ADVERTISEMENT

സെഞ്ചറികളോടു കോലി ആരാധകർക്കുള്ള ‘ഭ്രമം’ പോലൊന്ന് ഇപ്പോൾ വിരാട് കോലിയെയും അലട്ടുന്നുണ്ട്; പൂജ്യത്തോടുള്ള പരിഭ്രമം!

ഫ്രഞ്ച് ചിത്രകാരനായ പോൾ സെസാൻ നിരന്തരം ചിത്രങ്ങൾ വരച്ച് പ്രശസ്തമാക്കിയ കൊടുമുടികളിലൊന്നാണ് മൗണ്ട് സെന്റ് വിക്ടോയ്ർ. ഫ്രഞ്ച് ആൽപ്സ് പർവതനിരകളിലുള്ള ഈ ഹൈക്കിങ് സ്പോട്ടിനെ പക്ഷേ കായികലോകത്തു പ്രശസ്തമാക്കിയത് മറ്റൊരാളാണ്– സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്. 2018 ജൂണിൽ പരുക്കും വിഷാദവുമെല്ലാം അലട്ടിയ കാലത്ത് ജോക്കോ ഭാര്യ യെലേനയ്ക്കൊപ്പം വിക്ടോയ്ർ കൊടുമുടി കയറാൻ പോയി. ‘മൂന്നു മണിക്കൂർ മറ്റെല്ലാം മറന്ന അധ്വാനത്തിനു ശേഷം മുകളിലെത്തിയപ്പോൾ ഞാൻ താഴേക്കു നോക്കി. പുതിയൊരു കാഴ്ച, പുതിയൊരു ഉണർവ്. പുതിയൊരു മനുഷ്യനായതു പോലെ’– തലച്ചോർ മാറ്റിവച്ചതു പോലുള്ള ആ അനുഭവത്തെക്കുറിച്ച് ജോക്കോ പറഞ്ഞു. മലയിറങ്ങിയ ജോക്കോ ആ വർഷം തന്നെ വീണ്ടും ലോക ടെന്നിസിന്റെ കൊടുമുടി കയറി. ആദ്യം വിമ്പിൾഡൻ, പിന്നെ യുഎസ് ഓപ്പൺ!

വിരാട് കോലിയുമായി അടുപ്പമുണ്ടായിരുന്നെങ്കിൽ ജോക്കോ ഈ  ‘ആൽ‍പ്സ് തെറപ്പി’ അദ്ദേഹത്തിനു നിർദ്ദേശിച്ചേനെ. കോലിയുടെ പ്രശ്നം അദ്ദേഹത്തിന്റെ ബാറ്റിലല്ല, ബ്രെയിനിനുള്ളിൽ തന്നെയാണ് എന്നു തിരിച്ചറിയാവുന്ന ഒരാളാണ് അദ്ദേഹത്തിനിപ്പോൾ വേണ്ടത് എന്നു തോന്നുന്നു. 

കോലിയുടേത് കൃത്യമായ ഒരു ‘ടെക്നിക്കൽ പ്രോബ്ലം’ അല്ല എന്നു പറയാൻ കാരണം ഈ സീസണിൽ അദ്ദേഹം പുറത്തായ രീതികളുടെ വൈവിധ്യം തന്നെയാണ്. ഈ സീസണിൽ കളിച്ച 12 മത്സരങ്ങളിൽ പഞ്ചാബിനെതിരെ ആദ്യ മത്സരത്തിലൊഴികെ എല്ലാറ്റിലും കോലി ഔട്ടായി. ഇതിൽ കൊൽ‍ക്കത്തയ്ക്കെതിരെ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി, രാജസ്ഥാനെതിരെയും ഡൽഹിക്കെതിരെയും ആദ്യ മത്സരങ്ങളിൽ റൺഔട്ടായി, മുംബൈയ്ക്കെതിരെ വിക്കറ്റിനു മുന്നിൽ കുരുങ്ങി, ചെന്നൈയ്ക്കെതിരെ ഡീപ് സ്ക്വയർ ലെഗിൽ ക്യാച്ച്, ലക്നൗവിനെതിരെ ആദ്യ മത്സരത്തിലും രാജസ്ഥാനെതിരെ രണ്ടാം മത്സരത്തിലും പോയിന്റിൽ ക്യാച്ച്, ഹൈദരാബാദിനെതിരെ ആദ്യ മത്സരത്തിൽ സെക്കൻഡ് സ്‌‌ലിപ്പിൽ ക്യാച്ച്, ഗുജറാത്തിനെതിരെ ആദ്യ മത്സരത്തിലും ചെന്നൈയ്ക്കെതിരെ രണ്ടാം മത്സരത്തിലും ബോൾഡ്, ഹൈദരാബാദിനെതിരെ ഇന്നലെ മിഡ്‌വിക്കറ്റിൽ ക്യാച്ച്.. ഓഫ്സൈഡിനു പുറത്ത് പ്രലോഭിപ്പിക്കുന്ന പന്തുകളായിരുന്നു മുൻപ് കോലിയുടെ പ്രശ്നമെങ്കിൽ ഇപ്പോൾ ഏതു പന്തിൽ വേണമെങ്കിലും പുറത്താകാം എന്ന സ്ഥിതി; എന്തു ‘ടെക്നിക്കൽ പരിഹാരമാണ്’ കോലിക്കു നിർദേശിക്കുക!

സെഞ്ചറികളോട് കോലി ആരാധകർക്കുള്ള ‘ഭ്രമം’ പോലൊന്ന് ഇപ്പോൾ കോലിയെയും അലട്ടുന്നുണ്ടെന്നു തോന്നുന്നു– പൂജ്യത്തോടുള്ള പരിഭ്രമം! അങ്ങനെയെങ്കിൽ കോലി മാതൃകയാക്കേണ്ടത് മറ്റൊരാളെയാണ്– ലക്നൗ ക്യാപ്റ്റൻ കെ.എൽ.രാഹുലിനെ. കോലിയെപ്പോലെ ഈ സീസണിൽ 3 വട്ടം രാഹുലും പൂജ്യത്തിനു പുറത്തായിട്ടുണ്ട്. എന്നിട്ടും റൺവേട്ടക്കാരുടെ പട്ടികയിൽ രാഹുൽ രണ്ടാമതുണ്ട്! 

പെർഫക്‌ഷനിസം, ഫിറ്റ്നസ്, അഗ്രസീവ്‌നെസ് തുടങ്ങി തന്റെ  നല്ല ഗുണങ്ങളെല്ലാം ഇപ്പോൾ  കോലിയെ വേട്ടയാടുകയാണെന്നു പറയാം. ഒരു കളിയിൽ ഔട്ടായാൽ അതു വിട്ടു കളയുന്ന പതിവ് തനിക്കില്ല എന്നു കോലി മുൻപു പറഞ്ഞിട്ടുണ്ട്. നിരന്തരം അതിന്റെ ‘റീപ്ലേ’ കണ്ട് തിരുത്താൻ ശ്രമിക്കും. നിസ്സാരമായി വിട്ടു കളയാവുന്ന ചില പുറത്താക്കലുകൾ പോലും ഇങ്ങനെ ചിന്തിച്ചു കൂട്ടി കോലി സങ്കീർണമാക്കുന്നുണ്ട് എന്നാണ് ക്രീസിൽ അദ്ദേഹത്തിന്റെ ‘അധിക കരുതൽ’ കാണിക്കുന്നത്. ഇനി ആ തെറ്റു വരുത്തിക്കൂടാ എന്ന കർശനിർദേശം നൽകി കോലി തന്നെത്തന്നെ സമ്മർദത്തിലാക്കുകയാണ്.ഇന്നലെ ഔട്ടായതിനു ശേഷമുള്ള കോലിയുടെ അടങ്ങാത്ത നിരാശാപ്രകടനങ്ങളും ഇതിന്റെ സൂചനകൾ. കോലിയുടെ ‘ശത്രുക്കൾ’ മോയീൻ അലിയോ ദുഷ്മന്ത ചമീരയോ ഒന്നുമല്ല; അതു കോലി തന്നെയാണ്. കോലി ആ ‘എതിരാളിയെ’ വരുതിയിലാക്കുന്നതിനു കാത്തിരിക്കാം. 

 

Content Highlights: IPL, Virat Kohli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com