ADVERTISEMENT

മുംബൈ∙ അങ്ങനെ നിലവിലെ ചാംപ്യന്മാരും ഈ വർഷത്തെ ഐപിഎൽ സീസണിൽനിന്നു പുറത്തായി. ബദ്ധവൈരികളായ മുംബൈ ഇന്ത്യൻസിനോടേറ്റ കനത്ത തോൽവിക്കു പിന്നാലെയാണ് ‘തല’യും സംഘവും പ്ലേ ഓഫ് കാണാതെ പുറത്തായത്. മുംബൈ ഇന്ത്യൻസ് നേരത്തെ തന്നെ ‘റിട്ടേൺ ടിക്കറ്റ്’ ഉറപ്പിച്ചിരുന്നു. ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം കിരീടങ്ങൾ നേടിയ രണ്ടു ടീമുകളാണ് ഈ വർഷം ആദ്യം ടൂർണമെന്റിൽനിന്നു പുറത്താകുന്നത് എന്നതും ചരിത്രം.

മുംബൈ, ചെന്നൈ ടീമുകളിൽ ഒന്നുപോലുമില്ലാതെ ഐപിഎൽ പ്ലേ ഓഫ് ആദ്യം! സമൂഹമാധ്യമങ്ങളിൽ ഇരുടീമുകളുടെയും ആരാധകർ നിരാശ പങ്കിടുമ്പോൾ പുറത്താകലുമായി ബന്ധപ്പെട്ട ട്രോളുകളും നിറയുന്നുണ്ട്. ‘മുംബൈക്കാരാ..ജാവോ എന്ന് പറയണം; ചെന്നൈ: പോ അണ്ണാച്ചി, പിന്നെ വാ’ എന്നുൾപ്പെടെയുള്ള മീമുകളാണ് ട്രോൾ പേജുകളിൽ വരുന്നത്.

ഐപിഎലിനെ തന്നെ തങ്ങളുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടലാണ് ചെന്നൈ സൂപ്പർ കിങ്സ് ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കുറിച്ചത്. 16 ഓവറിൽ 97 റൺസിന് ചെന്നൈയുടെ എല്ലാ ബാറ്റർമാരും കൂടാരം കയറി. 2013ൽ മുംബൈയ്ക്കെതിരെ തന്നെയായിരുന്നു ചെന്നൈയുടെ ഏറ്റവും ചെറിയ സ്കോർ. അതും വാങ്കഡെയിൽ തന്നെ. അന്ന് 79 റൺസിനാണ് ചെന്നൈ ഓൾ ഔട്ടായത്.

വ്യാഴാഴ്ച, 39 റൺസിനിടെ ആദ്യ ആറു വിക്കറ്റുകൾ നഷ്ടമായ ചെന്നൈയെ വലിയ നാണക്കേടിൽ നിന്നു കരകയറ്റിയത് ക്യാപ്റ്റൻ എം.എസ്.ധോണിയുടെ (32 പന്തിൽ പുറത്താകാതെ 36) ഒറ്റയാ‍ൻ പ്രകടനമാണ്.
ഡ്വെയ്ൻ ബ്രാവോയ്ക്കൊപ്പം (12) ചേർന്ന് ധോണി ഏഴാം വിക്കറ്റിൽ നേടിയ 39 റൺസ് ചെന്നൈ ഇന്നിങ്സിനു ജീവശ്വാസം നൽകി. സ്കോർ 78ൽ നിൽക്കെ ബ്രാവോ പുറത്തായെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് ധോണി ടീം സ്കോർ 97 റൺസിൽ എത്തിച്ചു. ചെന്നൈ ബാറ്റിങ്ങിൽ 12നു മുകളിൽ റൺസ് നേടിയ ഏക താരം ധോണിയാണ്.

നിസ്സാര വിജയലക്ഷ്യം അനായാസം കീഴടക്കാമെന്നു കരുതിയ മുംബൈയുടെയും തുടക്കം പിഴച്ചു. ഇഷാൻ കിഷൻ (6), രോഹിത് ശർമ (18), ഡാനിയേൽ സാംസ് (1) എന്നീ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ തിലക് വർമ (32 പന്തിൽ പുറത്താകാതെ 34) ഒരിക്കൽ കൂടി ടീമിന്റെ നെടുംതൂണായി. 14.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മുംബൈ ലക്ഷ്യം കണ്ടു

English Summary: First time in IPL history that neither MI nor CSK would be part of the play-offs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com