‘നമ്പർ തരട്ടേയെന്ന് അങ്ങോട്ടു ചോദിച്ചു; ഞാൻ ജയിലിലായപ്പോൾ ഭാര്യ കഴിഞ്ഞത് അടുക്കളയിൽ’

sree-collage
SHARE

മഴവിൽ മനോരമ ചാനലിലെ ജനപ്രിയ പരിപാടി ‘പണം തരം പട’ത്തിനിടെ, ഭാര്യ ഭുവനേശ്വരി കുമാരിയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സു തുറന്ന് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ദക്ഷിണാഫ്രിക്കൻ പേസർ ആന്ദ്രേ നെല്ലിനെതിരെ സിക്സർ നേടിയതിനു ശേഷമുള്ള ‘ന‍‍ൃത്തം’, ക്രിക്കറ്റിലും ജീവിതത്തിലുമേറ്റ തിരിച്ചടികൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ശ്രീ മനസ്സു തുറന്നു.  ഭാര്യ ഭുവനേശ്വരി കുമാരിയുമായുള്ള പ്രണയത്തെക്കുറിച്ച് ശ്രീശാന്ത് പറഞ്ഞത് ഇങ്ങനെ,

‘ഇന്ത്യ– ഇംഗ്ലണ്ട് മത്സരത്തിനിടെ സ്റ്റേഡിയ്ത്തിൽവച്ചാണു ആദ്യമായി ഭുവനേശ്വരിയെ കാണുന്നത്. ടീം ഡ്രസിങ് റൂമിനു സമീപമുള്ള വിഐപി ഗാലറിയായിരുന്നു അവളുടെ ഇരിപ്പിടം. ഞാൻ ടീമിലുണ്ട്. പലരെയും നോക്കിയ കൂട്ടത്തിൽ ഒരാളിൽ കണ്ണുടക്കി. രാജസ്ഥാനിലെ ശികാവത്ത് കുടുംബത്തിൽനിന്നുള്ള ആളാണതെന്ന് ആരോ എന്നോടു പറഞ്ഞു. 

ഇഷ്ടമായതോടെ അവളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ പല തവണ അങ്ങോട്ടം ഇങ്ങോട്ടും നടന്നു. ഒടുവിൽ അവളുടെ ഒരു കസിൻ എന്നോട് ഓട്ടോഗ്രാഫ് ചോദിച്ചു. കസിന് ഓട്ടോഗ്രാഫ് നൽകുന്നതിനിടെ ഭുവനേശ്വരിയോട് ഞാൻ ചോദിച്ചു എന്റെ നമ്പർ വേണോയെന്ന്. ചോദ്യം കേട്ട് ഞെട്ടിയതോടെ വേണ്ട എന്നു മറുപടി. നമ്പർ എനിക്കു തരൂ എന്നു കസിനും. അങ്ങനെ കസിനു നമ്പർ നൽകി. 

കള്ള നമ്പർ ആണോ നൽകിയത് എന്ന് അറിയാൻ അന്നു രാത്രിതന്നെ അവർ എന്നെ വിളിച്ചുനോക്കി. വിളി കാത്തിരുന്ന ഞാൻ ആദ്യത്തെ റിങ്ങിൽത്തന്നെ കോളെടുത്തു. കസിനാണു വിളിച്ചത്. വെറ്റ് ടോപ്പും പിങ്ക് ഡ്രസും ധരിച്ച് എത്തിയ കുട്ടിക്കു ഫോൺ കൊടുക്കാമോ എന്നു ഞാൻ ചോദിച്ചു. അവൾ സ്കൂളിൽ പഠിക്കുകയാണ് എന്ന മറുപടിയാണു ലഭിച്ചത്. പതിനൊന്നാം ക്ലാസിലാണ് അപ്പോൾ അവർ പഠിച്ചിരുന്നത്. എനിക്ക് അന്ന് 24 വയസ്സാണ്. പിന്നീട് ഒരിക്കൽ അവളോടു സംസാരിക്കാൻ കഴിഞ്ഞു. പക്ഷേ തുടർച്ച ഉണ്ടായിരുന്നില്ല. ഇടയ്ക്കിടെ സംസാരിക്കാറുണ്ടായിരുന്നു. സമ്മർദ ഘട്ടങ്ങളിൽ പ്രത്യേകിച്ച്.

അങ്ങനെയിരിക്കെ ഞാൻ പറഞ്ഞു ‘ഇന്ത്യ 2011 ലോകകപ്പ് ജയിച്ചാൽ നിന്നെ വിവാഹം കഴിക്കാൻ ഞാൻ ഏറെ ആഗ്രഹിക്കുമെന്ന്. കളിപ്പിക്കാൻ നോക്കേണ്ട, അതിന് എന്റെ അച്ഛൻ കൂടെ സമ്മതിക്കേണ്ടേ എന്നായി അവൾ. പിന്നീട് കുടംബ പശ്ചാത്തലം പരിശോധിച്ചപ്പോൾ അവർക്കും വലിയ കുഴപ്പമുണ്ടായില്ല. ലോകകപ്പിനു ശേഷം ശസ്ത്രക്രിയയെ തുടർന്ന് ദീർഘനാൾ വിശ്രമത്തിലായിരുന്നു. 

അപ്പോൾ അവളുടെ അമ്മ എന്നോടു ചോദിച്ചു മകളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടോ എന്ന്. ഞാൻ വീൽചെയറിൽ ആയിരുന്ന സമയമാണ്. ഇനി ക്രിക്കറ്റ് കളിക്കാനാകുമോ എന്ന് ഉറപ്പു നൽകാനാകില്ലെന്ന് ഞാൻ മറുപടി നൽകി. ശ്രീശാന്ത് എന്ന വ്യക്തിയെയാണ് ഞങ്ങൾക്കു വേണ്ടത് എന്നായിരുന്നു അമ്മ നൽകിയ മറുപടി. അതു കേട്ട് ഞാൻ ഞെട്ടിപ്പോയി.

പിന്നീടു ടീമിൽ തിരിച്ചെത്തി. ഐപിഎല്ലിൽ കളിക്കാന്‍ തുടങ്ങി. വിവാദങ്ങൾക്കിടെയാണ് അവളുടെ അച്ഛനെ ആദ്യമായി കാണുന്നത്. ഞങ്ങൾ ഒപ്പമുണ്ടെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അതു മറക്കാനാകില്ല. ഞാൻ ജയിലിലായിരുന്ന 27 ദിവസം അവൾ അടുക്കളയിലാണു കഴിച്ചുകൂട്ടിയത് എന്നു പിന്നീടാണു ഞാൻ മനസ്സിലാക്കിയത്. മോശമായ ഭക്ഷണംതന്നെയാണ് ആ കാലയളവിൽ അവളും കഴിച്ചിരുന്നത്’– ശ്രീശാന്തിന്റെ വാക്കുകൾ. 

പിന്നീടായിരുന്നു വിവാഹം എന്നും, ഭാര്യയുടെ ക്ഷണ പ്രകാരം ഒരു ജൻമദിനത്തിനെത്തിയ പൂജാ ഭട്ടിന്റെ ഇടപെടൽ മൂലമാണ് ബോളിവുഡിൽ അവസരം ലഭിച്ചതെന്നും ശ്രീശാന്ത് പിന്നീടു പറഞ്ഞു. 

English Summary: Cricketer S. Sreesanth opens up about love and marriage during Mazhavil Manorama Show

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA