ADVERTISEMENT

പുണെ∙ എം.എസ്. ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്കു തിരിച്ചെത്തിയ ആദ്യ മത്സരത്തിൽത്തന്നെ ഉജ്വല വിജയം നേടാനായതിന്റെ ആവേശത്തിലാണു ചെന്നൈ സൂപ്പർ കിങ്സ് ടീം ക്യാംപ്. രവീന്ദ്ര ജഡേജയിൽനിന്ന് ധോണി നായക സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ, 12 റൺസിനായിരുന്നു ചെന്നൈയുടെ വിജയം. 2022 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കേണ്ടിവരുമെന്ന കാര്യം 2021ൽത്തന്നെ രവീന്ദ്ര ജഡേജയ്ക്ക് അറിയാമായിരുന്നു എന്നു ധോണി ഹൈദരാബാദിനെതിരായ മത്സരത്തിനു ശേഷം പ്രതികരിച്ചു.

‘ഈ വർഷം ക്യാപ്റ്റനാകേണ്ടിവരുമെന്നു കഴിഞ്ഞ സീസണിൽത്തന്നെ രവീന്ദ്ര ജഡേജയ്ക്ക് അറിയാമായിരുന്നു എന്നാണു ഞാൻ കരുതുന്നത്. ഇതിനായി തയാറെടുക്കാൻ ജഡേജയ്ക്ക് ആവശ്യത്തിനു സമയവും ലഭിച്ചിരുന്നു. ജഡേജ ടീമിനെ നയിക്കുക എന്നതായിരുന്നു ഏറ്റവും പ്രധാനം. ഈ പരിവർത്തനം സംഭവിക്കണമെന്നാണു ഞാൻ ആഗ്രഹിച്ചിരുന്നതും. ആദ്യ 2 കളിയിൽ ജഡേജയ്ക്കു ഞാൻ നിർദേശങ്ങൾ നൽകിയിരുന്നു, എന്നാൽ പിന്നീട് ആരു ബോൾ ചെയ്യണം എന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ഞാൻ ജഡേജയ്ക്കുതന്നെ വിട്ടു’– ധോണി പറഞ്ഞു.

താൻ ചെന്നൈയുടെ നായക സ്ഥാനം വീണ്ടും ഏറ്റെടുക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ചും ധോണി വിശദീകരിച്ചു. ‘സീസൺ അവസാനിക്കുമ്പോൾ ക്യാപ്റ്റൻസി ദൗത്യം മറ്റൊരാൾ നിർവഹിച്ചെന്നും ഞാൻ ടോസിനായി ഗ്രൗണ്ടിലേക്കു പോകുക മാത്രമാണു ചെയ്തതെന്നും ജഡേജയെ തോന്നിപ്പിക്കുന്നതു ശരിയല്ല. 

സ്പൂൺ ഫീഡിങ് (കോരിക്കൊടുക്കുക) എന്നതു ക്യാപ്റ്റൻസിയിൽ സഹായകമാകില്ല. കളിക്കളത്തിലെ നിർണായക തീരുമാനങ്ങൾ എടുക്കേണ്ടതും, അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതും ക്യാപ്റ്റനാണ്.

ഒരിക്കൽ ക്യാപ്റ്റനായാൽ, ആളുകൾ പലതും പ്രതീക്ഷിച്ചുതുടങ്ങും. പക്ഷേ, ഉത്തരവാദിത്തങ്ങൾ വർധിച്ചുവരുന്നത് ജഡേജയുടെ മാനസികാവസ്ഥയെ ബാധിച്ചെന്നാണു ഞാൻ കരുതുന്നത്. മുന്നൊരുക്കത്തിലും പ്രകടനത്തിലും ക്യാപ്റ്റൻസി ദൗത്യം ജഡേജയ്ക്കു ബാധ്യതയായി. ബാറ്റിങ്ങിലും ബോളിങ്ങിലും പഴയ തീക്ഷ്ണത പ്രകടിപ്പിക്കാൻ ഇതോടെ ജഡേജയ്ക്കു കഴിയാതെവന്നു. ക്യാപ്റ്റൻസി ഒഴിഞ്ഞാലാണ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഒരാൾക്കു കഴിയുന്നതെങ്കിൽ, അതാണു ഞങ്ങൾക്കു വേണ്ടത്’– ധോണി പറഞ്ഞു.

ഓപ്പണിങ് വിക്കറ്റിൽ 182 റൺസ് കൂട്ടുകെട്ട് ഉയർത്തിയ ഋതുരാജ് ഗെയ്ക്വാദ് (57 പന്തിൽ 99), ഡെവോൺ കോൺവേ (55 പന്തിൽ 85 നോട്ടൗട്ട്) സഖ്യത്തിന്റെ ബാറ്റിങ് മികവിലാണു ചെന്നൈ 2 വിക്കറ്റിന് 202 റൺസ് എന്ന വമ്പൻ ടോട്ടൽ പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിൽ, 6 വിക്കറ്റ് നഷ്ടത്തിൽ 189 എന്ന സ്കോറിൽ ഹൈദരാബാദിന്റെ പോരാട്ടം അവസാനിച്ചു. ജയത്തോടെ, പ്ലേഓഫ് പ്രതീക്ഷകൾ കെടാതെ കാക്കാനും ചെന്നൈയ്ക്കായി. 

 

English Summary: IPL 2022: MS Dhoni makes BIG revelations about Ravindra Jadeja’s Chennai Super Kings captaincy, check HERE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com