ADVERTISEMENT

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്നു രാജിവയ്ക്കാനുള്ള തീരുമാനത്തിൽനിന്നു മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററും ആയിരുന്ന റമീസ് രാജ പിന്നാക്കം പോയതായി റിപ്പോർട്ട്. പുതിയ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ ക്രിക്കറ്റ് നിലപാടുകൾ കൂടി അറിഞ്ഞതിനു ശേഷം രാജിക്കാര്യത്തിൽ തീരുമാനം എടുക്കാം എന്നാണ് ഇപ്പോൾ റമീസ് രാജയുടെ നിലപാടെന്നു പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ ക്രിക്കറ്റ് വികസനത്തെക്കുറിച്ച് ഷരീഫ് ഉടൻ പ്രതികരിക്കുമെന്ന് അദ്ദേഹത്തോട് അടുത്തു നിൽക്കുന്ന വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി വളരെ അടുത്ത ബന്ധമാണ് റമീസ് രാജയ്ക്ക് ഉണ്ടായിരുന്നത്. അവിശ്വാസത്തിലൂടെ ഇമ്രാൻ പുറത്തായതോടെ റമീസ് രാജയും രാജിവയ്ക്കുമെന്നു ശക്തമായ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഓസ്ട്രേലിയയുടെ  പാക്കിസ്ഥാൻ പര്യടനവും, പിന്നാലെ പാക്കിസ്ഥാൻ സൂപ്പർ ലീഗ് ടൂർണമെന്റും വിജയകരമായി പൂർത്തിയാക്കി റമീസ് രാജ കരിയറിന്റെ ഏറ്റവും ഉയർച്ചയിൽ നിൽക്കുന്ന സമയത്തായിരുന്നു ഇമ്രാൻ ഖാന്റെ പുറത്താകൽ.

ഇതോടെയാണു രാജയുടെ ഭാവിയും അനിശ്ചിതത്വത്തിലായത്. കഴിഞ്ഞ സെപ്റ്റംബറിൽ ഇമ്രാൻ ഖാനാണ് റമീസ് രാജയെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവനായി നിയമിച്ചത്. ‘ഇമ്രാൻ ഖാൻ നായകനായിരുന്നപ്പോൾ പാക്കിസ്ഥാൻ ടീമിൽ അംഗമായിരുന്ന റമീസ് രാജ ഇമ്രാന്റെ നിർബന്ധം ഒന്നുകൊണ്ടു മാത്രമാണ് പിസിബി സ്ഥാനം ഏറ്റെടുത്തതെന്ന്’ ഇമ്രാന്റെ രാജിക്കു പിന്നാലെ പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ഇന്ത്യ ടീമുകൾ അടങ്ങുന്ന ചതുർരാഷ്ട്ര പരമ്പരയ്ക്കായുള്ള രൂപരേഖ റമീസ് രാജ കഴിഞ്ഞ ദിവസം ഐസിസിക്കു മുന്നിൽ സമർപ്പിച്ചിരുന്നെങ്കിലും വാർഷിക യോഗത്തിൽ ഇതിനുള്ള അനുമതി ലഭിച്ചിരുന്നില്ല.  

 

English Summary: Ramiz Raja Not To Resign As PCB Chief, Will Wait For Newly-Appointed Pakistan PM To Decide His Fate: Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com