ADVERTISEMENT

ഇന്ത്യൻ പ്രിമിയർ ലീഗ് 15–ാം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തിൽ യുസ്‌വേന്ദ്ര ചെഹലിനായി 25 ലക്ഷം രൂപ അധികം നൽകാൻ മടിച്ചതിന്റെ നിരാശ ഈ സീസൺ മുഴുവൻ മുംബൈ ഇന്ത്യൻസിനെ വിടാതെ പിന്തുടരും. ലേലപ്പോരിൽ മുംബൈ കൈവിട്ട ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചെഹലിന്റെ സ്പിൻ മികവിലാണ് കൈവിട്ടെന്നു കരുതിയ പല മത്സരങ്ങളും രാജസ്ഥാൻ റോയൽസ് തിരിച്ചു പിടിക്കുന്നത്.

തിങ്കളാഴ്ച രാത്രി കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ഹാട്രിക് അടക്കം 5 വിക്കറ്റു വീഴ്ത്തിയാണ് ചെഹൽ രാജസ്ഥാന് 7 റൺസിന്റെ ആവേശ ജയം സമ്മാനിച്ചത്. സ്കോർ: രാജസ്ഥാൻ– 20 ഓവറിൽ 5 വിക്കറ്റിന് 217. കൊൽക്കത്ത– 19.4 ഓവറിൽ 210നു പുറത്ത്.

∙ ആ 7 പന്തുകൾ

വിക്കറ്റ്, വിക്കറ്റ്, ഡോട് ബോൾ, 1 റൺ, വിക്കറ്റ്, വിക്കറ്റ്, വിക്കറ്റ് എന്നിങ്ങനെയായിരുന്നു ചെഹലിന്റെ അവസാന 7 പന്തുകളുടെ ഫലം. (ഇടയ്ക്കൊരു പന്ത് വൈഡ് ആയി). 31 വയസ്സുകാരനായ താരത്തിന്റെ ഐപിഎൽ കരിയറിലെ ആദ്യ 5 വിക്കറ്റ് നേട്ടമാണിത്. സീസണിലെ വിക്കറ്റു നേട്ടക്കാരുടെ പട്ടികയിലും ചെഹൽ ബഹുദൂരം മുന്നിലെത്തി (17).

∙ ചെഹൽ Vs കൊൽക്കത്ത

∙ ആദ്യ 17 പന്തുകൾ

38 റൺസ്, 0 വിക്കറ്റ്

∙ അവസാന 7 പന്തുകൾ

2 റൺസ് (1 വൈഡ്), 5 വിക്കറ്റ്

∙ നിർണായക നീക്കം

യുസ്‍വേന്ദ്ര ചെഹലിന്റെ 7 പന്തുകളാണ് മത്സരം ഞങ്ങൾക്കു നഷ്ടമാക്കിയതെന്നായിരുന്നു മത്സരശേഷം കൊൽക്കത്ത പരിശീലകൻ ബ്രണ്ടൻ മക്കല്ലം പറഞ്ഞത്. ആദ്യ 3 ഓവറുകളിൽ 38 റൺസ് വഴങ്ങിയ താരത്തെ നിർണായക സമയത്തു പന്തേൽപിച്ച ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ തീരുമാനം ഫലം കണ്ടു. തന്റെ മൂന്നാം ഓവറിലെ അവസാന പന്തിൽ നിതീഷ് റാണയെ പുറത്താക്കിയാണ് ചെഹൽ വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ടത്.

17–ാം ഓവറിൽ വീണ്ടും പന്തെറിയാനെത്തുമ്പോൾ കൊൽക്കത്തയുടെ വിജയലക്ഷ്യം 4 ഓവറിൽ 40 റൺസ്. കൈവശം 6 വിക്കറ്റുകളും. വെങ്കിടേഷ് അയ്യർ, ശ്രേയസ് അയ്യർ, ശിവം മാവി, പാറ്റ് കമിൻസ് എന്നീ 4 പേരെയും ആ ഓവറിൽ മടക്കി ചെഹൽ കളി തിരിച്ചു.

∙ സൂപ്പർ ഫിനിഷർ

സീസണിൽ കളിച്ച 6 മത്സരങ്ങളിലും ചെഹൽ വിക്കറ്റു വീഴ്ത്തി. 5 മത്സരങ്ങളിലും ഒന്നിൽ കൂടുതൽ വിക്കറ്റുകൾ. ആകെ നേടിയ 17 വിക്കറ്റുകളിൽ 11 എണ്ണവും നേടിയത് ഡെത്ത് ഓവറുകളിലുമാണ്.

∙ ലേലത്തിൽ സംഭവിച്ചത്

ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ ചെഹലിനായി മുംബൈയും രാജസ്ഥാനും മത്സരിച്ചു. ഒടുവിൽ മുംബൈയുടെ 6.25 കോടി രൂപ മറികടന്ന് രാജസ്ഥാൻ 6.5 കോടിക്ക് ലേലം വിളിച്ചു. ഇതോടെ മുംബൈ ലേലത്തിൽ നിന്നു പിൻമാറി. ചെഹൽ രാജസ്ഥാൻ ടീമിലുമെത്തി.

∙ ചെഹൽ @ ഐപിഎൽ 2022

മത്സരം: 6

വിക്കറ്റ്: 17

ബോളിങ് ശരാശരി: 10.35

ഇക്കോണമി: 7.33

English Summary: Yuzvendra Chahal gets the first hat-trick of IPL 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com