മുൽട്ടാൻ ടെസ്റ്റ്; സച്ചിൻ 200 തികച്ചിട്ടേ ഇന്ത്യ ഡിക്ലയർ ചെയ്യാമായിരുന്നുള്ളു: യുവരാജ് സിങ്

sachin-yuvi
സച്ചിനും യുവരാജും (ഫയൽ ചിത്രം).
SHARE

മുംബൈ∙ ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചറി തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് വീരേന്ദർ സേവാഗ് സ്വന്തമാക്കിയ 2004ലെ മുൾട്ടാൻ ടെസ്റ്റിൽ സച്ചിൻ തെൻഡുൽക്കറെ ഡബിൾ സെഞ്ചറി നേടാൻ ഇന്ത്യ അനുവദിക്കണമായിരുന്നു എന്ന അഭിപ്രായ പ്രകടനവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. സച്ചിൻ 194 റൺസുമായി ബാറ്റു ചെയ്യുമ്പോഴായിരുന്നു ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന്റെ തീരുമാനം. ദ്രാവിഡിന്റെ ഈ തീരുമാനത്തെ അനുകൂലിച്ചും എതിർത്തും ഒട്ടേറെ ക്രിക്കറ്റ് വിദഗ്ധരും പിന്നാലെ രംഗത്തെത്തിയിരുന്നു.

5 വിക്കറ്റിന് 675 എന്ന സ്കോറിലാണ് ഇന്ത്യ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. യുവരാജ് സിങ് 59 റൺസെടുത്തു പുറത്തായതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. 18 വർഷങ്ങൾക്കു മുൻപു നടന്ന സംഭവത്തെക്കുറിച്ച്, സ്പോർട്സ് 18നോടാണ് യുവി മനസ്സുതുറന്നത്.

‘സ്കോറിങ് വേഗം കൂട്ടണമെന്നും അധികം വൈകാതെ ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ ഉദ്ദേശിക്കുന്നതായും ഇടയ്ക്കു ഞങ്ങൾക്കു സന്ദേശം ലഭിച്ചു. ഒരോവർ കൂടി നൽകിയിരുന്നെങ്കിൽ സച്ചിന് 200 തികയ്ക്കാൻ സാധിക്കുമായിരുന്നു. പിന്നീട് ഞങ്ങൾ 8–10 ഓവറുകൾ ബോൾ ചെയ്യുകയും ചെയ്തു. രണ്ട് ഓവർ കൂടി ഇന്ത്യ ബാറ്റു ചെയ്യുന്നതു മത്സരഫലത്തെ ബാധിച്ചേനെ എന്നു ഞാൻ കരുതുന്നില്ല. 

കളിയുടെ മൂന്നാം ദിവസമോ നാലാം ദിവസമോ ആണ് ഇതൊക്കെ നടക്കുന്നത് എങ്കിൽ ടീമിനു തന്നെയാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. അങ്ങനെയെങ്കിൽ നിങ്ങൾ 150 റൺസ് എടുത്തുനിൽക്കെത്തന്നെ മത്സരം ചിലപ്പോൾ ഡിക്ലയർ ചെയ്യേണ്ടിവരും. പക്ഷേ, മുൽട്ടാൻ ടെസ്റ്റിൽ സച്ചിനെ 200 നേടാൻ അനുവദിക്കണമായിരുന്നു’– യുവരാജ് പറഞ്ഞു.

മുൽട്ടാൻ ടെസ്റ്റ് ഇന്നിങ്സിനും 52 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര 2–1നാണ് ഇന്ത്യ സ്വന്തമാക്കിയതും.  മുൾട്ടാൻ ടെസ്റ്റിനു ശേഷം നടന്ന ലാഹോർ ടെസ്റ്റിൽ സെഞ്ചുറി കുറിച്ച യുവരാജ്, 57.50 ശരാശരിയിൽ 200 റൺസാണ് പരമ്പരയിൽ ആകെ നേടിയത്. 

സൗരവ് ഗാംഗുലി വിരമിച്ചതോടെയാണു തനിക്കു ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ അവസരങ്ങൾ ലഭിച്ചതെന്നും എന്നാൽ പിന്നാലെ കാൻസർ രോഗബാധിതനായതാണു തന്റെ ടെസ്റ്റ് കരിയറിനു തിരിച്ചടിയായതെന്നും യുവരാജ് പറഞ്ഞു. ‘ദാദ വിരമിച്ചതിനു ശേഷം ടെസ്റ്റിൽ അവസരങ്ങൾ ലഭിച്ചപ്പോൾ എനിക്കു കാൻസർ ബാധിച്ചു. കടുത്ത നിർഭാഗ്യമായിരുന്നു അത്. 100 ടെസ്റ്റ് കളിക്കുക, പേസർമാരെ നേരിടുക, 2 ദിവസം ബാറ്റുചെയ്യുക എന്നതായിരുന്നു ആഗ്രഹം. അതിനായി രാവും പകലും ശ്രമിച്ചു. പക്ഷേ, അത് എനിക്കു വിധിച്ചിട്ടുണ്ടായിരുന്നില്ല’– യുവരാജ് പറഞ്ഞു.

ഇന്ത്യയ്ക്കായി 40 ടെസ്റ്റ് മത്സരങ്ങളാണു യുവരാജ് കളിച്ചിട്ടുള്ളത്. 33.92 ബാറ്റിങ് ശരാശരിയിൽ 1,900 റൺസാണു നേടിയിട്ടുള്ളത്. 

English Summary: "Team Could Have Declared" After Sachin Tendulkar's 200: Yuvraj Singh On 2004 Multan Test vs Pakistan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA