‘റിസ്വാൻ ശ്വാസം എടുത്തിരുന്നില്ല; നിരോധിത മരുന്ന് ഉപയോഗിക്കാന്‍ ഞാൻ അനുമതി തേടി’

riswan-hospitalised
ട്വന്റി20 ലോകകപ്പ് സെമിഫൈനൽ മത്സരത്തിനു മുൻപു റിസ്വാൻ ആശുപത്രിക്കിടക്കിയിൽ, റിസ്വാന്റെ ബാറ്റിങ് (ഫയൽ ചിത്രങ്ങൾ).
SHARE

ഇസ്ലാമാബാദ്∙ കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പ് സെമി ഫൈനൽ മത്സരത്തിനു 2 ദിവസങ്ങൾക്കു മുൻപു പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ ഐസിയുവിലായിരുന്നു. എന്നാൽ ഓസ്ട്രേലിയയ്ക്കെതിരായ നിർണായക മത്സരത്തിൽ, ആശുപത്രിക്കിടക്കയിൽനിന്നു ടീമിലേക്കു മടങ്ങിയെത്തിയ റിസ്വാൻ 67 റൺസാണ് നേടിയത്. പാക്കിസ്ഥാൻ മത്സരം തോറ്റെങ്കിലും റിസ്വാന്റെ ഇച്ഛാശക്തിക്കു മുന്നിൽ ക്രിക്കറ്റ് ലോകം അന്നു കയ്യടിച്ചിരുന്നു.

6 കളിയിൽനിന്ന് 281 റൺസ് അടിച്ചെടുത്ത റിസ്വാൻ ട്വന്റി20 ലോകകപ്പിലെ റൺവേട്ടക്കാരിൽ 3–ാം സ്ഥാനക്കാരനായാണ് അന്നു തന്റെ പോരാട്ടം അവസാനിപ്പിച്ചത്. സെമിഫൈനൽ മത്സരത്തിനു മുൻപു, നെഞ്ചിലെ അണുബാധയെത്തുടർന്നാണു റിസ്വാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിക്കിടക്കയിൽ, റിസ്വാൻ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച്, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഡോക്ടർ നജീബുല്ല സോമ്രോയാണു മനസ്സു തുറന്നത്.

നിരോധിത ഉൽപന്നം ഉപയോഗിച്ചു റിസ്വാനെ കുത്തിവയ്ക്കുന്നതിന് ഐസിസിയുടെ അനുമതി പോലും തേടേണ്ടിവന്നതായും അദ്ദേഹം വെളിപ്പെടുത്തി.

‘ശ്വാസം എടുക്കുന്നതിനു പോലും താങ്കൾ ബുദ്ധിമുട്ടിയിരുന്നു. താങ്കൾക്കു കുത്തിവയ്പ്പ് എടുക്കാൻ ഐസിസിയിൽനിന്ന് അനുമതി വാങ്ങിയതു ഞാനാണ്. കായി‌ക താരങ്ങൾക്കുള്ള നിരോധിത ഉൽപന്നങ്ങളുടെ പട്ടികയിൽ ആയിരുന്നു കുത്തിവയ്പിനുള്ള മരുന്ന് ഉൾപ്പെട്ടിരുന്നത്. മറ്റു മാർഗങ്ങളൊന്നും ഇല്ലാതിരുന്നതിനാലാണ് അത് ഉപയോഗിക്കാനുള്ള അനുമതി ഐസിസിയിൽനിന്നു തേടിയത്’– റിസ്വാനുമൊത്തുള്ള ഒരു അഭിമുഖത്തിൽ ഡോ . സോമ്രോ പറഞ്ഞതായി പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു 3–5 ദിവസങ്ങൾക്കു മുൻപേ റിസ്വാന് ഇടവിട്ട പനിയും ചുമയും ക്ഷീണവും ഉണ്ടായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് റിസ്വാന് അണുബാധ സ്ഥിരീകരിച്ചത്.  

ലോകകപ്പിനിടെ, അനുഭവിച്ച രോഗാവസ്ഥയുടെ തീവ്രതയെക്കുറിച്ച് റിസ്വാൻതന്നെ മുൻപു പ്രതികരിച്ചിട്ടുണ്ട്. ‘ആശുപത്രിയിൽ എത്തിച്ചപ്പോൾ എനിക്ക് ശ്വാസം എടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. നഴ്സുമാർ എന്നോട് ഒന്നും പറയുന്നുണ്ടായിരുന്നില്ല.

നാളെ പുലരുമ്പോൾ സുഖപ്പെടും, ആശുപത്രിയിൽനിന്നു പോകാം എന്നു മാത്രമാണ് അവർ പറഞ്ഞിരുന്നത്. പിന്നീടാണ് എന്നോട് അവർ പറയുന്നത്, ആശുപത്രിയിൽ എത്തിക്കാൻ 20 മിനിറ്റ് വൈകിയിരുന്നെങ്കിൽ എന്റെ 2 ശ്വാസനാളവും പൊട്ടിപ്പോയേനെ എന്ന്’– ക്രിക്കറ്റ് പാക്കിസ്ഥാനോട് റിസ്വാൻ മുൻപു പ്രതികരിച്ചത് ഇങ്ങനെ.

‘ഡോക്ടർ എന്നോടു പറഞ്ഞിരുന്നു, ഞാന്‍ പാക്കിസ്ഥാനായി സെമിഫൈനൽ കളിക്കണം എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം എന്ന്. പക്ഷേ പിന്നീട് അദ്ദേഹം എന്നോടു പറഞ്ഞു താങ്കൾ ക്രിക്കറ്റ് കളിക്കാനുള്ള ശാരീരികാവസ്ഥയിലല്ല ഇപ്പോഴെന്ന്. ഇതോടെ ഞാൻ അൽപം പരിഭ്രമിച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചും അദ്ദേഹം എന്നോടു പറഞ്ഞു. എന്തായാലും ഭാഗ്യത്തിനു കാര്യങ്ങൾ മാറി മറഞ്ഞു. എന്റെ രോഗം സുഖപ്പെട്ടു, സെമിഫൈനൽ കളിക്കാനുമായി’– റിസ്വാന്റെ വാക്കുകൾ. 

English Summary: 'Rizwan was unable to breathe; I'd to take permission from ICC for 'prohibited' medicine': PCB doctor shares ICU details

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA