ADVERTISEMENT

മുംബൈ∙ ഐപിഎല്ലിലെ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനായെങ്കിലും, മത്സരത്തിനു പിന്നാലെയുള്ള ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പരാമർശം കൊൽക്കത്ത ടീം മാനേജ്മെന്റിന് അത്ര പിടിച്ചിട്ടുണ്ടാകാൻ ഇടയില്ല. ടീം സിലക്‌ഷനിൽ സിഇഒയ്ക്കും പങ്കുണ്ടെന്നായിരുന്നു ശ്രേയസ് അയ്യർ മത്സരശേഷം പ്രതികരിച്ചത്.

ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ജസ്പ്രീത് ബുമ്രയ്ക്കു മുന്നിൽ ബാറ്റർമാർ കൂട്ടത്തോടെ വീണതോടെ സ്കോർ ബോർഡിൽ 165 റൺസ് എത്തിക്കാനേ കഴിഞ്ഞുള്ളു എങ്കിലും മുംബൈയെ വെറും 113 റൺസിന് എറിഞ്ഞൊതുക്കിയ കൊൽക്കത്ത 52 റൺസിനു മത്സരം ജയിച്ചിരുന്നു.

മത്സരത്തിനു പിന്നാലെ, ടീമിലെ മാറ്റങ്ങളെക്കുറിച്ചും ചില താരങ്ങളെ പുറത്തിരുത്തുന്നതിനെക്കുറിച്ചുമുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് ടിം സിലക്‌ഷനിൽ സിഇഒ വെങ്കി മൈസൂർ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് ശ്രേയസ് അയ്യർ തുറന്നുപറഞ്ഞത്. 

‘ടീമിൽനിന്നു പുറത്തിരുന്നതിനെപ്പറ്റി കളിക്കാരോടു പറയുക എന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്. പരിശീലകനും, ചിലപ്പോഴൊക്കെ സിഇഒയും ടീം സിലക്‌ഷൻ പ്രക്രിയകളിൽ ഉൾപ്പെട്ടിട്ടുണ്ടാകും. എല്ലാ താരങ്ങളും ഇതു സ്വീകരിക്കും. എല്ലാവരും തങ്ങളുടെ കഴിവിന്റെ പരമാവധി ടീമിനായി നൽകുകയും ചെയ്യും’– ഇയായിരുന്നു ശ്രേയസ് അയ്യരുടെ പ്രതികരണം.

മുംബൈയ്ക്കെതിരായ മത്സരത്തിനുള്ള പ്ലേയിങ് ഇലവനിൽ, 5 മാറ്റങ്ങളാണു കൊൽക്കത്ത വരുത്തിയിരുന്നത്. അജിൻക്യ രഹാനെ, പാറ്റ് കമ്മിൻസ്, വെങ്കിടേഷ് അയ്യർ, വരുൺ ചക്രവർത്തി, ഷെൽഡന്‍ ജാക്സൻ എന്നിവരാണു മുംബൈയ്ക്കെതിരെ പ്ലേയിങ് ഇലവനിലേക്കു മടങ്ങിയെത്തിയത്. 

എന്തായാലും ശ്രേയസ് അയ്യരുടെ പ്രതികരണം ബാക്കിയാക്കുന്ന ചോദ്യങ്ങള്‍ പലതാണ്. ടീം തിരഞ്ഞെടുപ്പിലെ അവസാന വാക്ക് ആരുടേതാണ്? ക്യാപ്റ്റനു സ്വതന്ത്രമായി തീരുമാനങ്ങൾ കൈക്കൊള്ളാനാകില്ലേ? ടീം കോച്ചിങ് സ്റ്റാഫിന് ആവശ്യത്തിനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നില്ലേ? ക്രിക്കറ്റ് വിദഗ്ധർ കൈകാര്യം ചെയ്യേണ്ട വിഷയമായ ടീം സില‌ക്ഷനിൽ ക്രിക്കറ്റുമായി കാര്യമായ ബന്ധമില്ലാത്ത ഒരാൾ കൂടി കടന്നുവരുന്നത് ക്യാപ്റ്റന്റെയും കോച്ചിന്റെയും അധികാരം ചോദ്യം ചെയ്യില്ലേ? – ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണു ക്രിക്കറ്റ് ആരാധകർക്കു വേണ്ടത്. 

 

English Summary: 'It will ruffle a few feathers': Iyer's shocking 'CEO is involved in team selection' revelation leaves Twitter perplexed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com