്രതികരിച്ചു.

‘ഏകദിന പരമ്പര അവസാനിച്ചപ്പോൾത്തന്നെ അംപയറിങ്ങിനെതിരെ ഔദ്യോഗികമായി ഒരു പരാതി ഞങ്ങൾ സമർപ്പിച്ചു കഴിഞ്ഞു. മാച്ച് റഫറിയും ഞങ്ങളുടെ മാനേജരും തമ്മിൽ വാക്കേറ്റം പോലും ഉണ്ടായി. ഞങ്ങൾ ഒരു പരാതി കൂടി നൽകും. ‌

ആദ്യ ടെസ്റ്റിലെ അംപയറിങ് നിഷ്പക്ഷമായിരുന്നെന്നു പറയാനാകില്ല. ആദ്യ ദിവസം മുതൽ തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. സൈറ്റ് സ്ക്രീൻ സംബന്ധിച്ച പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അര മണിക്കൂറോളം വൈകിയാണു മത്സരം തുടങ്ങിയത്. ആദ്യ ഓവറുകളിൽ ഞങ്ങൾക്കു ലഭിക്കേണ്ടിയിരുന്ന മേൽക്കൈ ഇതിലൂടെ നഷ്ടമായി.

അതിനു പകരമായി ലഞ്ച് സെഷൻ അര മണിക്കൂർ ദീർഘിപ്പിക്കുകയാണ് അവർ ചെയ്തത്. സാധാരണ ഗതിയിൽ മത്സരം നേരത്തെ തുടങ്ങുകയാണു ചെയ്യാറ്. ഇത് അംപയർമാരുടെ വേർതിരിവായാണ് അനുഭവപ്പെട്ടത്’– അദ്ദേഹത്തിന്റെ വാക്കുകൾ.

10 ഓവറിൽ 32 റൺസ് വഴങ്ങി 7 വിക്കറ്റെടുത്ത കേശവ് മഹാരാജ്, 9 ഓവറിൽ 21 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത സൈമൺ ഹാർമർ എന്നിവർ ചേർന്നാണ് 2–ാം ഇന്നിങ്സിൽ ബംഗ്ലദേശിനെ എറിഞ്ഞൊതുക്കിയത്. 19 ഓവർ മാത്രമാണു ബംഗ്ലദേശ് ഇന്നിങ്സ് നീണ്ടത്. 

 

English Summary: ‘Their sledging was unacceptable, deplorable. Umpires didn't control situation': Bangladesh to lodge official complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com