ADVERTISEMENT

മുംബൈ∙ ഐപിഎൽ സീസണിലെ മികച്ച ബാറ്റിങ് ഫോമിലൂടെ, ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ശക്തമായ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക്. എന്നാൽ പഞ്ചാബ് കിങ്സിനെതിരെ വെള്ളിയാഴ്ച നടന്ന മത്സരത്തിനു തൊട്ടു മുൻപ് തന്റെ ബാറ്റിങ് ഫോമിനെപ്പറ്റി ചോദിച്ച മുൻ ന്യൂസീലൻഡ് പേസറും കമന്റേറ്ററുമായ സൈമൺ ഡളിന് ചെറിയൊരു ‘കൊട്ടുകൊടുക്കാനും’ കാർത്തിക് മറന്നില്ല.

ബാറ്റിങ് ഫോം വീണ്ടെടുത്തത് എങ്ങനെയെന്നു മത്സരത്തിനു മുൻപുള്ള ആശയവിനിമയത്തിനിടെ ചോദിച്ച ഡള്ളിനു കാർക്കിക് നൽകിയ മറുപടി ഇങ്ങനെ, ‘കഴിഞ്ഞ വർഷത്തെ കമന്ററി കാലാവധിക്കിടെ, താങ്കൾ പഠിപ്പിച്ചുതന്നെ കാര്യങ്ങൾ മാത്രമാണു ഞാൻ ചെയ്യുന്നത്’! ഇരുവരും തമ്മിൽ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന സംഭാഷണത്തിലൂടെ;

സൈമൺ ഡൾ: ‘അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റ് ആണല്ലോ ഈ സീസണിൽ താങ്കൾക്ക്. മറ്റെന്തെങ്കിലും തരത്തിലുള്ള പ്രത്യേക പരീശീലനത്തിൽ ഏർപ്പെട്ടിരുന്നോ? ഇന്നിങ്സിന്റെ ഒടുവിലുള്ള ദൗത്യത്തിനായി താങ്കൾ സ്വയം സജ്ജനാകുന്നത് എങ്ങനെ’?‌

കാർത്തിക്: ‘കഴിഞ്ഞ വർഷം കമന്ററി ബോക്സിൽവച്ച് നിങ്ങൾ എന്നെ പഠിപ്പിച്ച കാര്യങ്ങൾ തന്നെയല്ലേ ഇതൊക്കെ. ഇപ്പോൾ നടപ്പാകുന്നുണ്ടെന്നു മാത്രം’.

ഡൾ: ‘പറയൂ, എന്തു തരത്തിലുള്ള പരിശീലനമാണു നടത്തിയത്?’

കാർത്തിക്: ‘സീസൺ തുടങ്ങുന്നതിനു മുൻപുതന്നെ കോച്ച് എന്നോ‍ടു പറഞ്ഞിരുന്നു, ബാറ്റിങ് ശൈലി പ്രവചിക്കാവുന്ന തരത്തിലാണ് എന്നതിനാൽ ഇത്തവണ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന്. അതുകൊണ്ടാണു വ്യത്യസ്ത ടെക്നിക്കേലേക്കു പോയത്.’

‘ഇന്നിങ്സിന് അനുയോജ്യമായ രീതിയിൽ കളിക്കാനാണ് എന്റെ ശ്രമം. ടീമിനുവേണ്ടി റൺ സംഭാവന നൽകിക്കൊണ്ടേയിരിക്കുക എന്നതും കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്. എന്താണു നേടേണ്ടത് എന്നതു സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് എനിക്കുണ്ട്. എതിനായി എന്നെക്കൊണ്ടു പറ്റാവുന്നതിന്റെ പരമാവധി ശ്രമം നടത്തുന്നുമുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ കളിയിലും എനിക്ക് എന്തെല്ലാം ചെയ്യാനാകുമോ, അതെല്ലാം ചെയ്യാനാണു ശ്രമം’– കാർത്തിക് പിന്നീടു പ്രതികരിച്ചു. 

 

English Summary: You’ve Taught Me All This In Commentary Box: Dinesh Karthik’s Savage Reply To Simon Doull

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com