ADVERTISEMENT

മുംബൈ∙ ഐപിഎൽ സീസണിൽ ഉജ്വല വേഗത്തിൽ‌ പന്തെറിയുന്ന സൺറൈസേഴ്സ് ഹൈദരാബാദ് യുവതാരം ഉമ്രാൻ മാലിക്കിനെ ഇന്ത്യൻ ദേശീയ ടീമിൽ എടുക്കാൻ വൈകരുതെന്നും, ട്വന്റി20 ലോകകപ്പിൽ ജസ്പ്രീത് ബുമ്രയ്ക്കൊപ്പം ഉമ്രാനെ ബോൾ ചെയ്യിപ്പിക്കണമെന്നും അഭിപ്രായപ്പെട്ട് മുൻ ഇന്ത്യൻ സ്പിന്നറും രാജ്യസഭാംഗവുമായ ഹർഭജൻ സിങ്.

മണിക്കൂറിൽ 157 കിലോമീറ്റർ വേഗത്തിൽ ബോൾ ചെയ്ത ഉമ്രാമന്റെ പേരിലാണ് ഐപിഎൽ സീസണിൽ ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ താരത്തിനുള്ള റെക്കോർഡ്.

കഴിഞ്ഞ 2 മത്സരങ്ങളിൽ 50 റൺസിനു മുകളിൽ വഴങ്ങിയെങ്കിലും, തുടർച്ചയായി 150 കിലോമീറ്റർ വേഗത്തിനു മുകളിൽ പന്തെറിഞ്ഞാണ് ഉമ്രാൻ ക്രിക്കറ്റ് നിരൂപകരുടെയും ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.

‘ഉമ്രാനെയാണ് എനിക്ക് ഏറ്റവും താൽപര്യം. അവർ ഇന്ത്യൻ ടീമിൽ കളിക്കണമെന്നാണ് ആഗ്രഹം. 150 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ പന്തെറിഞ്ഞിട്ടും രാജ്യത്തിനായി കളിക്കാത്ത ഒരു പേസ് ബോളറുടെ പേരു പറയൂ. ഇതു വളരെ വലിയൊരു കാര്യമാണ്. ഒട്ടേറെ യുവാക്കൾക്കു പ്രചോദനം നൽകാൻ പോന്ന താരമാണ് ഉമ്രാൻ. അവന്റെ ഐപിഎല്ലിലെ പ്രകടനം അവിശ്വസനീയമാണ്. 

ഉമ്രാനെ ഇന്ത്യൻ ടീമിലെടുക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. പക്ഷേ സിലക്‌ഷൻ കമ്മിറ്റിയിൽ ഞാൻ ഉൾപ്പെട്ടിരുന്നെങ്കിൽ, നിശ്ചയമായും ഉമ്രാനെ ടീമിൽ എടുക്കുമായിരുന്നു. ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ബുമ്രയെക്കൊപ്പം ഉമ്രാൻ പന്തെറിയണം’– ഹർഭജൻ പ്രതികരിച്ചു.

‘രാജ്യാന്തര ക്രിക്കറ്റിൽ സമ്മർദം കൂടുതലാണ് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, ലോകോത്തര താരങ്ങൾക്കെതിരെ ഉമ്രാൻ ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മികച്ച ഇന്ത്യൻ ബാറ്റർമാർക്കെതിരെയും ഉമ്രാൻ പന്തെറിയുന്നു. കളിക്കുന്നത് ഓസീസിനെതിരെ ആയാലും, അല്ല നെതർലൻഡ്സിനെതിരെ ആയാലും സമ്മർദം ഉണ്ടാകും. ഇത് അതിജീവിച്ചാൽ മാത്രമേ മികച്ച ക്രിക്കറ്ററായി പരിണമിക്കാൻ സാധിക്കൂ. ഉമ്രാൻ ഇതൊക്കെ മനസ്സിലാക്കും എന്നാണു കരുതുന്നത്. അവർ ഭാവിയുടെ വാഗ്ദാനമാണ്. ഇന്ത്യയ്ക്കായി കളിക്കുകതന്നെ ചെയ്യുമെന്നാണ് ഞാൻ ഉറച്ചു വിശ്വസിക്കുന്നത്’– ഹർഭജന്റെ വാക്കുകൾ. 

 

English Summary: 'Name a pacer bowling at over 150 and not playing for country': India legend wants Umran to partner Bumrah at T20 WC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com