ADVERTISEMENT

ഐപിഎലിൽ ഇതുവരെയുള്ള കളികളിൽ നിറം മങ്ങിപ്പോയ താരങ്ങളെ ഉൾപ്പെടുത്തി ഒരു ടീമുണ്ടാക്കിയാൽ, അതിൽ ഇടംപിടിക്കാനും കൂട്ടയിടി!

ഐപിഎൽ സീസൺ ആദ്യ പകുതി പിന്നിട്ടപ്പോൾ അപ്രതീക്ഷിതമായ പ്രകടനങ്ങളിലൂടെ ശ്രദ്ധനേടിയ ഒട്ടേറെ കളിക്കാരുണ്ട്. മറുവശത്തു മറ്റു ചിലരുടെ പ്രകടനം ശരാശരിക്കും താഴെ ഒതുങ്ങി. ട്വന്റി20 ലോകകപ്പ് പടിവാതിലിൽ നിൽക്കെ ഇന്ത്യൻ താരങ്ങൾക്കും വിദേശ താരങ്ങൾക്കും ഐപിഎലിലെ പ്രകടനം നിർണായകമാണ്. ഐപിഎലിൽ ഇതുവരെയുള്ള മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, നിറം മങ്ങിപ്പോയ താരങ്ങളെ ഉൾപ്പെടുത്തി ഒരു ‘ഫ്ലോപ് ഇലവൻ’ ഉണ്ടാക്കിയാൽ അതിൽ ഇടംപിടിക്കാനും ശക്തമായ മത്സരം ഉറപ്പ്.

രോഹിത് ശർമ

ഫ്ലോപ് ഇലവന്റെ ക്യാപ്റ്റനും ഓപ്പണറുമാകാൻ മികച്ച മറ്റൊരു താരമില്ലെന്ന് അടിവരയിടുന്ന പ്രകടനമാണ് ഈ സീസണിൽ രോഹിത് ശർമയുടേത്. മുംബൈ ഇന്ത്യൻസിന് 5 ഐപിഎൽ കിരീടങ്ങൾ സമ്മാനിച്ച രോഹിത്തിന് ഈ സീസണിലെ ആദ്യ ജയം നേടാൻ 9 മത്സരങ്ങൾ കാത്തിരിക്കേണ്ടി വന്നു. ബാറ്റിങ്ങിൽ, 9 മത്സരങ്ങളിൽ നിന്ന് 17.22 ശരാശരിയിൽ 155 റൺസ് മാത്രമാണ് രോഹിത്തിനു നേടാനായത്.

ഇഷാൻ കിഷൻ

ഐപിഎൽ താരലേലത്തിൽ 15.25 കോടിക്കു മുംബൈ സ്വന്തമാക്കിയ യുവതാരം ഇഷാൻ കിഷനായിരിക്കും ഫ്ലോപ് ഇലവനിൽ രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുക. 9 മത്സരങ്ങളിൽ നിന്ന് 28.13 ശരാശരിയിൽ 2 അർധസെഞ്ചറി ഉൾപ്പെടെ 225 റൺസാണ് കിഷൻ ഇതുവരെ നേടിയത്.

വിരാട് കോലി

കുറച്ചു കാലമായി കേടായിക്കിടക്കുന്ന ടീം ഇന്ത്യയുടെ റൺ മെഷീൻ വിരാട് കോലിയുടെ തിരിച്ചുവരവ് ഈ ഐപിഎലിൽ പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. 11 മത്സരങ്ങളിൽ നിന്ന് 21.60 ശരാശരിയിൽ 216 റൺസാണ് കോലി ഇതുവരെ നേടിയത്.

ജോണി ബെയർസ്റ്റോ

ഇംഗ്ലിഷ് ടീമിലെ സൂപ്പർ ബാറ്റർ ജോണി ബെയർസ്റ്റോ മറക്കാനാഗ്രഹിക്കുന്ന ഐപിഎൽ സീസണായിരിക്കും ഇത്. 7 മത്സരങ്ങളിൽനിന്ന് 11.43 ശരാശരിയിൽ 80 റൺസാണ് പഞ്ചാബ് കിങ്സ് താരത്തിന് ഇതുവരെ നേടാനായത്. കഴിഞ്ഞ സീസണിൽ 40നു മുകളിൽ ബാറ്റിങ് ശരാശരിയുണ്ടായിരുന്ന താരമായിരുന്നു ബെയർസ്റ്റോ.

മിച്ചൽ മാർഷ്

ഓസ്ട്രേലിയയുടെ വെടിക്കെട്ട് ഓൾറൗണ്ടർ മിച്ചൽ മാർഷ് ഈ സീസണിൽ ഏറ്റവും പ്രതീക്ഷയുള്ള വിദേശ താരങ്ങളിൽ ഒരാളായിരുന്നു. എന്നാൽ 4 മത്സരങ്ങളിൽ നിന്ന് 18.50 റൺസ് ശരാശരിയിൽ 74 റൺസാണ് മാർഷിന് ഇതുവരെ നേടാനായത്. ബോളിങ്ങിലും കാര്യമായ സംഭാവന നൽകാൻ മാർഷിനു സാധിച്ചില്ല.

വിജയ് ശങ്കർ

ടീം ഇന്ത്യയുടെ ‘ത്രീഡി ഓൾറൗണ്ടർ’ വിജയ് ശങ്കറിന്റെ തിരിച്ചവരവിന് ഈ ഐപിഎൽ വേദിയാകുമെന്നു പ്രതീക്ഷിച്ചവർ ഏറെ. എന്നാൽ 4 മത്സരങ്ങളിൽനിന്ന് 19 റൺസാണ് ഈ ഗുജറാത്ത് താരത്തിന് ഇതുവരെ നേടാനായത്. ബോളിങ്ങിലും പാടേ നിരാശപ്പെടുത്തി

വെങ്കടേഷ് അയ്യർ

ഹാർദിക് പാണ്ഡ്യയ്ക്കു പകരം സിലക്ടർമാർ കണ്ടെത്തിയ കൊൽക്കത്ത താരം വെങ്കടേഷ് അയ്യരായിരിക്കും ഫ്ലോപ് ഇലവനിൽ വിജയ് ശങ്കറിനൊപ്പം ഓൾറൗണ്ടർ പദവി അലങ്കരിക്കുക. 9 മത്സരങ്ങളിൽനിന്ന് 16.5 റൺസ് ശരാശരിയിൽ 132 റൺസാണ് വെങ്കടേഷ് ഇതുവരെ നേടിയത്. വിക്കറ്റ് നേട്ടമില്ല.

കയ്റൻ പൊള്ളാർഡ്

മുംബൈ ഇന്ത്യൻസിന്റെ വിശ്വസ്തനായ പടനായകൻ കയ്റൻ പൊള്ളാർഡിന്റെ ദയനീയ പ്രകടനത്തിനാണ് ഇത്തവണത്തെ ഐപിഎൽ സാക്ഷ്യം വഹിച്ചത്. 9 മത്സരങ്ങളിൽ നിന്ന് 16.71 റൺസ് ശരാശരിയിൽ 117 റൺസ് മാത്രമാണ് പൊള്ളാർഡിന്റെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് 122ൽ താഴെ മാത്രം.

പാറ്റ് കമിൻസ്

ട്വന്റി 20യിൽ സ്റ്റാർ ബോളറല്ലെങ്കിലും ഓസീസ് ടെസ്റ്റ് ടീം ക്യാപ്റ്റൻ കൂടിയായ പാറ്റ് കമിൻസിന്റെ വരവ് ചില്ലറ പ്രതീക്ഷയൊന്നുമല്ല കൊൽക്കത്ത ക്യംപിനു നൽകിയത്. കൂറ്റൻ അടികളിലൂടെ ഒരു മത്സരത്തിൽ കൊൽക്കത്തയുടെ വിജയശിൽപിയാകാൻ കമിൻസിനു സാധിച്ചെങ്കിലും 4 മത്സരത്തിൽ നിന്ന് 12 ഇക്കോണമി റേറ്റിൽ 4 വിക്കറ്റ് മാത്രമാണ് നേടാനായത്

മുഹമ്മദ് സിറാജ്

ഏറെ പ്രതീക്ഷയോടെ ബാംഗ്ലൂർ ടീം നിലനിർത്തിയ പേസർ മുഹമ്മദ് സിറാജും ഇത്തവണ ഫ്ലോപ് ഇലവനിൽ ഇടം പിടിക്കാനുള്ള പ്രകടനം മാത്രമാണ് പുറത്തെടുത്തത്. 11 മത്സരങ്ങൾ കളിച്ച സിറാജിന്റെ ഇക്കോണമി റേറ്റ് 9.48 ആണ്. ആകെ നേടാനായത് 8 വിക്കറ്റും

വരുൺ ചക്രവർത്തി

ഇന്ത്യയുടെ മാന്ത്രിക സ്പിന്നർ വരുൺ ചക്രവർത്തിയും ഇത്തവണ നിരാശപ്പെടുത്തി. കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്ത നിലനിർത്തിയ വരുൺ ഈ സീസണിൽ കളിച്ച 8 മത്സരങ്ങളിൽനിന്നായി നേടിയത് 4 വിക്കറ്റാണ്.

റിസർവ് ബെഞ്ച്

ഇവർക്കു പുറമേ,  ഷാർദൂൽ ഠാക്കൂർ, ജയ്സൻ ഹോൾഡർ, മനീഷ് പാണ്ഡെ തുടങ്ങി പ്രതീക്ഷയ്ക്കൊത്തുയരാത്ത താരങ്ങളുടെ ലിസ്റ്റ് നീളും.

English Summary: Worst players in IPL 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com