ADVERTISEMENT

മുംബൈ∙ ഐപിഎൽ സീസണിൽ പതിവു ഫോമിലേക്ക് ഉയരാനായിട്ടില്ലെങ്കിലും ക്രിക്കറ്റ് ആരാധകരെ വീണ്ടും രസിപ്പിച്ച് മുംബൈ ഇന്ത്യൻസിന്റെ വിൻഡീസ് സൂപ്പർ താരം കെയ്റൻ പൊള്ളാർഡ്. കൊൽക്കത്തയ്ക്കെതിരെ തിങ്കളാഴ്ച നടന്ന മത്സരത്തിനിടെ, ഗ്രൗണ്ടിലെ നർമ മുഹൂർത്തത്തിലൂടെയാണു പൊള്ളാർഡ് ആരാധകരുടെ ഹൃദയത്തിലേക്കു മറ്റൊരു ‘പുൾ ഷോട്ട്’ കൂടി പായിച്ചത്.

കൊൽക്കത്ത ഇന്നിങ്സിലെ ബോളിങ്ങിനിടെ, പൊള്ളാർഡിന്റെ കയ്യിൽനിന്നു പുറത്തേക്കു തെറിച്ച പന്ത് നേരെ ചെന്നു കൊണ്ടത് ഫീൽഡ് അംപയറുടെ ദേഹത്താണ്. അബദ്ധത്തിനു പിന്നാലെ അംപയറുടെ അടുത്തേക്കെത്തി പൊള്ളാർഡ് ക്ഷമാപണം നടത്തുകയും ചെയ്തു.

കൊൽക്കത്ത ഇന്നിങ്സിലെ 10–ാം ഓവറിലാണു പൊട്ടിച്ചിരി ഉണർത്തിയ സംഭവങ്ങൾ അരങ്ങേറിയത്. ഓവറിലെ ആദ്യ പന്തിൽത്തന്നെ ഫോർ വിഴങ്ങിയ പൊള്ളാർഡ്, പിന്നീടുള്ള 3 പന്തുകളിലും വിട്ടു നൽകിയത് ഓരോ സിംഗിളുകൾ വീതം. ക്രീസിലേക്ക് ഓടിയെത്തിയതിനു ശേഷം, നിതീഷ് റാണയ്ക്കെതിരെ 5–ാം പന്ത് എറിയുന്നതിനു തൊട്ടുമുൻപാണ് പൊള്ളാർഡിന്റെ കയ്യിൽനിന്നു പന്തു വഴുതിപ്പോയത്. 

പൊള്ളാർഡിന്റെ കയ്യുടെ പിന്നിലേക്കു തെറിച്ച പന്ത് നേരെ ചെന്നു കൊണ്ടത് അംപയർ ക്രിസ് ഗഫാനിയുടെ വയറ്റത്താണ്. 

അപ്രതീക്ഷിതമായി പന്തു വയറിൽവന്നിടിച്ചതിന്റെ വേദനയിൽ ഗഫാനി അൽപ നേരം നിന്നു. റണ്ണപ്പിനു ശേഷം തിരിഞ്ഞുനോക്കിയപ്പോഴാണ് പൊള്ളാർഡിനു കാര്യം പിടികിട്ടിയത്. ഇതോടെ ഗഫാനിയുടെ അടുത്തേക്ക് നടന്നെത്തി പൊള്ളാർഡ് ക്ഷമാപണവും നടത്തി. ഗഫാനിയുടെ ‘വേദന’ പുഞ്ചിരിയിലേക്കും വഴിമാറി. മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ളവർ ഇതുകണ്ടു ചിരിക്കുന്നുണ്ടായിരുന്നു. 

ഓവറിലെ പിന്നീടുള്ള 2 പന്തിലും ഓരോ റൺ വീതം വിട്ടുനൽകിയാണു പൊള്ളാർഡ് ബോളിങ് അവസാനിപ്പിച്ചത്. 

പ്രതീക്ഷിച്ച സ്കോർ നേടാനായില്ലെങ്കിലും, ബോളർമാരുടെ മികവിൽ മുംബൈയെ വരിഞ്ഞുകെട്ടിയ കൊൽക്കത്ത മത്സരം 52 റൺസിനു ജയിച്ചിരുന്നു. ഇതോടെ പ്ലേ ഓഫിനുള്ള വിദൂര സാധ്യത നിലനിർത്താനും ശ്രേയസ് അയ്യരുടെ ടീമിനായി.  

 

English Summary: KKR vs MI: Kieron Pollard hits umpire by mistake while bowling, video goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com