ADVERTISEMENT

കളിക്കളത്തിൽ റെക്കോർഡുകൾക്കൊപ്പവും, മൈതാനത്തിനു പുറത്ത് വിവാദങ്ങൾക്കൊപ്പവും നടന്ന താരമാണു സൈമണ്ട്സ്. വിവാദങ്ങള്‍ പിന്നാലെ കൂടിയിരുന്നില്ല എങ്കിൽ, ഒരു പക്ഷേ ഓസീസിനായി മൂന്നോ നാലോ വർഷങ്ങൾ കൂടിയെങ്കിലും നീളേണ്ടിയിരുന്ന ക്രിക്കറ്റ് കരിയറായിരുന്നു സൈമണ്ട്സിന്റേതെന്ന് താരത്തിന്റെ ഏറ്റവും അടുത്ത ആരാധകർക്കും കടുത്ത വിമർശകർക്കും പോലും സംശയം ഉണ്ടാകില്ല.

സൈമണ്ട്സിന്റെ ക്രിക്കറ്റ് കരിയറിനുമേൽ കരിനിഴൽ വീഴ്ത്തിയ, ക്രിക്കറ്റ് ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ, സൈമണ്ട്സ് ഉൾപ്പെട്ട ചില വിവാദങ്ങളിലൂടെ;

∙ മങ്കിഗേറ്റ് (2008): ക്രിക്കറ്റിലെ മറ്റെല്ലാ വിവാദങ്ങൾക്കും മേലെ പറന്ന വിവാദമായാണു മങ്കിഗേറ്റ് ഇപ്പൊഴും വിലയിരുത്തപ്പെടുന്നത്. ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യൻ താരം ഹർഭജൻ സിങ് തന്നെ കുരങ്ങൻ എന്നു വിളിച്ചതായി സൈമണ്ട്സ് വെളിപ്പെടുത്തി. കുറ്റക്കാരൻ എന്നു കണ്ടെത്തിയതോടെ മാച്ച് റഫറി ഹർഭജൻ സിങ്ങിനെ 3 മത്സരങ്ങളിൽനിന്നു വിലക്കുകയും ചെയ്തു.

എന്നാൽ ഇതിനെതിരെ ബിസിസിഐ അപ്പീലിനു പോയി. അപ്പീലിൽ ഹർഭജന്‍ വംശീയമായി അധിക്ഷേപിച്ചതായുള്ള ആരോപണങ്ങൾക്കു തെളിവു നൽകാൻ കഴിയാതിരുന്ന സൈമണ്ട്സിനെ അപ്പീൽ കമ്മിഷനർ ശകാരിക്കുകയും ഹർഭജന്റെ വിലക്കു നീക്കുകയും ചെയ്തു. വിവാദത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പരിപൂർണ പിന്തുണ നൽകാതിരുന്നത് സൈമണ്ട്സിന്റെ പ്രതിച്ഛായ മോശമാക്കി. ഓസീസ് ക്രിക്കറ്റ് ബോർഡിന്റെ പിന്തുണ ലഭിക്കാത്തതിൽ അദ്ദേഹത്തിനു കടുത്ത നീരസം ഉണ്ടായിരുന്നു. സൈമണ്ട്സിന്റെ രാജ്യാന്തര കരിയറിനു തന്നെ വിനയായതും ബോർഡുമായുള്ള ഈ അകൽച്ചതന്നെ. വിവാദത്തിനു പിന്നാലെ വിഷാദം പിടിപെട്ടെന്നും മദ്യപാനം വർധിച്ചത് ഇതോടെയാണെന്നും സൈമണ്ട്സ് പിന്നീടു വെളിപ്പെടുത്തിയിട്ടുണ്ട്. 

∙ മെക്കൽ ക്ലാർക്കുമായുള്ള ഭിന്നത: ഓസ്ട്രേലിയൻ ടീം ഡ്രസിങ് റൂമിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു ഒരുകാലത്ത് സൈമണ്ട്സും മൈക്കൽ ക്ലാർക്കും. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ്ങിനെ ഉജ്വല നിലവാരത്തിലേക്ക് ഉയർത്തിയത് സഖ്യം മൈതാനത്തു നടപ്പാക്കിയ ‘വിപ്ലവകരമായ’ മുറകളാണ്. എന്നാൽ ക്ലാർക്ക് ദേശീയ ടീം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ ഇരുവരും തമ്മിലുള്ള ഭിന്നതകളും ഉടലെടുത്തു.

ഐപിഎല്ലിൽ തനിക്ക് ഉയർന്ന തുക ലഭിച്ചതാണു ക്ലാർക്കിന്റെ അസൂയയ്ക്കു കാരണമെന്നും ഇതോടെയാണ് ബന്ധം വഷളായതെന്നും സൈമണ്ട്സ് കഴിഞ്ഞ മാസം തുറന്നു പറഞ്ഞിരുന്നു. ‘പണത്തിന് തമാശ കലർന്ന പല കാര്യങ്ങളും ചെയ്യാനാകും. പക്ഷേ, അതേ സമയം പണം വിഷവുമാണ്. എന്റെയും ക്ലാർക്കിന്റെയും ബന്ധം വിഷലിപ്തമാക്കിയത് പണമാണ്’– എന്നായിരുന്നു സൈമണ്ട്സിന്റെ പ്രതികരണം.

∙ അമിത മദ്യപാനം: ക്രിക്കറ്റ് കരിയറിലെ പല ഘട്ടത്തിലും അമിത മദ്യപാനം സൈമണ്ട്സിന് വിനയായിട്ടുണ്ട്. 2005ൽ ബംഗ്ലാദേശ് പരമ്പരയ്ക്കു മുന്നോടിയായുള്ള മത്സരത്തിനുള്ള ഓസ്ട്രേലിയൻ ടീമിൽനിന്ന് സൈമണ്ട്സിനെ ഒഴിവാക്കിയിട്ടുണ്ട്. തലേദിവസം മദ്യപിച്ചെന്നു ബോധ്യമായതിനെത്തുടർന്നായിരുന്നു ഇത്.

∙ പബ്ബിൽ ആരാധകനു നേരെ കയ്യേറ്റം (2008): സൈമണ്ട്സിന്റെ ജനപ്രീതിയിൽ കാര്യമായ കുറവു വരുത്തിയ സംഭവം. സൈമണ്ട്സിനൊപ്പമുള്ള ചിത്രമെടുക്കുന്നതിനായി പബ്ബിൽ‌വച്ചു താരത്തെ കെട്ടിപ്പിടിക്കാൻ ശ്രമിച്ച ഒരു ആരാധകനെ, കോപാകുലനായ സൈമണ്ട്സ് കയ്യേറ്റം ചെയ്തു. സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ സൈമണ്ട്സിന് എതിരെ നടപടി എടുത്തിരുന്നില്ല.

∙ ടീം മീറ്റിങ്ങിനിടെ മീൻപിടിത്തം: ക്രിക്കറ്റ് ചട്ടങ്ങൾക്ക് ഒരിക്കലും കാര്യമായ വില കൊടുക്കാത്ത താരമായിരുന്നു സൈമണ്ട്സ്. 2008ൽ ബംഗ്ലാദേശിനെതിരായ ഓസ്ട്രേലിയൻ പര്യടനത്തിനിടെ, സുപ്രധാന ടീം മീറ്റിങ്ങിൽനിന്നു വിട്ടുനിന്ന സൈമണ്ട്സ് മീൻ പിടിക്കാൻ പോയി. ഓസീസ് ക്യാപ്റ്റൻ മൈക്കൾ ക്ലാർക്കാണ് ഇതിനെതിരെ ഏറ്റവും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. പിറ്റേ വർഷം ഇന്ത്യയിൽ നടന്ന പരമ്പരയ്ക്കുള്ള ഓസീസ് ടീമിൽനിന്നു സൈമണ്ട്സിനു സ്ഥാനം നഷ്ടമാകാനും ഇതു കാരണമായി.  

 

English Summary: Andrew Symonds Dies: Five Controversies That Made Him Unpopular

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com