ADVERTISEMENT

മുംബൈ∙ സൺറൈസേഴ് ഹൈദരാബാദിനെതിരായ മത്സരത്തിൽ, സീസണിലെ ആദ്യ അർധ സെഞ്ചുറി കുറിക്കാനായെങ്കിലും, ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിലും കളിക്കളത്തിലെ മോശം സ്വഭാവത്തിന്റെ പേരിലും തന്ത്രങ്ങളിലെ പാളിച്ചയുടെ പേരിലും ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ സ്വരം കടുപ്പിച്ച് ആരാധകർ.

ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ അർധ സെഞ്ചുറിയും വിൻഡീസ് താരം നിക്കൊളാസ് പുരാന്റെ ബാറ്റിങ് വെടിക്കെട്ടുമാണ് ഹൈദരാബാദിന് 8 വിക്കറ്റിന്റെ ഉജ്വല ജയം സമ്മാനിച്ചത്. ഗുജറാത്ത് ടൈറ്റൻസ് വഴങ്ങിയതാകട്ടെ, സീസീണിലെ ആദ്യ തോൽവിയും. 

താരതമ്യേന ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും, മികച്ച ബാറ്റിങ് വിക്കറ്റിൽ 162–7 എന്ന സ്കോർ നേടാനേ ഗുജറാത്തിനു കഴിഞ്ഞിരുന്നുള്ളു. 42 പന്തിൽ 4 ഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 50 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയുടെ ഇഴഞ്ഞ ഇന്നിങ്സാണ് ഹൈദരാബാദിനെ 15–20 റൺസ് പിന്നിലാക്കിയതെന്നാണു ക്രിക്കറ്റ് നിരൂപകരുടെയും ഗുജറാത്ത് ആരാധകരുടെയും ആദ്യ ആരോപണം. 

ഗുജറാത്ത് ആരാധകരെ അതിനെക്കാളേറെ ചൊടിപ്പിച്ചത് ഫീൽഡിലെ ഹാർദികിന്റെ ശരീരഭാഷയാണ്. അനാവശ്യമായി രണ്ടു റൺസ് വിട്ടുനൽകിയതിനു സഹതാരം സായ് സുദർശനെയും, ഡൈവിലൂടെ ക്യാച്ച് ചെയ്യാൻ തയാറാകാതിരുന്നതിനു സീനിയർ താരം മുഹമ്മദ് ഷമിയെയും ചീത്തവിളിച്ചതിനു ഹാർദികിനെതിരെ രൂക്ഷ പ്രതികരണമാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്നത്. 

തേഡ് മാൻ ബൗണ്ടറിക്കു സമീപത്തേക്കുള്ള രാഹുൽ ത്രിപാഠിയുടെ കട്ട് ഷോട്ട് മുന്നോട്ട് ഓടിയെത്തി ക്യാച്ച് ചെയ്യാതിരുന്നതിനാണു ഷമി ചീത്തവിളി കേട്ടത്. മുന്നോട്ടോടി ക്യാച്ച് ചെയ്യുന്നതിനു പകരം നിന്നിടത്തു തന്നെ നിലയുറപ്പിച്ച് ബൗണ്ടറി തടയാനാണു ഷമി ശ്രമിച്ചത്. പിന്നാലെ ഷമിയോടു ഹാർദിക് ചൂടാകുന്നത് ടിവി റീപ്ലേകളിൽ ആവർത്തിച്ചു കാണിച്ചുകൊണ്ടിരുന്നു.

ഫീൽഡ് അംപയര്‍ നോട്ടൗട്ട് വിളിച്ച കെയ്ൻ വില്യംസന്റെ ഒരു എൽബിഡബ്ലു തീരുമാനത്തിൽ ഡിആർഎസിനു പോകാതിരുന്ന ഹാർദികിന്റെ തീരുമാനവും ടീമിനു തിരിച്ചടിയായിരുന്നു. റിവ്യു എടുത്തിരുന്നെങ്കിൽ വില്യംസൻ പുറത്താകുമായിരുന്നു എന്നും ടിവി റിപ്ലേയിൽ വ്യക്തമായിരുന്നു.

ബാറ്റിങ്ങിലെ മെല്ലപ്പോക്കിന്റെ പേരിലും, വില്യംസന്റെ റിവ്യു തീരുമാനം നിഷേധിച്ചതിന്റെ പേരിലും ടീമിന്റെ തോൽവിക്ക് ആരാധകരിൽ ഒരു വിഭാഗം ഹാർദിക്കിനെത്തന്നെയാണു പഴി ചാരുന്നതും.  

ബറോഡയ്ക്കായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരുന്ന സമയത്ത്, സഹതാരം ദീപഹ് ഹൂഡയുമായി കലഹിച്ച ക്രുനാൽ പാണ്ഡ്യയുടെ യഥാർഥ സഹോദരൻതന്നെയെന്നു ഹാർദിക് തെളിയിച്ചിരിക്കുകയാണ് എന്നാണു ചില ആരാധകരുടെ പ്രതികരണം. ലക്നൗ സൂപ്പർ ജയന്റ്സ് ടീമിൽ എത്തിയതിനു പിന്നാലെ ക്രുനാലും ഹൂഡയും വീണ്ടും സൗഹൃദത്തിലെത്തിയിരുന്നു. 

 

English Summary: "Hardik Pandya's abusing strike rate is more than batting!" - Fans slam GT skipper for scolding Shami, blame him for loss in IPL 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT