ADVERTISEMENT

2007ൽ തുടർച്ചയായ 3–ാം ഏകദിന ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെയാണ് ക്രിക്കറ്റിലെ അജയ്യരുടെ പകിട്ടിൽനിന്ന് ഓസീസ് താഴേയ്ക്കിറങ്ങുന്നത്. പിന്നാലെ വമ്പൻ താരങ്ങൾ ദേശീയ ടീമിനോടു വിട പറഞ്ഞു. 2011ൽ ഏകദിന ലോകകപ്പ് നിലനിർത്താൻ ഓസീസിനു കഴിഞ്ഞില്ല. 2007ൽ ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങളായിരുന്ന ആൻഡ്രൂ സൈമണ്ട്സും മുൻ ക്യാപ്റ്റന്‍ കൂടിയായ  മൈക്കൽ ക്ലാർക്കും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിൽ വിള്ളൽ വീണ കാര്യവും പിന്നാലെ വാർത്തയായിരുന്നു. വർഷങ്ങൾക്കിപ്പുറം, തന്റെയും ക്ലാർക്കിന്റെയും സൗഹൃദം തകരാൻ ഐപിഎല്ലിലെ പണം കാരണമായിരിക്കാം എന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ആൻഡ്രൂ സൈമണ്ട്സ്. മുൻ ഓസീസ് സഹതാരം ബ്രെറ്റ് ‌ലീയുടെ പോഡ്കാസ്റ്റിലാണു സൈമണ്ട്സിന്റെ തുറന്നു പറച്ചിലെന്നു ഫോക്സ് സ്പോർട്സ് റിപ്പോർട്ട് ചെയ്തു. 2008ലെ പ്രഥമ ഐപിഎല്ലിനു മുൻപുള്ള താരലേലത്തിൽ ഏറ്റവും അധികം വില നേടിയ 2–ാമത്തെ താരമായിരുന്നു സൈമണ്ട്സ്.

‘ഞാനും ക്ലാർക്കും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ക്ലാർക്ക് ടീമിലെത്തിയതിനു ശേഷം ഒട്ടേറെ മത്സരങ്ങളിൽ ഞങ്ങൾ ഒന്നിച്ചു ബാറ്റു ചെയ്തു. ക്ലാർക്കിനെ ഞാൻ നന്നായി നോക്കി. അങ്ങനെ ഞങ്ങളുടെ ബന്ധം വളർന്നു. മാത്യു ഹെയ്ഡൻ എന്നോടു പറഞ്ഞിട്ടുണ്ട് ഐപിഎൽ തുടങ്ങിയപ്പോൾ എനിക്കു വൻ തുക ലഭിച്ചത് ക്ലാർക്കിന് അൽപം അസൂയ ജനിപ്പിച്ചെന്ന്. അതാണു പിന്നീടു ഞങ്ങളുടെ സൗഹൃദം തകർത്തത്.

പണം ഇത്തരത്തിലുള്ള ഒരുപാടു കാര്യങ്ങൾ ചെയ്യും. പണം നല്ലതാണ്, അതേ സമയം വിഷവും. ഞാനും ക്ലാർക്കും തമ്മിലുള്ള ബന്ധം വിഷലിപ്തമാക്കിയത് പണമാണ്. എനിക്ക് ഇപ്പോഴും ക്ലാർക്കിനെ ബഹുമാനമാണ് അതുകൊണ്ടുതന്നെ കാര്യങ്ങളുടെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. ഞങ്ങൾ തമ്മിലുള്ള സൗഹൃദം നഷ്ടമായി. ഞാൻ ഇപ്പോൾ അതുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. പക്ഷേ, തൽക്കാലം പഴയ കാര്യങ്ങൾ ചികഞ്ഞെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’– സൈമണ്ട്സ് പറഞ്ഞു. 

മുൻപ്, സൈമണ്ട്സ് തന്റെ ക്യാപ്റ്റൻസിയെ വിമർശിച്ചിരുന്നതായി ആത്മകഥയിൽ മൈക്കൽ ക്ലാർക്ക് ആരോപിച്ചിരുന്നു. 2005ൽ ടീം ക്യാംപിലുണ്ടായ സംഭവം ഉയർത്തിക്കാട്ടി, സൈമണ്ടസ് ഓസ്ട്രേലിയയ്ക്കായി കളിക്കുന്നതിനെക്കാളേറെ, മദ്യപിക്കുന്നതിനാണു പ്രാധാന്യം നൽകിയുന്നതെന്ന് ക്ലാർക്ക് ആരോപിച്ചിരുന്നു. 

 

English Summary: 'Money is a good thing but it can be poison': Symonds on how big IPL paycheck might have triggered fall-out with Clarke

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com