ADVERTISEMENT

മുംബൈ∙ പണക്കൊഴുപ്പുകൊണ്ട് ആറാട്ടു നടത്തുന്ന ഐപിഎലിലും പവർകട്ടോ? കേൾക്കുന്നവർ നെറ്റിചുളിക്കുവെങ്കിലും സംഗതി ഉള്ളതാണ്. വ്യാഴാഴ്ച മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസ്– ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിലാണ് പവർകട്ട് ഉണ്ടായത്. വൈദ്യുതിമുടക്കം മത്സരത്തെ ബാധിച്ചില്ലെങ്കിലും ആദ്യത്തെ അഞ്ച് ഓവറിൽ ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡിആർഎസ്) പ്രവർത്തിച്ചില്ല.

കഷ്ടകാലം വരുമ്പോൾ എല്ലാം ഒരുമിച്ച് വരും എന്നു പറയുന്നതുപോല ഈ ‘പവർകട്ട്’ ബാധിച്ചത് ചെന്നൈ സൂപ്പർ കിങ്സിനെയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അവർക്ക് ഇന്നിങ്സിന്റെ രണ്ടാം പന്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ‍ഡെവൺ കോൺവെയെ മുംബൈ ബോളർ ഡാനിയൽ സാംസ് വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. ഔട്ട് അനുവദിച്ച ഫീൽഡ് അംപയറുടെ തീരുമാനത്തിനെതിരെ കോൺവെ ‍ഡിആർഎസിന് ഒരുങ്ങിയപ്പോഴാണ് പവർകട്ട് വില്ലനായത്.

സ്റ്റേഡിയത്തിലെ പവർകട്ട് മൂലം ഡിആർഎസ് സിസ്റ്റം പ്രവർത്തിക്കുന്നില്ലെന്ന മറുപടിയാണ് കോൺവേയ്ക്കു ലഭിച്ചത്. സഹഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദും ഇതിനെപ്പറ്റി ചോദിച്ചെങ്കിലും മറുപടിക്കു മാറ്റമുണ്ടായില്ല. മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയും കാര്യങ്ങൾ വിശദീകരിച്ചു. ഇതോടെ, കഴിഞ്ഞ മൂന്നു മത്സരങ്ങളിലും അർധസെഞ്ചുറി തികച്ച കോൺവേയ്ക്ക് ‘ഗോൾഡൻ ഡക്കായി’ ഡഗൗട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഇതിനുപിന്നാലെ ചെന്നൈയുടെ കൂട്ടത്തകർച്ചയും ആരംഭിച്ചു.

അതേസമയം, സ്റ്റേഡിയത്തിൽ പവർകട്ട് ഉണ്ടായി എന്ന റിപ്പോർട്ടു വന്നതോടെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു. പലതരത്തിലുള്ള മീമുകളാണ് സൈബർ ലോകത്ത് പാറിനടന്നത്. മുംബൈ ഇന്ത്യൻസ് ഉടമ മുകേഷ് അംബാനിയെ കുത്തിയായിരുന്നു കൂടുതൽ ട്രോളുകളും. സ്റ്റേഡിയത്തിലെ ഫ്യൂസ് ഊരിയത് അംബാനിയാണെന്ന തരത്തിലായിരുന്നു ഇവ. ഡിആർഎസ് ഇല്ലാതിരുന്നത് മുംബൈയ്ക്ക് അനുകൂലമാകുകയും, ബദ്ധവൈരികളായ ചെന്നൈയ്ക്കെതിരെ വിജയം നേടേണ്ടത് മുംബൈയ്ക്ക് അനിവാര്യമായതുമാണ് അംബാനി ‘എയറിൽ’ ആകാൻ കാരണം.

ചെന്നൈ താരം രവീന്ദ്ര ജഡേജയാണ് ‘ഫ്യൂസ് ഊരിയത്’ എന്ന തരത്തിലുള്ള ട്രോളുകളും കുറവല്ലായിരുന്നു. പരുക്കേറ്റ ജ‍ഡേജ ചെന്നൈ ടീമിൽനിന്നു പുറത്തായിരുന്നു. എന്നാൽ ചെന്നൈ മാനേജ്‌മെന്റ് ജഡേജയെ പുറത്താക്കിയതാണെന്ന അഭ്യൂഹവുമുണ്ട്. ഇതോടെയാണ് ജഡേജ ട്രോളന്മാരുടെ ‘വൈദ്യുതി മുടക്കി’ ആയത്.

മത്സരത്തിനു മുൻപ് സ്റ്റേഡിയത്തിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് പവർകട്ടിനു കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഇതെത്തുടർന്ന് ടോസ് വൈകിയിരുന്നു. പ്രശ്നം പരിഹരിച്ചതിനാൽ ചെന്നൈ ഇന്നിങ്സിന്റെ ആദ്യ അഞ്ച് ഓവറുകൾക്കുശേഷം ഡിആർഎസ് പുനഃസ്ഥാപിക്കുകയും ചെയ്തു.

English Summary: Fans React Hilariously After DRS Was Denied To Devon Conway Due To Powercut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com