ടെസ്റ്റ് കളിച്ചിട്ടില്ല; ധനഞ്ജയയുടെ ഓവറിലെ 6 പന്തിലും സിക്സർ: 21 പന്തിനിടെ ഒരു 6 ഉറപ്പ്!

pollard-six sixes
ചിത്രം– ട്വിറ്റർ.
SHARE

15 വർഷം നീണ്ട കരിയർ. ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവു മികച്ച ഫോമിൽ കളിച്ചിരുന്ന സമയത്ത് ക്രിക്കറ്റ് ബോർഡുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് ദേശീയ ടീമിനു പുറത്ത്. പിന്നീട് 2–ാം വരവിൽ ലിമിറ്റഡ് ഓവറിൽ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിന്റെ നായകൻ. ഒരു പിടി റെക്കോർഡുകളുമായാണു മുപ്പത്തിനാലാം വയസ്സിൽ കെയ്റൻ പൊള്ളാർഡ് എന്ന മുംബൈ ഇന്ത്യൻസിന്റെ അതികായൻ രാജ്യാന്തര ക്രിക്കറ്റിനോടു വിടപറയുന്നത്.

ഏകദിനത്തിലും ട്വന്റി20യിലുമായി വെസ്റ്റ് ഇൻഡീസിനായി 224 മത്സരങ്ങൾ കളിച്ചിട്ടുള്ള പൊള്ളാർഡ് ടെസ്റ്റിൽ അരങ്ങേറിയിട്ടില്ല. ടെസ്റ്റ് മത്സരം കളിക്കാതെ ഏറ്റവും അധികം രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള താരങ്ങളുടെ പട്ടികയിൽ 2–ാം സ്ഥാനത്താണു പൊള്ളാർഡ്. 238 മത്സരങ്ങൾ കളിച്ചിട്ടുള്ള ഡേവിഡ് മില്ലറാണ് (ദക്ഷിണാഫ്രിക്ക) ഒന്നാം സ്ഥാനത്ത്. വിൻഡീസിനായി ഏറ്റവും അധികം ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരവും (101) പൊള്ളാർഡ് തന്നെ.

രാജ്യാന്തര ട്വന്റി20യിൽ ഒരോവറിലെ ആറു പന്തിലും സിക്സർ നേടുന്ന 2–ാമത്തെ താരമാണു പൊള്ളാർഡ്. 2021ൽ ശ്രീലങ്കൻ താരം അഖില ധനഞ്ജയയ്ക്കെതിരായാണു നേട്ടത്തിലെത്തിയത്.  2007ലെ കന്നി ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ യുവരാജ് സിങ്ങിനു ശേഷം, രാജ്യാന്തര ട്വന്റി20യിൽ ഒരോവറിലെ 6 പന്തും സിക്സറടിച്ച ഒരേയൊരു താരവും പൊള്ളാർഡ് തന്നെ.

ഏകദിന ക്രിക്കറ്റിൽ നൂറിൽ അധികം സിക്സ് േനടിയ താരങ്ങളിൽ ഏറ്റവും അധികം സിക്സ് റേഷ്യോ (1.2) പൊള്ളാർഡിനാണ്. ഒരു ഇന്നിങ്സിൽ പൊള്ളാർഡ് 1.2 സിക്സ് അടിച്ചിരിക്കും എന്നാണു കണക്ക്. ഏകദിനത്തിൽ ശരാശരി 21.23 പന്തിൽ പൊള്ളാർഡ് ഒരു സിക്സർ വീതം നേടിയിട്ടുണ്ട്. മുൻ പാക്ക് ഓൾറൗണ്ടർ ശഹീദ് അഫ്രീദി മാത്രമാണ് (19.64) ഈ കണക്കിൽ പൊള്ളാർഡിനു മുന്നിലുള്ളത്.

രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ ഫോറുകളെക്കാൾ കൂടുതൽ സിക്സർ നേടിയിട്ടുള്ള മൂന്നു താരങ്ങളിൽ ഒരാളാണു (99 സിക്സ്, 94 ഫോർ) പൊള്ളാർഡ്. എവിൻ ലൂയിസ് (110 സിക്സ്, 106 ഫോർ), ആന്ദ്രെ റസ്സൽ (62 സിക്സ്, 42 ഫോർ) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

∙ ധനഞ്ജയയെ ‘ഞെട്ടിച്ച’ ഓവർ

2021 മാർച്ചിൽ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലാണ് ഏതൊരു പിഞ്ച് ഹിറ്ററും എത്തിപ്പിടിക്കാൻ കൊതിക്കുന്ന നേട്ടത്തിലേക്കു പൊള്ളാർഡ് ചുവടുവച്ചത്. സ്പിന്നർ അഖില ധനഞ്ജയയുടെ ഓവറിലെ 6 പന്തിലും സിക്സർ നേടിയ പൊള്ളാർഡ്, ഹെർഷൽ ഗിബ്സ് (ദക്ഷിണാഫ്രിക്ക), യുവരാജ് സിങ് എന്നിവർക്കൊപ്പം രാജ്യാന്തര ക്രിക്കറ്റിൽ ഒരോവറിലെ 6 പന്തും സിക്സർ അടിക്കുന്ന താരങ്ങളുടെ എലീറ്റ് പട്ടികയിൽ പ്രവേശിച്ചു.

തൊട്ടുമുൻപത്തെ ഓവറിൽ നേടിയ ഹാട്രിക്കോടെ വിൻഡീസിനെ തകർ‌ത്തതിന്റെ ആത്മവിശ്വാസത്തിലെത്തിയ ധനഞ്ജയയാണ് പൊള്ളാർഡിന്റെ ‘മാരക’ പ്രഹരശേഷി അനുഭവിച്ച് അറിഞ്ഞത് എന്നതും രസകരം. 

ആന്റിഗ്വയിലെ ആദ്യ ട്വന്റി20യിൽ ആദ്യം ബാറ്റുചെയ്ത ലങ്ക വിൻഡീസിന് 132 റൺസ് വിജയലക്ഷ്യമാണു കുറിച്ചത്. മറുപടി ബാറ്റിങ്ങിൽ ആദ്യ വിക്കറ്റിൽ വിൻഡീസ് 52 റൺസ് നേടിയെങ്കിലും ധനഞ്ജയയുടെ ഹാട്രിക് കാര്യങ്ങൾ മാറ്റി മറിച്ചു. 2 ഓവറുകൾക്കിടെ ടീം 62–4 എന്ന സ്കോറിൽ ആയപ്പോഴായിരുന്നു ധനഞ്ജയ ബോളിങ്ങിന് എത്തിയത്.

പിന്നീടായിരുന്നു ക്രിക്കറ്റ് ആരാധകരെ ഏറെ രസിപ്പിച്ച ആ അവിസ്മരണീയ പ്രകടനം. ധനഞ്ജയയുടെ ഓവർ അവസാനിച്ചതോടെ 98–4 എന്ന സ്കോറിലായിരുന്നു വിൻഡീസ്!

രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചെങ്കിലും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഇന്നു നടക്കുന്ന മത്സരത്തിൽ പൊള്ളാർഡ് ഇറങ്ങും. സീസണിൽ ഇതുവരെ മികവിലേക്ക് ഉയരാനാകാതെ പോയ പോള്ളാർഡിന്റെ ഉശിരൻ പ്രകടനത്തിനായി കാത്തിരിക്കുകയാണ് മുംബൈ ആരാധകർ..!

English Summary: Stats - Pollard finishes as one of the best six-hitters in white-ball internationals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA