3 ക്യാച്ച് നിലത്തിട്ട മുകേഷിനെ ചേർത്തുപിടിച്ച് ധോണി- വിഡിയോ; ഹാർദിക് കണ്ടു പഠിക്കട്ടെ!

Dhoni
ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ മുകേഷ് ചൗധരിയെ ആശ്വസിപ്പിക്കുന്ന ചെന്നൈ മുൻ നായകൻ എം.എസ്. ധോണി (ചിത്രം– ട്വിറ്റർ).
SHARE

മുംബൈ∙ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെതിരെ, ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ സീസണിലെ ആദ്യ വിജയം നേടിയ മത്സരത്തിൽ, സ്വതസിദ്ധമായ നേതൃപാടവത്തിലൂടെ ഒരിക്കൽക്കൂടി ആരാധകരുടെ മനസ്സു കവർന്ന് ചെന്നൈ സൂപ്പർ കിങ്സ് മുൻ നായകൻ എം.എസ്. ധോണി.  മത്സരത്തിൽ നിരാശപ്പെടുത്തിയ ചെന്നൈ സൂപ്പർ കിങ്സ് പേസർ മുകേഷ് ചൗധരിയുടെ അടുത്തേക്ക് ഓടിയെത്തി, താരത്തിന്റെ തോളിൽ കയ്യിട്ട് ഉപദേശം നൽകുന്ന ധോണിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ബാംഗ്ലൂർ മുൻ നായകൻ വിരാട് കോലിയെ പുറത്താക്കിയെങ്കിലും, 3 ഓവറിൽ 40 റൺസാണു മുകേഷ് മത്സരത്തിൽ വഴങ്ങിയത്. അതിനു പുറമേ 3 ക്യാച്ചുകൾ നിലത്തിടുകയും ചെയ്തു. അതിൽ രണ്ടെണ്ണം അനായാസ ക്യാച്ചുകളായിരുന്നു. കാര്യങ്ങളെല്ലാം മുകേഷിന് എതിരായിനിന്ന സമയത്താണ് ആശ്വാസ വാക്കുകളുമായി ധോണി ഒപ്പം നിന്നത്.

8–ാമത്തെ ഓവറിലും 12–ാമത്തെ ഓവറിലും സുയാഷ് പ്രഭുദേശായിയുടെ ക്യാച്ചുകൾ മുകേഷ് വിട്ടുകളഞ്ഞിരുന്നു.

പിന്നീട്  ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ എറിഞ്ഞ 15–ാം ഓവറിൽ, ദിനേശ് കാർത്തികിന്റെ ഒരു അനായാസ ക്യാച്ചും മുകേഷ് നിലത്തിട്ടു.  മത്സരത്തിൽ മുകേഷ് വിട്ടുകളഞ്ഞ 3–ാമത്തെ ക്യാച്ച് ആയിരുന്നു ഇത്. പിന്നാലെ കടുത്ത സമ്മർദത്തിലായ മുകേഷിന്റെ മുഖം ചാനൽ ക്യാമറകൾ ഒപ്പിയെടുത്തിരുന്നു. എന്നാൽ തൊട്ടടുത്ത പന്തിൽ തീക്ഷണ ഷഹബാസിനെ ബോൾഡാക്കി.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനു പകരം മുകേഷിനടുത്തേക്ക് ഓടിയെത്തി താരത്തിന്റെ തോളിൽ കയ്യിട്ട് സംസാരിക്കുകയാണു ധോണി ചെയ്തത്. പിന്നാലെ ധോണിയുടെ നേതൃപാടവത്തെ പുകഴ്ത്തി ഒട്ടേറെ ആരാധകർ രംഗത്തെത്തി. ഞങ്ങളുടെ ക്യാപ്റ്റൻ ഇപ്പോഴും ധോണിതന്നെയാണെന്നും ക്യാപ്റ്റൻസി എന്നാൽ ഇതാണെന്നുമാണു ഭൂരിഭാഗം ആരാധകരും അഭിപ്രായപ്പെട്ടത്. 

കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരായ മത്സരത്തിൽ കഠിനമായ ക്യാച്ചിനു ശ്രമിക്കാതിരുന്നതിന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ ചീത്തവിളിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ രൂക്ഷമായ ഭാഷയിൽ ഹാർദിക്കിനെ വിമർശിച്ച് ഒട്ടേറെ ആരാധകരും രംഗത്തെത്തി.

തൊട്ടടുത്ത മത്സരത്തിലാണ്, യുവതാരത്തിനു പ്രചോതനം നൽകി ധോണി വീണ്ടും ആരാധകരുടെ മനസ്സു കവർന്നത്. സംഭവത്തിനു പിന്നാലെ ഹാർദിക് പാണ്ഡ്യ ധോണിയെ കണ്ടു പഠിക്കട്ടെയെന്നും ഒട്ടേറെ ആരാധകർ ട്വീറ്റ് ചെയ്തു. 

ഇടംകയ്യൻ പേസറായ മുകേഷിന്റെ ഐപിഎല്ലിലെ അരങ്ങേറ്റ സീസണാണിത്. 

English Summary: Watch: MS Dhoni's reaction after CSK's Mukesh Choudhary drops 3 catches vs RCB takes internet by storm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS