ADVERTISEMENT

മുംബൈ∙ ഐപിഎല്ലിൽ ഡെത്ത് ഓവറുകളില്‍ അവിശ്വസനീയമാം വിധം തകർത്തടിക്കുന്ന ബാംഗ്ലൂർ മധ്യനിര താരം ദിനേഷ് കാർത്തികിന് പ്രശംസയുമായി ക്രിക്കറ്റ് വിദഗ്ധരും ആരാധകരും. ഹൈദരാബാദിനെതിരായ മത്സരത്തിൽ, ബാംഗ്ലൂര്‍ 18.2 ഓവറിൽ 159–3 എന്ന സ്കോറിൽ നിൽക്കെ ബാറ്റിങ്ങിന് ഇറങ്ങിയ കാർത്തിക്, പിന്നീടുള്ള 8 പന്തിൽ പുറത്താകാതെ അടിച്ചെടുത്തത് 30 റൺസാണ്. നാലു സിക്സറുകളും ഒരു ഫോറുമാണു കാർത്തികിന്റെ ബാറ്റിൽനിന്നു പിറന്നത്.

12 കളിയിൽ 274 റൺസാണ് കാർത്തിക് ഐപിഎൽ സീസണിൽ ഇതുവരെ അടിച്ചെടുത്തത്. ഡെത്ത് ഓവറുകളിൽ ബാറ്റിങ്ങിനെത്തി വളരെ കുറഞ്ഞ സമയംകൊണ്ടുതന്നെ സ്കോറിങ് ഉയർത്തുന്ന ബാറ്റിങ് ശൈലിതന്നെയാണ് ഈ വെറ്ററൻ താരത്തിന്റെ ഏറ്റവും വലിയ സവിശേഷതയും.

ഐപിഎല്ലിൽ അടിച്ചുകസറുന്ന ദിനേഷ് കാർത്തിക് ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഫിനിഷറുടെ റോളിൽ ഉണ്ടാകുമെന്നാണ് ആരാധകരുടെയും നിരൂപകരുടെയും പ്രതീക്ഷ.

ഹൈദരാബാദിനെതിരായ മത്സരത്തിലെ കാർത്തികിന്റെ ഇന്നിങ്സിനു പിന്നാലെ മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ, ‘10 ബോൾ മാത്രം ബാക്കിയുള്ളപ്പോൾ ബാറ്റിങ്ങിനെത്തും. ഇന്നിങ്സിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പ്രകടനം കാഴ്ചവയ്ക്കും. ചിരിക്കും, പോകും. ഇങ്ങനെയാണു ഡികെയുടെ കാര്യങ്ങള്‍.’

ദിനേഷ് കാർത്തികിനെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിശ്ചയമായും ഉൾപ്പെടുത്തണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൾ വോണും ട്വിറ്ററിൽ കുറിച്ചു.

കാർത്തികിനെ ഇന്ത്യൻ‌ ട്വന്റി20 ടീമിൽ എടുത്തില്ലെങ്കിൽ രോഹിത്തും ദ്രാവിഡും സ്വമേധയാ രാജിവയ്ക്കണമെന്ന് ഒരു ആരാധകൻ ട്വീറ്റ് ചെയ്തപ്പോൾ മറ്റൊരാളുടെ ട്വീറ്റ് ഇങ്ങനെ, ‘ഓസ്ട്രേലിയയിലേക്കുള്ള വിമാനത്തിൽ ഡികെയ്ക്ക് ടിക്കറ്റ് വേണ്ട. അദ്ദേഹമാണു പൈലറ്റ്!’ 

 

Emglish Summary: IPL 2022: 'Dinesh Karthik Doesn't Need Ticket to Australia, He is The Pilot'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com