ക്യാപ്റ്റൻസി സമ്മർദം കൂടുന്നതിന് അനുസരിച്ച് ബാറ്റിങ് സ്ട്രൈക്ക് റേറ്റ് കുറഞ്ഞുകൊണ്ടിരിക്കും’ കഴിഞ്ഞ ഏതാനും സീസണുകളായി ഐപിഎലിൽ കണ്ടുവരുന്ന പ്രതിഭാസമാണിത്. ഇത്തവണ ക്യാപ്റ്റൻസിയിൽ കന്നിയങ്കത്തിന് ഇറങ്ങിയ ഇന്ത്യയുടെ പിഞ്ച് ഹിറ്റിങ് ഓൾ റൗണ്ടറും ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനുമായ ഹാർദിക് പാണ്ഡ്യ ഉൾപ്പെടെ ഈ ‘ആരോപണം’ ശരിവയ്ക്കുന്ന പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്.
ക്യാപ്റ്റൻ ആയതോടെ ബാറ്റിങ് ഓർഡറിൽ സ്വയം സ്ഥാനക്കയറ്റം നൽകി നാലാമനായി ഇറങ്ങുന്ന ഹാർദിക് അർധ സെഞ്ചുറി ഉൾപ്പെടെ നേടി മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നതെങ്കിലും പാണ്ഡ്യയിൽ നിന്നു പ്രതീക്ഷിക്കുന്ന വെടിക്കെട്ടിന്റെ നിഴലായി മാത്രം അദ്ദേഹം ഒതുങ്ങിപ്പോകുന്നു. മുൻപ് പഞ്ചാബ് കിങ്സിന്റെയും നിലവിൽ ലക്നൗ സൂപ്പർ ജയ്ന്റ്സിന്റെയും ക്യാപ്റ്റനായ കെ.എൽ.രാഹുലിന്റെ കാര്യത്തിലും സമാനമായ പാറ്റേൺ കാണാം. ക്യാപ്റ്റനെന്ന നിലയിൽ സ്ഥിരതയാർന്ന ഇന്നിങ്സുകൾ കളിക്കുന്നുണ്ടെങ്കിലും ബാറ്റിങ് സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിൽ ക്യാപ്റ്റൻസി ഏറ്റെടുത്തതോടെ രാഹുലും പിന്നോട്ടുപോയി.
∙ എന്തു കൊണ്ടിങ്ങനെ?
ക്യാപ്റ്റൻമാരാണ് പലപ്പോഴും ടീമിന്റെ ആങ്കർ റോൾ കളിക്കുന്നത്. ഓപ്പണിങ്, വൺ ഡൗൺ, ടു ഡൗൺ എന്നീ പൊസിഷനുകളിലാണ് ടീം ക്യാപ്റ്റൻമാരിൽ ഭൂരിഭാഗം പേരും ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത്. ഒരു ഭാഗത്തു വിക്കറ്റ് നഷ്ടപ്പെടാതെ ഇന്നിങ്സ് മുൻപോട്ടു കൊണ്ടുപോകുക, ആവശ്യമുള്ളപ്പോൾ സ്കോറിങ് റേറ്റ് ഉയർത്തുക, റൺറേറ്റ് നിയന്ത്രിക്കുക, സന്ദർഭത്തിനനുസരിച്ച് കളിയുടെ വേഗം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണ് ക്യാപ്റ്റന്റെ ചുമതല. ഇതുകൊണ്ടുതന്നെയാണ് സ്വന്തം ബാറ്റിങ് സ്ട്രൈക്ക് റേറ്റ് ശ്രദ്ധിക്കാൻ പലർക്കും സാധിക്കാത്തതും.
∙ കോലിയെ മാതൃകയാക്കണം
ക്യാപ്റ്റൻ ആകുന്നതോടെ സ്ട്രൈക്ക് റേറ്റ് കുറയുന്ന ബാറ്റർമാർക്ക് അപവാദമാണ് വിരാട് കോലിയുടെ കരിയർ. 2013ൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ ആകുന്നതിനു മുൻപുവരെ 119.42 ആയിരുന്നു കോലിയുടെ ബാറ്റിങ് സ്ട്രൈക്ക് റേറ്റ്.
എന്നാൽ ക്യാപ്റ്റനായ ശേഷം കോലിയുടെ സ്ട്രൈക്ക് റേറ്റ് ഓരോ സീസണിലും കുത്തനെ ഉയർന്നുകൊണ്ടിരുന്നു. ഒടുവിൽ ഈ വർഷം ക്യാപ്റ്റൻ പട്ടം അഴിച്ചുവയ്ക്കുമ്പോൾ 133.2 ആയിരുന്നു കോലിയുടെ സ്ട്രൈക്ക് റേറ്റ്. രോഹിത് ശർമ, ഡേവിഡ് വാർണർ എന്നിവരും ക്യാപ്റ്റൻ ആയതിനുശേഷം സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തിയവരാണ്.
ക്യാപ്റ്റനായുള്ള അരങ്ങറ്റ സീസണിൽ താരങ്ങളുടെ ബാറ്റിങ് സ്ട്രൈക്ക് റേറ്റ്: ബ്രാക്കറ്റിൽ അതിനു മുൻപുള്ള ഐപിഎൽ സ്ട്രൈക്ക് റേറ്റ്
1. കെ.എൽ.രാഹുൽ 129.34 (146.60)
2. ഋഷഭ് പന്ത് 128.52 (138.27)
3. സഞ്ജു സാംസൺ 136.72 (153.86)
4. ഹാർദിക് പാണ്ഡ്യ 122.60 (151.67)
5. മയാങ്ക് അഗർവാൾ 105.00 (147.86)
English Summary: Hardik Pandya and KL Rahul strike rate