ADVERTISEMENT

മുംബൈ∙ എം.എസ്. ധോണി വീണ്ടും നായക സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ഉണർവിലാണ് ചെന്നൈ സൂപ്പർ കിങ്സ്. ഓപ്പണിങ് വിക്കറ്റിൽ ഋതുരാജ് ഗെയ്‌ക്വാദ്– ഡെവോൺ കോൺവേ സഖ്യം തകർത്തടിക്കുന്നു. ബോളർമാർ പന്തെറിയുന്നത് അച്ചടക്കത്തോടെ, ടീം ആകട്ടെ വീണ്ടും വിജയവഴിയിലും. പ്ലേഓഫ് ഉറപ്പില്ലെങ്കിലും, സീസണിലെ മോശം തുടക്കത്തിനു ശേഷം ആഹ്ലാദിക്കാൻ ചെന്നൈ ആരാധകർക്ക് ഇതൊക്കെത്തന്നെ ധാരാളം. 

സീസണിൽ ശ്രീലങ്കൻ താരം മഹീഷ് തീക്ഷണയാണു സീസണിൽ ചെന്നൈയുടെ സ്പിൻ വിഭാഗത്തിന്റെ ചുക്കാൻ പിടിക്കുന്നത്. മെഗാ താരലേലത്തിൽ 70 ലക്ഷം രൂപയ്ക്കു ചെന്നൈ ടീമിലെടുത്ത തീക്ഷണ 8 കളിയിൽ ഇതുവരെ 12 വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു.

ഒരു കാലത്ത് 117 കിലോയായിരുന്നു ശരീര ഭാരമെന്നും, ഫിറ്റ്നെസ്സ് പ്രശ്നങ്ങൾ തന്നെ അലട്ടിയിരുന്നെന്നും തീക്ഷണ വെളിപ്പെടുത്തുന്ന വിഡിയോ ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കഴിഞ്ഞ ദിവസം പങ്കുവച്ചു. ചെന്നൈ ക്യാപ്റ്റൻ ധോണിയുമായി മുൻപു നടത്തിയ സംവാദത്തെക്കുറിച്ചും തീക്ഷണ വിഡിയോയിൽ പരാമർശിക്കുന്നുണ്ട്.

‘അണ്ടർ 19 കാലഘട്ടത്തിൽ 117 കിലോയായിരുന്നു എന്റെ ശരീരഭാരം. അതുകൊണ്ടുതന്നെ യോയോ ടെസ്റ്റിനു മുൻപു ശരീരഭാരം കുറയ്ക്കാൻ ഞാൻ ഏറെ പണിപ്പെട്ടിരുന്നു. 2020ൽ ഫിറ്റ്നെസ്സ് നിലവാരത്തിനു അനുയോജ്യമാം വിധം ഞാൻ ശരീരഭാരം കുറച്ചെടുത്തു. കൂടുതൽ വ്യായാമ മുറകളിൽ ഏർപ്പെട്ടു’– വിഡിയോയിൽ തീക്ഷണ പറയുന്നു.

‘2020ൽ ഞാൻ അജന്ത മെൻഡിസുമായി സംസാരിച്ചിരുന്നു. 2022ൽ ധോണിയുമായും. കഴിഞ്ഞ സീസണിൽ നെറ്റ് ബോളറായി ചെന്നൈയ്ക്ക് ഒപ്പമുണ്ടായിരുന്നു. എന്നാൽ ഇത്തവണ അവർ എന്നെ ടീമിലെടുക്കുമെന്ന് ഒരിക്കലും കരുതിയില്ല. 

2017–18 കാലഘട്ടത്തിൽ‌ അണ്ടർ 19 സ്ക്വാഡിൽ ഉൾപെട്ടിരുന്നെങ്കിലും ഫിറ്റ്നെസ്സ് പരിശോധനകളിൽ പരാജയപ്പെടുന്നതിനാൽ എനിക്ക് അവസരം ലഭിച്ചിരുന്നില്ല. 2019ൽ 10 കളികളിൽ ഞാൻ വാട്ടർ ബോയ് ആയിരുന്നു. ഫിറ്റ്നെസ്സ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ, വീണ്ടും സഹതാരങ്ങൾക്കു വെള്ളം എത്തിക്കുന്ന ദൗത്യമാകും എനിക്കെന്നു മനസ്സിലായതോടെയാണ് കടുത്ത വ്യായാമങ്ങളിൽ ഏർപ്പെട്ടത്. അങ്ങനെ, 2022ൽ ഞാൻ ഇവിടംവരെയെത്തി.

സത്യം പറയാമല്ലോ. എം.എസ്. ധോണിയെ വളരെ അധികം ഇഷ്ടമായതിനാലാണ് എനിക്ക് ചെന്നൈയെയും ഇഷ്ടം. അവിശ്വസനീയമായ രീതിയിലാണ് ഇവിടെ കാര്യങ്ങൾ. ഇന്നലെ ധോണിക്കൊപ്പം ഞാൻ ടേബിൾ ടെന്നിസ് കളിച്ചു. ധോണിക്കൊപ്പം കളിക്കുക എന്നതും ധോണിക്കു കീഴിൽ കളിക്കുക എന്നതും ഞങ്ങളുടെ ലക്ഷ്യമായി മാറിയിരിക്കുന്നു.

ക്രിക്കറ്റിലാകട്ടെ, ഫുട്ബോളിലാകട്ടെ, ടേബിൾ ടെന്നിസിലാകട്ടെ, എല്ലാത്തിലും ധോണിക്കു വൈദഗ്ധ്യമുണ്ട്. ധോണിക്ക് എന്തും ചെയ്യാൻ സാധിക്കുമെന്നാണ് എന്റെ പക്ഷം. ചെന്നൈയ്ക്കായി കളിക്കാൻ സാധിച്ചത് എന്റെ സ്വപ്ന സാഫല്യമാണ്’– തീക്ഷണ പറയുന്നു. ഐപിഎല്ലിൽ, വ്യാഴാഴ്ച മുംബൈ ഇന്ത്യൻസിന് എതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

 

English Summary: 'I used to weigh 117 kgs. Spoke to MS Dhoni…': CSK bowler says he never thought Chennai Super Kings will bid for him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com