ആവേശം, ആകാംക്ഷ; ഒടുവിൽ ലക്നൗവിനെ 3 റൺസിന് വീഴ്ത്തി രാജസ്ഥാൻ

rr-celebration
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന രാജസ്ഥാൻ താരങ്ങൾ (ട്വിറ്റർ ചിത്രം)
SHARE

മുംബൈ∙ അരങ്ങേറ്റക്കാരന്റെ പതർച്ചയേതുമില്ലാതെ മാർക്കസ് സ്റ്റോയ്നിസെന്ന പവർഹിറ്ററെ ക്രീസിൽ തളച്ചിട്ട കുൽദീപ് സെന്നെന്ന മധ്യപ്രദേശുകാരൻ രാജസ്ഥാനെ ശരിക്കും ‘റോയലാക്കി’ . ഒരിക്കൽക്കൂടി ആരാധകരെ ആവേശത്തിന്റെ കൊടുമുടിയേറ്റിയ ഐപിഎൽ പോരാട്ടത്തിന്റെ സൂപ്പർ ക്ലൈമാക്സിനൊടുവിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. പൊരുതിക്കളിച്ച ലക്നൗവിനെ മൂന്നു റൺസിന്റെ നേരിയ മാർജിനിലാണ് രാജസ്ഥാൻ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ നേടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 165 റൺസ്. ലക്നൗവിന്റെ മറുപടി നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 162 റൺസിൽ അവസാനിച്ചു. വിജയത്തോടെ ആറു പോയിന്റുമായി രാജസ്ഥാൻ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ലക്നൗവിനും ആറു പോയിന്റുണ്ടെങ്കിലും അഞ്ചാം സ്ഥാനത്താണ്.

അവസാന ഓവറിൽ വിജയത്തിലേക്ക് 15 റൺസ് വേണ്ടിയിരിക്കെ അവസാന രണ്ടു പന്തുകളിൽ ഫോറും സിക്സും നേടിയ മാർക്കസ് സ്റ്റോയ്നിസിന് ലക്നൗവിനെ വിജയത്തിലെത്തിക്കാനായില്ല. ഓവറിലെ ആദ്യ പന്തിൽ ആവേശ് ഖാനെതിരെ സിംഗിൾ വഴങ്ങിയ കുൽദീപ് സെൻ, തുടർന്നുള്ള മൂന്നു പന്തുകളിൽ സ്റ്റോയ്നിസിനെ ക്രീസിൽ തളച്ചിട്ടതാണ് മത്സരഫലം രാജസ്ഥാന് അനുകൂലമാക്കിയത്. ഇതോടെ അവസാന പന്തുകളിലെ ഫോറും സിക്സും ലക്നൗവിന്റെ ഭാഗ്യം തെളിയാൻ പോരാതെ വന്നു. സീസണിലെ ആദ്യ മത്സരം കളിച്ച സ്റ്റോയ്നിസ് എട്ടാമനായി ഇറങ്ങി 17 പന്തിൽ 38 റൺസുമായി പുറത്താകാതെ നിന്നു. 17 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതമാണിത്. ആവേശ് ഖാൻ രണ്ടു പന്തിൽ ഒരു സിക്സ് സഹിതം ഏഴു റൺസോടെയും പുറത്താകാതെ നിന്നു.

166 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്നൗവിന്, ട്രെന്റ് ബോൾട്ടിന്റെ ആദ്യ ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ ക്യാപ്റ്റൻ കെ.എൽ. രാഹുൽ (0), കൃഷ്ണപ്പ ഗൗതം (0) എന്നിവരെ നഷ്ടമായതാണ് തിരിച്ചടിയായത്. തകർത്തടിക്കാനായില്ലെങ്കിലും കൂട്ടത്തകർച്ചയെ ചെറുത്ത് 16–ാം ഓവർ വരെ ക്രീസിൽനിന്ന ഓപ്പണർ ക്വിന്റൻ ഡികോക്കാണ് ലക്നൗവിന്റെ ടോപ് സ്കോറർ. 32 പന്തുകൾ നേരിട്ട ഡികോക്ക് രണ്ടു ഫോറും ഒരു സിക്സും സഹിതം 39 റൺസെടുത്തു. ദീപക് ഹൂഡ 24 പന്തിൽ മൂന്നു ഫോർ സഹിതം 25 റൺസെടുത്തു. 14 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ലക്നൗവിന് നാലാം വിക്കറ്റിൽ ഡികോക്ക് – ഹൂ‍ഡ സഖ്യം 34 പന്തിൽ കൂട്ടിച്ചേർത്ത 38 റൺസാണ് ബലമായത്.

15 പന്തിൽ രണ്ടു ഫോറുകളോടെ 22 റൺസെടുത്ത ക്രുണാൽ പാണ്ഡ്യയുടെ പ്രകടനവും ശ്രദ്ധേയമായി. ദുഷ്മന്ത ചമീര ഏഴു പന്തിൽ രണ്ടു ഫോറുകളോടെ 13 റൺസെടുത്ത് പുറത്തായി. അതേസമയം, ക്യാപ്റ്റൻ കൂടിയായ കെ.എൽ. രാഹുൽ ഗോൾഡൻ ഡക്കായി. വൺഡൗണായി പരീക്ഷിച്ച കൃഷ്ണപ്പ ഗൗതവും ഗോൾ‍ഡൻ ഡക്കായി. ഇരുവരെയും ട്രെന്റ് ബോൾട്ടാണ് ആദ്യ രണ്ടു പന്തുകളിൽ പുറത്താക്കിയത്. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് രാഹുൽ ഇന്നിങ്സിലെ ആദ്യ പന്തിൽ പുറത്താകുന്നത്. ഒരു ഐപിഎൽ സീസണിൽ രണ്ടു തവണ ഇന്നിങ്സിന്റെ ആദ്യ പന്തിൽ പുറത്താകുന്ന മൂന്നാമത്തെ താരമാണ് രാഹുൽ. സനത് ജയസൂര്യ (2009), ഉന്മുക്ത് ചന്ദ് (2013) എന്നിവരാണ് മുൻപ് ഇത്തരത്തിൽ പുറത്തായവർ.

ലക്നൗ നിരയിൽ ജെയ്സൻ ഹോൾഡർ (14 പന്തിൽ എട്ട്), ആയുഷ് ബദോനി (ഏഴു പന്തിൽ അഞ്ച്) എന്നിവരും നിരാശപ്പെടുത്തി. രാജസ്ഥാനായി യുസ്‌വേന്ദ്ര ചെഹൽ നാല് ഓവറിൽ 41 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുതു. ഇതോടെ 11 വിക്കറ്റുമായി ചെഹൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമനായി. ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. പ്രസിദ്ധ് കൃഷ്ണ നാല് ഓവറിൽ 35 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. കുൽദീപ് സെൻ നാല് ഓവറിൽ 35 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് സ്വന്തമാക്കി.

∙ രാജസ്ഥാന്റെ ‘ഹിറ്റ്’മെയർ!

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്. മുൻനിര ബാറ്റർമാർ കൂട്ടത്തോടെ നിരാശപ്പെടുത്തിയ രാജസ്ഥാന്, അഞ്ചാം വിക്കറ്റിൽ രവിചന്ദ്രൻ അശ്വിനെ കൂട്ടുപിടിച്ച് ഷിമ്രോൺ ഹെറ്റ്മെയർ നടത്തിയ പോരാട്ടമാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഹെറ്റ്മെയർ അർധസെഞ്ചുറി നേടി. രാജസ്ഥാന്റെ ടോപ് സ്കോററും ഹെറ്റ്മെയർ തന്നെ. 36 പന്തുകൾ നേരിട്ട ഹെറ്റ്മെയർ ഒരു ഫോറും ആറു സിക്സറും സഹിതം 59 റൺസുമായി പുറത്താകാതെ നിന്നു. വ്യക്തിഗത സ്കോർ 14ൽ നിൽക്കെ കൃഷ്ണപ്പ ഗൗതത്തിന്റെ പന്തിൽ ഹെറ്റ്മെയറിനെ ക്രുണാൽ പാണ്ഡ്യ കൈവിട്ടിരുന്നു.

അശ്വിൻ 23 പന്തിൽ രണ്ടു സിക്സറുകൾ സഹിതം 28 റൺസെടുത്ത് 19–ാം ഓവറിൽ റിട്ടയേർഡ് ഹർട്ടായി മടങ്ങി. താരതമ്യേന പവർ ഹിറ്ററായ റിയാൻ പരാഗിന് അവസരം നൽകുന്നതിനായിരുന്നു ഇത്. അഞ്ചാം വിക്കറ്റിൽ ഹെറ്റ്മെയർ – അശ്വിൻ സഖ്യം 51 പന്തിൽ 68 റൺസ് കൂട്ടിച്ചേർത്തു. പരാഗ് നാലു പന്തിൽ എട്ട് റൺസെടുത്ത് പുറത്തായി. ജോസ് ബട്‍ലർ (11 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 13), ദേവ്ദത്ത് പടിക്കൽ (29 പന്തിൽ നാലു ഫോറുകളോടെ 29), സഞ്ജു സാംസൺ (12 പന്തിൽ രണ്ടു ഫോറുകളോടെ 13), റാസ്സി വാൻഡർ ദസ്സൻ (നാലു പന്തിൽ നാല്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ഓപ്പണിങ് വിക്കറ്റിൽ ജോസ് ബട്‌ലറും പുതിയ ഓപ്പണിങ് പങ്കാളി ദേവ്ദത്ത് പടിക്കലും ചേർന്ന് 31 പന്തിൽ 42 റൺസ് കൂട്ടിച്ചേർത്ത് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചെങ്കിലും, മധ്യ ഓവറുകളിൽ റൺനിരക്ക് കുത്തനെ ഇടിഞ്ഞതാണ് രാജസ്ഥാന് വിനയായത്. ആറു മുതൽ 15 വരെയുള്ള 10 ഓവറുകളിൽ രാജസ്ഥാന് ആകെ നേടാനായത് 48 റൺസ് മാത്രം. പിന്നീട് അവസാന അഞ്ച് ഓവറിൽനിന്ന് 73 റൺസ് അടിച്ചുകൂട്ടിയാണ് രാജസ്ഥാൻ ലക്നൗവിന് മുന്നിൽ ഭേദപ്പെട്ട വിജയലക്ഷ്യം ഉയർത്തിയത്. ആറാം വിക്കറ്റിൽ ഹെറ്റ്മെയർ – പരാഗ് സഖ്യം വെറും ഒൻപതു പന്തിൽനിന്ന് 28 റൺസ് അടിച്ചുകൂട്ടി.

ലക്നൗവിനായി നാല് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ കൃഷ്ണപ്പ ഗൗതത്തിന്റെ പ്രകടനം ശ്രദ്ധേയമായി. ജെയ്സൻ ഹോൾഡറും രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറിൽ 50 റൺസ് വഴങ്ങി. ആവേശ് ഖാൻ നാല് ഓവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

‌English Summary: Rajasthan Royals vs Lucknow Super Giants, 20th Match - Live Cricket Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA