ADVERTISEMENT

മുംബൈ∙ ഈ വർഷത്തിന്റെ തുടക്കത്തിൽ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി രാജസ്ഥാൻ റോയൽസ് ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചെഹൽ നടത്തിയ പോഡ്കാസ്റ്റിലെ ഗുരുതര വെളിപ്പെടുത്തലുകൾക്കു പിന്നാലെ പുലിവാലു പിടിച്ച് ന്യൂസീലൻഡിന്റെ മുൻ മുംബൈ ഇന്ത്യൻസ് താരം ജയിംസ് ഫ്രാങ്ക്‌ലിൻ. 2011ൽ മുംബൈ ഇന്ത്യൻസ് താരമായിരിക്കെ, ചാംപ്യൻസ് ലീഗ് ഫൈനലിനു ശേഷമുള്ള വിജയാഘോഷത്തിനിടെ സഹതാരങ്ങളായ ഫ്രാങ്ക്‌ലിനും മുൻ ഓസീസ് താരം ആൻഡ്രൂ സൈമണ്ട്സും തന്നെ കെട്ടിയിട്ടു എന്നായിരുന്നു ചെഹലിന്റെ ആരോപണം.

ശാരീരികമായി ഉപദ്രവിച്ചെന്നുള്ള ചെഹലിന്റെ ആരോപണം സംബന്ധിച്ച് മുഖ്യ പരിശീലകന്‍ ജയിംസ് ഫ്രാങ്ക്‌ലിനുമായി ഒറ്റയ്ക്കു സംസാരിക്കുമെന്നു ഇംഗ്ലിഷ് കൗണ്ടി ക്ലബ് ദർഹം അധികൃതർ അറിയിച്ചു. 

‘2011 വർഷത്തെ സംഭവം അടിസ്ഥാനമാക്കിയുള്ള വെളിപ്പെടുത്തലിൽ ഞങ്ങളുടെ ജീവനക്കാരിൽ ഒരാൾ ഉൾപ്പെട്ടതായി മനസ്സിലാക്കുന്നു. ഈ വിഷയത്തിൽ ഉൾപ്പെട്ട എല്ലാവരുമായും ക്ലബ് ആശയവിനിമയം നടത്തും’– ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ വെബ്സൈറ്റിനു നൽകിയ വാർത്താ കുറിപ്പിൽ ക്ലബ് അധികൃതർ വ്യക്തമാക്കുന്നു. 2011 മുതൽ 2013 വരെ മുംബൈ ഇന്ത്യൻസിൽ കളിച്ചിരുന്ന ഫ്രാങ്ക്‌ലിനെ 2019ലാണ് ദർഹം പരിശീലകനായി നിയമിക്കുന്നത്. 

‘2011 ലാണ് അതു സംഭവിച്ചത്. മുംബൈ ഇന്ത്യന്‍സ് ചാംപ്യൻസ് ലീഗ് ഫൈനൽ ജയിച്ചിരുന്നു. ഞങ്ങൾ ചെന്നൈയിലായിരുന്നു. സൈമണ്ട്സ് വളരെ അധികം ‘ഫ്രൂട്ട് ജൂസ്’ കഴിച്ചിരുന്നു. അയാൾ എന്താണു ചിന്തിച്ചിരുന്നത് എന്നറിയില്ല, പക്ഷേ സൈമണ്ട്സും ഫ്രാങ്ക്‌ലിനും ചേർന്ന് എന്റെ കയ്യും കാലും കെട്ടിയിട്ടു. പറ്റുമെങ്കിൽ സ്വയം കെട്ടഴിക്ക് എന്നാണ് അവർ പറഞ്ഞത്. അവരുടെ ബോധം നശിച്ചിരുന്നു. എന്റെ വായും അവർ മൂടിക്കെട്ടി. പാർട്ടിക്കിടെ അവർ എന്നെപ്പറ്റി മറന്നുപോയി. എല്ലാവരും പോയതിനു ശേഷം രാവിലെ റൂം വൃത്തിയാക്കാൻ വന്നവരാണ് എന്നെ കണ്ടത്. അവർ മറ്റു ചിലരെക്കൂടി വിളിച്ച് എന്റെ കെട്ടഴിച്ചു വിടുകയായിരുന്നു.

സംഭവത്തിനു ശേഷം ഇതുവരെ ഇരു താരങ്ങളും തന്നോടു മാപ്പു പറഞ്ഞിട്ടില്ലെന്നും ചെഹൽ പറഞ്ഞിരുന്നു. 2013ൽ ബെംഗളൂരുവിലെ പാർട്ടിക്കിടെ, മദ്യലഹരിയിൽ ഹോട്ടലിന്റെ 15–ാം നിലയിലെ ബാൽക്കണിയില്‍നിന്ന് ഒരു മുംബൈ ഇന്ത്യന്‍സ് സഹതാരം തന്നെ നിലത്തേക്കു തൂക്കിയിട്ടെന്നുള്ള ചെഹലിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് സൈമണ്ട്സ്, ഫ്രാങ്ക്‌ലിൻ എന്നിവർക്കെതിരെ മുൻപു നടത്തിയ ആരോപണങ്ങള്‍ വീണ്ടും തലപൊക്കുന്നത്.  

 

English Summary: Former MI bowler James Franklin in BIG trouble after Yuzvendra Chahal’s allegations on RCB podcast

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com