ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിങ്സിന് 54 റൺസ് വിജയം. പഞ്ചാബ് ഉയർത്തിയ 210 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളൂ. 22 പന്തില്‍ 35 റൺസെടുത്ത ഗ്ലെൻ മാക്സ്‍വെല്ലാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ.

രജത് പട്ടീദാർ (21 പന്തിൽ 26), വിരാട് കോലി (14 പന്തിൽ 20), ദിനേഷ് കാർത്തിക്ക് (11 പന്തില്‍ 11), ഹർഷൽ പട്ടേൽ (ഏഴു പന്തിൽ 11) എന്നിവരാണു ബാംഗ്ലൂരിന്റെ മറ്റു പ്രധാന സ്കോറർമാർ. പഞ്ചാബിനായി കഗിസോ റബാദ മൂന്നും ഋഷി ധവാൻ, രാഹുൽ ചാഹർ എന്നിവർ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി. ആറാം ജയത്തോടെ 12 പോയിന്റുമായി പഞ്ചാബ് ആറാം സ്ഥാനത്തേക്ക് ഉയർന്നു. തോൽവി വഴങ്ങിയ ബാംഗ്ലൂര്‍ നാലാമതുണ്ട്.

തിളങ്ങി ബെയർസ്റ്റോയും ലിവിങ്സ്റ്റണും; പഞ്ചാബ് 9ന് 209

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഒൻപതു വിക്കറ്റ് നഷ്ടത്തില്‍ 209 റൺസെടുത്തു. പഞ്ചാബിനായി ഓപ്പണർ ജോണി ബെയർസ്റ്റോ (29 പന്തിൽ 66), ലിയാം ലിവിങ്സ്റ്റൺ (42 പന്തിൽ 70) എന്നിവർ അർധസെഞ്ചറി തേടി. മികച്ച തുടക്കമാണു ബെയർസ്റ്റോയും ശിഖർ ധവാനും പഞ്ചാബിനു നൽകിയത്. 60 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്. തകർത്തടിച്ച ബെയർസ്റ്റോ 21 പന്തിൽ 50 തികച്ചു. ഏഴ് സിക്സും നാലു ഫോറും അടങ്ങുന്ന പ്രകടനമായിരുന്നു ബെയർസ്റ്റോയുടേത്. 15 പന്തുകൾ നേരിട്ട ധവാന്‍ 21 റണ്‍സെടുത്തു പുറത്തായി.

അർധസെഞ്ചുറി നേടിയ പഞ്ചാബ് കിങ്സ് താരം ലിയാം ലിവിങ്സ്റ്റൻ. Photo: IPL@Twitter
അർധസെഞ്ചുറി നേടിയ പഞ്ചാബ് കിങ്സ് താരം ലിയാം ലിവിങ്സ്റ്റൻ. Photo: IPL@Twitter

ഭനുക രാജപക്സെ ഒരു റൺസ് മാത്രമെടുത്തു പുറത്തായി. ബെയർസ്റ്റോ മടങ്ങിയപ്പോഴും ലിയാം ലിവിങ്സ്റ്റൺ ഒരു ഭാഗത്ത് ഉറച്ചു നിന്നു. പക്ഷേ ക്യാപ്റ്റൻ മയാങ്ക് അഗർവാൾ (16 പന്തിൽ 19), ജിതേഷ് ശര്‍മ (അഞ്ച് പന്തിൽ ഒൻപത്), ഹർപ്രീത് ബ്രാർ (അഞ്ച് പന്തിൽ ഏഴ്) എന്നിവർക്കു ബാറ്റിങ്ങിൽ തിളങ്ങാനായില്ല. എങ്കിലും രണ്ട് വിദേശതാരങ്ങളുടെ അര്‍ധസെഞ്ചറിക്കരുത്തിൽ പഞ്ചാബ് 200 കടന്നു. ബാംഗ്ലൂരിനായി ഹർഷൽ പട്ടേല്‍ നാലു വിക്കറ്റുകൾ സ്വന്തമാക്കി. ഹസരംഗ രണ്ടും മാക്സ്‍വെൽ, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. 

English Summary: Royal Challengers Bangalore vs Punjab Kings- IPL Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com