ADVERTISEMENT

2022 ഐപിഎലിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ് ചൈനമാൻ സ്പിന്നർ കുൽദീപ് യാദവിന്റെ തിരിച്ചുവരവ്. മുൻ സീസണുകളിൽ ബാറ്റർമാർ നിഷ്കരുണം തച്ചുതകർത്തുകളഞ്ഞ കുൽദീപിന്റെ ആത്മവിശ്വാസം, പതിയെ തിരിച്ചുവരുന്ന കാഴ്ച ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ മുഴുവൻ ആശ്വസിപ്പിക്കുന്നതാണ്. കാരണം ആ വിധത്തിലായിരുന്നു കുൽദീപിന്റെ പതനം.

‘കുൽച’ എന്ന വിജയസമവാക്യത്തിലൂടെ യുസ്‌വേന്ദ്ര ചെഹലുമൊത്ത് ഇന്ത്യൻ ടീമിനായി വിജയഗാഥ രചിക്കുന്നിടത്തുനിന്നായിരുന്നു ഞൊടിയിടയിൽ സ്വന്തം ഐപിഎൽ ടീമിനു പോലും വേണ്ടാത്തിടത്തേക്കുള്ള കുൽദീപ് യാദവിന്റെ വീഴ്ച. വാരിക്കോരി റൺ വഴങ്ങുന്ന, വിക്കറ്റ് കോളത്തിൽ ശൂന്യനായ കുൽദീപിന്റെ ആശയറ്റ മുഖം, അദ്ദേഹം സമ്മാനിച്ച മനോഹരമായ വിക്കറ്റോർമകൾ മനസ്സിലുള്ള ആരാധകർക്ക് കണ്ടു നിൽക്കാൻ ബുദ്ധിമുട്ടായിരുന്നു.

എന്നാൽ ഇത്തവണ ഡൽഹി ക്യാപിറ്റൽസ് ജഴ്സിയിൽ പുതിയ കുൽദീപാണ് പന്തെറിയുന്നത്. കൂടുതൽ കരുത്തനായ, നാലടി കിട്ടിയാലും പതറാതെ എറിയുന്ന കുൽദീപ് സീസണിലെ മികച്ച വിക്കറ്റ് വേട്ടക്കാരിലും മുന്നിലുണ്ട്.

∙ കൊൽക്കത്തയോട് പ്രതികാരം

ഫോം നഷ്ടപ്പെട്ട കുൽദീപ് യാദവിന് തന്റെ പഴയ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ പോലും കഴിഞ്ഞ സീസണുകളിൽ സ്ഥാനം നഷ്ടമായിരുന്നു. ഐപിഎൽ ടീം പോലും കളിപ്പിക്കാത്ത താരത്തെ പിന്നെ ടീം ഇന്ത്യ എങ്ങനെ പരിഗണിക്കാനാണ്. കൊൽക്കത്ത അതേ സ്ഥാനത്ത് മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയെ പ്രതിഷ്ഠിച്ചു. വരുൺ അവസരം മുതലാക്കിയതോടെ വൈകാതെ കഴിഞ്ഞ തവണത്തെ ട്വന്റി20 ലോകകപ്പ് ടീമിലും ഇടം പിടിച്ചു.

ചെഹലും കുൽദീപുമില്ലാത്ത ടീമിലേക്കായിരുന്നു വരുണിന്റെ സർപ്രൈസ് വരവ്. എന്നാൽ ഒറ്റ വിക്കറ്റ് പോലും നേടാനാകാതെ ചക്രവർത്തിയുടെ മിസ്റ്ററി പൊളിഞ്ഞു. മെഗാ ലേലത്തിനു മുൻപേ കുൽദീപിനെ ടീമിൽനിന്നു പറഞ്ഞുവിട്ട കൊൽക്കത്ത വരുൺ ചക്രവർത്തിയെ നിലനിർത്തി. ഈ നീക്കം കുൽദീപിന് അനുഗ്രഹമാകുകയായിരുന്നു.

ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് കുൽദീപിൽ വിശ്വാസമർപ്പിച്ചപ്പോൾ ഫലം ലഭിച്ചു തുടങ്ങി. ഈ സീസണിൽ രണ്ടു മത്സരങ്ങളിലും ഡൽഹി കൊൽക്കത്തയെ തോൽപിച്ചപ്പോൾ രണ്ടിലും 4 വിക്കറ്റ് നേട്ടവുമായി പ്ലേയർ ഓഫ് ദ് മാച്ചായിരുന്നു കുൽദീപ്. മിസ്റ്ററിക്കാരൻ വരുൺ ഇപ്പോൾ നൈറ്റ് റൈഡേഴ്സിന്റെ പ്ലേയിങ് ഇലവനിൽ പോലും ഇല്ല. കൊൽക്കത്ത കൊടുക്കാത്ത പിന്തുണയാണ് കുൽദീപിന് ഡൽഹിയിൽ കിട്ടിയത്.

∙ പന്ത് കൊള്ളാം

ക്യാപ്റ്റൻസിയുടെ കാര്യത്തിൽ ഋഷഭ് പന്തിന്റെ പല തീരുമാനങ്ങളും പാളിപ്പോകുന്നുണ്ടെങ്കിലും കുൽദീപ് യാദവിനെ ഫോമിലെത്തിക്കുന്നതിൽ പന്ത് വഹിച്ച പങ്ക് ചില്ലറയല്ല. എം.എസ്.ധോണി വിക്കറ്റിനു പിന്നിലുണ്ടായിരുന്ന കാലത്തെ ‘വൈബ്’ ആണ് പന്തുള്ളപ്പോൾ കിട്ടുന്നതെന്നാണ് കുൽദീപ് പറയുന്നത്. ഇരുവരും ചേർന്ന് ബാറ്ററെ പ്ലാൻ ചെയ്ത് കെണിയിൽ കുരുക്കുകയാണ്.

ഉള്ളുകൊണ്ട് കരുത്തനായ ചെഹലിനെ അപേക്ഷിച്ച് മാനസിക പിന്തുണ കൂടി ആവശ്യമുള്ള താരമാണ് കുൽദീപ്, അത് നൽകാൻ റിക്കി പോണ്ടിങ്ങും ഋഷഭ് പന്തും ശ്രമിക്കുന്നുമുണ്ട്. 10 മത്സരങ്ങളിൽനിന്ന് 18 വിക്കറ്റാണ് ഇതുവരെ കുൽദീപ് സ്വന്തമാക്കിയത്. താരത്തിന്റെ ബാല്യകാല പരിശീലകൻ കപിൽ പാണ്ഡെയുടെ അഭിപ്രായത്തിൽ ഈ തിരിച്ചുവരവിനുള്ള ക്രെഡിറ്റ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു കൂടെ അവകാശപ്പെട്ടതാണ്.

rishabh-pant-ricky-ponting
ഋഷഭ് പന്തും റിക്കി പോണ്ടിങ്ങും

ഐപിഎലിനു മുൻപ് വിൻഡീസുമായുള്ള മത്സരങ്ങളിലേക്ക് ടീമിൽ തിരികെയെത്തിച്ചതും താരത്തിന് ആത്മവിശ്വാസം നൽകിയതും രോഹിത്താണെന്ന് കോച്ച് പറയുന്നു. ടീം റഡാറിൽനിന്ന് അകന്നു പോയ കുൽദീപ് ഇനി ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്തിയാൽ പോലും അതിശയിക്കേണ്ടതില്ല.

English Summary: Kuldeep Yadav Backs to Form in Delhi Capitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com