ADVERTISEMENT

ഐപിഎല്ലിൽ 150 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് ഉമ്രാൻ മാലിക് ലോകോത്തര താരങ്ങളെ വിറപ്പിക്കുമ്പോൾ, ജമ്മുവിലെ ഗുജ്ജു നഗറിൽ പഴക്കച്ചവടം തുടരുകയാണ് ഉമ്രാന്റെ അച്ഛൻ അബ്ദുൽ റാഷിദ്. പക്ഷേ, ഇപ്പോൾ ചെറിയൊരു വ്യത്യാസമുണ്ട് റാഷിദിന്റെ പേരിൽ അറിയപ്പെട്ടിരുന്ന പഴക്കട ഇപ്പോൾ ഉമ്രാന്റെ അച്ഛന്റെ പഴക്കട ആയാണ് അറിയപ്പെടുന്നത്!

umran-malik-father
മകൻ താരത്തിളക്കവുമായി മുന്നേറുന്നെങ്കിലും പണ്ടു മുതൽ തന്നെ കുടുംബത്തിന് വരുമാനം നൽകി വന്ന പഴക്കച്ചവടം നിർത്തില്ലെന്നാണ് ഉമ്രാന്റെ പിതാവ് അബ്ദുൽ റാഷിദ് പറയുന്നത്. ചിത്രം – എഎൻഐ.

സംഭവബഹുലമായ 5 വർഷങ്ങൾക്കിടെയാണ് ഒന്നും ഇല്ലായ്മയിൽ നിന്ന് ഇന്ത്യയുടെ അതിവേഗക്കാരൻ പേസ് ബോളറുടെ പകിട്ടിലേക്ക് ഉമ്രാൻ വളർന്നത്! ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഉമ്രാന്റെ കൈകളിൽനിന്നു മൂളിപ്പറന്ന ഒരു ബോളിന്റെ വേഗം 153.3 കിലോമീറ്ററായിരുന്നു.

umran-malik2
ഭാവി ഇന്ത്യക്ക് ലക്ഷണമൊത്ത ഒരു ​പേസ് ബൗളർ എന്നു തന്നെ ഉമ്രാൻ മാലിക്കിനെ വിശേഷിപ്പിക്കാം. 150 കിലോമീറ്ററിനു മേൽ വേഗത്തിൽ തീതുപ്പുന്ന പന്തുകളാണ് ഉമ്രാന്റെ പ്രത്യേകത. ചിത്രം – ട്വിറ്റർ.

പിന്നീടുള്ള 2 പന്തുകൾ 151.2, 150.1 എന്നീ വേഗത്തിലും. കിവീസിന്റെ അതിവേഗക്കാരൻ പേസർ ലോക്കി ഫെർഗൂസിനെ പിന്തള്ളി മത്സരത്തിലെ ഏറ്റവും വേഗമേറിയ 5 പന്തുകൾ ബോൾ ചെയ്തതും ഉമ്രാൻതന്നെ.

umran-malik6
22 വയസുള്ള ഉമ്രാൻ ആഭ്യന്തര ക്രിക്കറ്റിൽ അധികം മത്സരസമ്പത്തില്ലാതെയാണ് ഐപിഎല്ലിനെത്തിയത്. ഉമ്രാൻ അടുത്തു തന്നെ ഇന്ത്യൻ ടീമിൽ ഇടംനേടുമെന്നാണ് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി അഭിപ്രായപ്പെട്ടത്. ചിത്രം – ട്വിറ്റർ.

പിന്നാലെ ഉമ്രാൻ ഇന്ത്യയ്ക്കായി കളിക്കുന്ന കാലം വിദൂരമല്ലെന്നു മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ അടക്കമുള്ള ഒട്ടേറെ പ്രമുഖരും അഭിപ്രായപ്പെട്ടു.  

2021 ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദബാദിന്റെ നെറ്റ്സിലെ ബോളറായിരുന്നു ഉമ്രാൻ. സ്റ്റാർ പേസർ ടി. നടരാജൻ കോവിഡ് ബാധിച്ചു ടീമിനു പുറത്തായതോടെ പകരക്കാരന്റെ റോളിൽ ടീമിലെത്തി ഹൈദരാബാദിലെ പതിവുകാരനാകുകയായിരുന്നു ഉമ്രാൻ.

umran-malik-8
പരമാവധി വേഗത്തിൽ ടീം ഇന്ത്യയുടെ നീല കുപ്പായം ഉമ്രാൻ മാലിക്കിന് നൽകണമെന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് ട്വിറ്ററിൽ കുറിച്ചത്. ചിത്രം – ട്വിറ്റർ.

മെഗാ താരലേലത്തിനു മുന്നോടിയായി നടരാജനെപ്പോലും കൈവിട്ട ഹൈദരാബാദ് ഉമ്രാനെ നിലനിർത്തിയതിനു പിന്നിലെ കാരണവും ഈ ‘അതിവേഗം’ തന്നെ. പിന്നാലെ കഴിഞ്ഞ ട്വന്റി20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ നെറ്റസിലെ ബോളറായും ഉമ്രാനെ തിരഞ്ഞെടുത്തിരുന്നു.

umran-malik5
ഉമ്രാന്‍ മാലിക് ഇന്ത്യയുടെ വഖാര്‍ യൂനിസെന്നാണ് ഇര്‍ഫാന്‍ പത്താന്‍ അഭിപ്രായപ്പെട്ടത്. ഉമ്രാന്റെ പേരിലാണ് ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും വേഗമുള്ള പന്തുകൾ. ചിത്രം – ട്വിറ്റർ.

മകൻ സൂപ്പർ സ്റ്റാർ ആയെങ്കിലും പണ്ടു മുതൽ കുടുംബത്തിനുള്ള വരുമാനം നൽകിയിരുന്ന പഴക്കച്ചവടം നിർത്താൻ ഉദ്ദേശമില്ലെന്നാണ് അച്ഛൻ അബ്ദുൽ റാഷിദ് പറയുന്നത്. 

∙ കടംവാങ്ങിയ ഷൂസ് കൊണ്ടുവന്ന ഭാഗ്യം

umran-malik1
ആറു ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് ഒൻപതു വിക്കറ്റുകള്‍ നേടിയാണ് ജമ്മു കശ്മീരില്‍ നിന്നുള്ള ഈ പേസ് ബൗളര്‍ കളിക്കളം കീഴടക്കി മുന്നേറുന്നത്. ചിത്രം – ട്വിറ്റർ.

കടം വാങ്ങിയ ഷൂസുമായി (സ്പൈക്സ്) ജമ്മു അണ്ടർ 19 ടീം സിലക്‌ഷൻ ട്രയൽസിനു പോയ താരമാണ് ഉമ്രാൻ. പിന്നാലെ സംസ്ഥാന ടീമിൽ ഇടം നേടിയെങ്കിലും വിനു മങ്കാദ് ട്രോഫിയിൽ ഒരു കളിക്കുള്ള അവസരമേ ലഭിച്ചുള്ളു. മത്സരത്തിൽ വില്ലനായി മഴയും എത്തി. തൊട്ടടുത്ത വർഷം അണ്ടർ 23 ടീം സിലക്‌ഷൻ ട്രയൽസിനു പോയെങ്കിലും ടീമിൽ അവസരം ലഭിച്ചില്ല. 

umran-malik4
'ഉമ്രാനെ അടിയന്തരമായി ഇന്ത്യന്‍ ടീമിലെടുക്കണം. മികച്ച പ്രതിഭ. അതു ചോരുന്നതിന് മുമ്പ് ഉമ്രാന് വേണ്ടതുനല്‍കൂ. ഇംഗ്ലണ്ടിലെ ടെസ്റ്റുകളില്‍ ബുംറയ്‌ക്കൊപ്പം ഉമ്രാന്‍ പന്ത് എറിയട്ടെ. ഇംഗ്ലിഷുകാരെ അതു ഭയപ്പെടുത്തും. – ഉമ്രാൻ മാലിക്കിനെക്കുറിച്ച് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തതിങ്ങനെ. ചിത്രം – ട്വിറ്റർ.

2019–20 രഞ്ജി സീസണിൽ ജമ്മു കശ്മീർ– അസം മത്സരത്തിനു മുന്നോടിയായി അസം പരിശീലകൻ അജയ് രാത്ര നെറ്റ്ബോളർമാരെ തിരഞ്ഞപ്പോഴാണ് ഉമ്രാൻ ആദ്യമായി അവതരിക്കുന്നത്.‌

umran-malik7
ഇന്ത്യക്കായി ഉമ്രാന്‍ ഉടന്‍ കളിക്കും എന്നാണ് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ട്വീറ്റ് ചെയ്തത്. ചിത്രം – ട്വിറ്റർ.

‘‘4 പന്തുകൾ എറിഞ്ഞപ്പോൾത്തന്നെ ഉമ്രാന്റെ നിലവാരം ബോധ്യമായി. ഉമ്രാനെ എന്താണു ജമ്മു കശ്മീർ ടീമിൽ എടുക്കാതിരുന്നത് എന്നാണു ഞാൻ കരുതിയത്. ഉമ്രാന്റെ ബൗൺസും ‍ഞെട്ടിച്ചു കളഞ്ഞു.’’– അജയ് രാത്ര പിന്നീടു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.  

umran-malik3
അതിവേഗമെത്തുന്ന യോർക്കറുകളാണ് ഉമ്രാന്റെ തുറുപ്പുചീട്ട്. കണ്ണിമചിമ്മും മുൻപ് എതിർകളിക്കാരന്റെ വിക്കറ്റ് തുളച്ചുകയറുന്ന ആ പന്തു തട്ടിയെടുത്തിരിക്കും. ഉമ്രാന്‍ മാലിക്ക് എന്നെഴുതി ഒരു റോക്കറ്റിന്റെ ചിത്രമാണ് ഇംഗ്ലണ്ടിന്റെ മുന്‍താരം കെവിന്‍ പീറ്റേഴ്‌സണ്‍ ട്വീറ്റു ചെയ്തത്. ചിത്രം – ട്വിറ്റർ.

ജമ്മു കശ്മീരിൽനിന്ന് ഐപിഎൽ കളിക്കുന്ന നാലാമത്തെ താരമാണ് ഉമ്രാൻ. ഐപിഎല്ലിൽ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞ ഇന്ത്യൻ താരം എന്ന റെക്കോർഡും ഉമ്രാന്റെ പേരിലാണ്. നാലു കോടി രൂപയ്ക്കാണ് ഹൈദരാബാദ് ഉമ്രാനെ നിലനിർത്തിയത്.

നെറ്റ്സിലെ പരിശീലനത്തിനിടെ സഹതാരം ജോണി ബെയർസ്റ്റോ വേഗം കുറച്ചു പന്തെറിയാൻ തന്നോട് ആവശ്യപ്പെട്ടെന്നും എന്നാൽ ബെയർസ്റ്റോ പറഞ്ഞതു മനസ്സിലാകാഞ്ഞതിനാൽ പഴയപോലെതന്നെയാണ് ബോൾ ചെയ്തതെന്നും ഉമ്രാൻ കഴി‍ഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

English Summary: Umran Malik: From a ‘Local Boy’ to making 150 kph the new sensation in IPL - Photos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com