ADVERTISEMENT

മുംബൈ∙ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ 11 റൺസ് തോൽവിക്കു പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്സ് ടീം ക്യാംപിൽ ആശങ്ക. മത്സരത്തിന്റെ ആദ്യ ഓവറിൽത്തന്നെ ഫീൽഡിങ്ങിനിടെ അമ്പാട്ടി റായുഡുവിനു പരുക്കേറ്റതും, കാൽക്കുഴയ്ക്കു പരുക്കേറ്റ മോയിൻ അലിക്ക് കുറഞ്ഞത് ഒരാഴ്ച എങ്കിലും വിശ്രമം വേണ്ടിവരും എന്നതുമാണു ചെന്നൈയുടെ പുതിയ ‘തലവേദന.’ ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്ന് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് അറിയിച്ചതു മാത്രമാണ് ആരാധകരുടെ ആശ്വാസം.

വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ ഓവറിൽ, മയാങ് അഗർവാളിന്റെ കവർ ഡ്രൈവ് ഡൈവ് ചെയ്തു തടയുന്നതിനിടെയാണ് റായുഡുവിനു പരുക്കേറ്റത്. വേദന കൊണ്ടു പുളഞ്ഞ റായുഡു ഉടൻതന്നെ മൈതാനവും വിട്ടു. മുറിവേറ്റ കൈയുമായി ടീം ഡ്രസിങ് റൂമിലെത്തിയ റായുഡുവിനു ടീം ഫിസിയോ ടോമി സിംസെക്കാണു പരിചരണം നൽകിയത്. 

എന്നാൽ ചെന്നൈ സൂപ്പർ കിങ്സിന്റെ റൺ ചേസിനിടെയാണ് റായുഡുവിന്റെ അർപണ മനോഭാവം ഒരിക്കൽക്കൂടി വെളിവായത്. 7 ഓവറിൽ 40 റൺസ് ചേർക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായ ചെന്നൈയെ 39 പന്തിൽ 7 ഫോറും 6 സിക്സും അടക്കം 78 റൺസെടുത്ത റായുഡുവിന്റെ ഉജ്വല ഇന്നിങ്സാണു മത്സരത്തിൽ തിരികെയെത്തിച്ചത്.

‌സന്ദീപ് ശർമയുടെ 16–ാം ഓവറിൽ തുടർച്ചയായി 3 സിക്സും ഫോറുമടക്കം 22 റൺസെടുത്ത റായുഡു ചെന്നൈയെ ഒറ്റയ്ക്കു വിജയത്തിലെത്തിക്കുമെന്നു തോന്നിച്ചെങ്കിലും 18–ാം ഓവറിൽ റായുഡുവിന്റെ നിർഭാഗ്യകരമായ പുറത്താകൽ മത്സരത്തിന്റെ വിധിയെഴുതി. കഗീസോ റബാദയുടെ ലെഗ് സ്റ്റംപിനു പുറത്തു പിച്ച് ചെയ്ത ഫുൾ ലെങ്ത് ബോൾ റായുഡുവിന്റെ കാലിൽ തട്ടിയ ശേഷം സ്റ്റംപിൽ പതിക്കുകയായിരുന്നു. 

ചെന്നൈ ബാറ്റിങ്ങിലെ ഓവർ ഇടവേളകളിൽ, റായുഡു പലതവണ ഗ്രൗണ്ടിൽ ക്ഷീണിതനായി ഇരിക്കുന്നതും ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. പരുക്കേറ്റ കൈയുമായി ബാറ്റു ചെയ്യുന്നത് ക്രിക്കറ്റ് കരിയറിനുതന്നെ വിനയായേക്കാമെന്ന ബോധ്യത്തോടെ ബാറ്റിങ്ങിന് ഇറങ്ങിയ റായുഡു ആരാധകരുടെയും പ്രശംസ പിടിച്ചുപറ്റി. 

‘റായുഡുവിന്റെ കൈയുടെ അതേ ഭാഗത്തുതന്നെ മുൻ‌പും പരുക്കേറ്റിട്ടുണ്ട്. എന്നാൽ സിംസെക്കിന്റെ പരിചരണം ഗംഭീരമായി. ഞങ്ങളുടെ ഭാഗ്യത്തിന് റായുഡുവിനു വീണ്ടും ബാറ്റിങ്ങിന് ഇറങ്ങാനായി. 

മോയിൻ അലിയുടെ എല്ലിനു പൊട്ടലില്ല എന്ന വാർത്ത സന്തോഷകരമാണ്. പക്ഷേ, അദ്ദേഹത്തിന് അൽപം കൂടി വിശ്രമം വേണ്ടിവരും. വൈകാത തന്നെ മോയിൻ മടങ്ങിയെത്തുമെന്നു പ്രതീക്ഷിക്കാം’– ചെന്നൈ കോച്ച് സ്റ്റീഫൻ ഫ്ലെമിങ് സ്പോർട്സ് പോർട്ടലായ ‘സ്പോർട്സ് കീഡ’യോട് പ്രതികരിച്ചു. റായുഡുവിന്റെ വീരോചിത ഇന്നിങ്സിനു പിന്നാലെ ഡെത്ത് ഓവറിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ പേസർമാരാണ് പഞ്ചാബിന് 11 റൺസ് വിജയം സമ്മാനിച്ചത്. 

 

English Summary: CSK in a fix as Ambati Rayudu bats with bruised hand & glove padding while Moeen Ali ruled out for at least a week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com