ADVERTISEMENT

മെൽബൺ∙ മുൻ ഓസീസ് ഓൾറൗണ്ടർ ആൻഡ്രൂ സൈമണ്ടസ് 46–ാം വയസ്സിൽ വിട്ടുപിരിഞ്ഞു എന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ ക്രിക്കറ്റ് ലോകം. ശനിയാഴ്ച രാത്രി നടന്ന കാർ അപകടത്തിലായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട ‌‘സൈമോ’യുടെ ആകസ്മിക വിയോഗം. പൊലീസ് അധികൃതരുടെ റിപ്പോർട്ട് ഉദ്ധരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്നു പുലർച്ചെയാണ് വാർത്ത സ്ഥിരീകരിച്ചത്.

രാജ്യാന്തര ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി വിലയിരുത്തപ്പെട്ടിരുന്ന താരമായ സൈമണ്ട്സിന്റെ നിര്യാണത്തിൽ ഒട്ടേറെ മുൻ ക്രിക്കറ്റ് താരങ്ങളും ആരാധകരും അനുശോചനം രേഖപ്പെടുത്തി. സൈമണ്ട്സ് വിട്ടു പിരിഞ്ഞു എന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകുന്നില്ല എന്നുതന്നെയാണ് പലരുടെയും പ്രതികരണം.

ഓസീസ് ഡ്രസിങ് റൂമിൽ സൈമണ്ട്സിനൊപ്പം ഇരിപ്പിടവും ക്രിക്കറ്റ് തന്ത്രങ്ങളും പങ്കുവച്ച സഹതാരങ്ങളെയും, ആഷസ് പരമ്പരയിൽ ഉൾപ്പെടെ സൈമണ്ട്സിനെ എറിഞ്ഞൊതുക്കാൻ കോപ്പു കൂട്ടിയ പ്രതിയോഗികളെയും ഒരുപോലെ പിടിച്ചുലച്ചാണ് സൈമണ്ട്സ് യാത്രയാകുന്നത്. 

1990 കളുടെ അവസാനത്തോടെ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വരവരയിച്ച്, 2000 മുതലുള്ള 9 വർഷം പൂർണപ്രഭയോടെ ശോഭിച്ച്, 2012ലെ വിടവാങ്ങൽ പ്രഖ്യാപനം വരെ ക്രിക്കറ്റ് ലോകം അടക്കി ഭരിച്ച താരമാണു സൈമണ്ട്സ്. നേട്ടങ്ങൾക്കൊപ്പം വിവാദങ്ങളും എന്നും വിടാതെ പിന്തുടര്‍ന്നു എന്നു മാത്രം. 

2009ലാണ് ഓസീസിനായുള്ള അവസാന രാജ്യാന്തര മത്സരം കളിച്ചത്. 4 ഐപിഎൽ സീസണുകൾ കളിച്ച് ഇന്ത്യൻ ആരാധകരുടെയും പ്രിയപ്പെട്ടവനായി. ഏതൊരു ക്യാപ്റ്റനും കൊതിക്കുന്ന ഓൾറൗണ്ടറായിരുന്നു സൈമണ്ട്സ്. കളിക്കളത്തിൽ ‘സൈമോ’ ബാക്കിയാക്കിയ ചില റെക്കോർഡുകളിലൂടെ;

∙ ഏകദിനത്തിൽ 5000 റൺസും 100 വിക്കറ്റും

ഓസീസിനായി 198 ഏകദിനത്തിൽ 5,088 റൺസും 133 വിക്കറ്റുമാണ് ഇതിനിടെ നേടിയത്. 1998ലായിരുന്നു രാജ്യാന്തര അരങ്ങേറ്റം 2009ൽ ഓസീസിനായി അവസാന മത്സരം കളിച്ചു.

∙ ഇരട്ട ലോകകപ്പ് ജേതാവ്

രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള കടന്നുവരവു പിന്നാലെ ആദ്യ 5 വർഷങ്ങളിൽ സ്ഥിരതയുടെ പേരിൽ വിമർശനം കേട്ടെങ്കിലും 2003 ലോകകപ്പിലാണ് സൈമോയുടെ വിശ്വരൂപം ആരാധകർ ആദ്യമായി കണ്ടത്. പാക്കിസ്ഥാനെതിരായ മത്സരത്തിലെ പ്ലേയിങ് ഇലവനിൽ അപ്രതീക്ഷിതമായി ഇടം കിട്ടിയ സൈമണ്ട്സ് 126 പന്തിൽ പുറത്താകാതെ 143 റൺസാണ് അന്ന് അടിച്ചെടുത്തത്. പിന്നാലെ 2003, 2007 വർഷങ്ങളിൽ ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമിലെ നിർണായക സാന്നിധ്യമായി.  

∙ ഐസിസി ലോക ഇലവനിലേക്ക്

രാജ്യാന്തര കരിയറിനിടെ, ഐസിസി ലോക ഇലവനിൽ മൂന്നു തവണ സൈമണ്ട്സ് ഉൾപ്പെട്ടിട്ടുണ്ട്. 2005ൽ ഏലീറ്റ് 11ൽ ഇടം ലഭിച്ച സൈമണ്ട്സ് പിറ്റേ വർഷം 12–ാമനായി വീണ്ടും ഐസിസി ലോക ഇലവനിലെത്തി. 2008ൽ വീണ്ടും ലോക ഇലവനിലേക്ക് മടങ്ങിയെത്തി. 

∙ 20 വർഷത്തെ ലോക റെക്കോർഡ്

ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിൽ ഗ്ലോസെസ്റ്റർഷർ താരമായിരിക്കെ 1995ൽ പുറത്താകാതെ 254 റൺസ് നേടിയ ഇന്നിങ്സിൽ 16 സിക്സറുകളാണ് സൈമണ്ട്സ് പറത്തിയത്. 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഇന്നിങ്സിലെ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരത്തിനുള്ള റെക്കോർഡും ഇതോടെ സൈമണ്ട്സ് സ്വന്തമാക്കി. 2015ൽ ഓക്‌ലൻഡ്– സെൻട്രൽ ഡിസ്ട്രിക്ട്സ് മത്സരത്തിൽ 23 സിക്സറുകൾ നേടിയ കിവീസ് താരം കോളിൻ മണ്‍റോയാണ് ഒടുവിൽ ഈ റെക്കോർഡ് മറികടന്നത്.

∙ പ്രഥമ ഐപിഎൽ താരലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള വിദേശ താരം

2008ലെ പ്രഥമ ഐപിഎൽ താരലേലത്തിൽ ഏറ്റവും വിലപിടിപ്പുള്ള വിദേശ താരമായിരുന്നു സൈമണ്ട്സ്. 1.35 ദശലക്ഷം യുഎസ് ഡോളറിനാണ് സൈമണ്ട്സിനെ അന്നു ഡെക്കാൻ ചാർജേഴ്സ് സ്വന്തമാക്കിയത്. തുടർന്നുള്ള 3 സീസൺ ഡെക്കാൻ ചാർജേഴ്സിനായി കളിച്ച സൈമണ്ട്സ്, 2009ൽ ഫ്രാഞ്ചൈസിയെ ചാംപ്യൻമാരാക്കുന്നതിൽ നിർണായക പങ്കും വഹിച്ചു. 2011ലെ അവസാന ഐപിഎൽ സീസണ്‍ മുംബൈയ്ക്കാനായണു സൈമണ്ട്സ് കളിച്ചത്. ഐപിഎല്ലിൽ 39 കളിയിൽ 974 റൺസും 20 വിക്കറ്റുമാണു സൈമണ്ട്സിന്റെ നേട്ടം.  

  

English Summary: Andrew Symonds death: Numbers and achievements that define champion Australia all-rounder's legacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com