ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായതിനു പിന്നാലെ കൗണ്ടി ക്രിക്കറ്റിൽ ‘മാരക’ ബാറ്റിങ് പ്രകടനം പുറത്തെടുത്ത് ബെൻ സ്റ്റോക്സ്. വോർസെസ്റ്റർഷറിനെതിരായ മത്സരത്തിൽ, ദർഹമിനായി സെഞ്ചറി തികയ്ക്കാൻ സ്റ്റോക്സിനു വേണ്ടിവന്നത് വെറും 64 പന്തുകൾ. മത്സരത്തിന്റെ ഒരോവറിൽ തുടർച്ചയായ 5 സിക്സും ഒരു ഫോറുമടക്കം 34 റൺസാണു സ്റ്റോക്സ് അടിച്ചെടുത്തത്.

സ്റ്റോക്സിന്റെ ബാറ്റിങ് മികവിൽ 580–6 എന്ന കൂറ്റർ സ്കോറിലാണ് ദർഹം ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. 88 പന്തിൽ 161 റൺസ് അടിച്ചതിനു ശേഷം പുറത്തായെങ്കിലും, അതിനു മുൻപുതന്നെ സ്റ്റോക്സ് കൗണ്ടി ക്രിക്കറ്റിലെ ലോക റെക്കോർഡിലെത്തിയിരുന്നു. ഇന്നിങ്സിൽ, 17 സിക്സറുകളാണ് സ്റ്റോക്സ് നേടിയത്. കൗണ്ടി ക്രിക്കറ്റ് ചാംപ്യൻഷിപ്പിലെ ഒരു ഇന്നിങ്സിൽ ഏറ്റവും അധികം സിക്സർ നേടുന്ന താരത്തിനുള്ള റെക്കോർഡാണ് സ്വന്തമാക്കിയത്. ഇന്നിങ്സിന്റെ 3–ാം ഓവറിൽ ക്രീസിലെത്തിയ സ്റ്റോക്സ് തുടക്കം മുതലേ തകർത്തടിച്ചു.

പതിനെട്ടുകാരൻ ജോഷ് ബേക്കർ എറിഞ്ഞ 117–ാം ഓവറിലാണ് സ്റ്റോക്സ് 34 റൺസ് നേടിയതും സെഞ്ചറി തികച്ചതും. 6,6,6,6,6,4 എന്നിങ്ങനെയായിരുന്നു ആ ഓവറിലെ സ്റ്റോക്സിന്റെ സ്കോറിങ്. 

ജോ റൂട്ടിന്റെ രാജിയെത്തുടർന്ന്, കഴിഞ്ഞ മാസമാണ് സ്റ്റോക്സിനെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റനായി നിയമിച്ചത്. ജൂണിൽ ന്യൂസീലൻഡിനെതിരായ പരമ്പരയിലാകും സ്റ്റോക്സ് ആദ്യമായി ഇംഗ്ലണ്ടിനെ നയിക്കുക. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽനിന്നു തഴഞ്ഞ വെറ്ററൻ പേസർമാരായ ജയിംസ് ആൻഡേഴ്സൻ, സ്റ്റുവർട്ട് ബ്രോഡ് എന്നിവർ ഫിറ്റ്നെസ്സ് തെളിയിച്ചാൽ, ടീം സിലക്‌ഷനായി പരിഗണിക്കും എന്നു ക്യാപ്റ്റനായി ചുമതല ഏറ്റെടുത്തതിനു ശേഷം സ്റ്റോക്സ് പ്രതികരിച്ചിരുന്നു. 

 

English Summary: Watch: Ben Stokes goes 6, 6, 6, 6, 6, 4 in an over en route to 64-ball century, creates world record in County cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com