ADVERTISEMENT

മുംബൈ∙ അർധ സെഞ്ചറിയുമായി ഓപ്പണർ വൃദ്ധിമാൻ സാഹ (67 നോട്ടൗട്ട്) തിളങ്ങിയ മത്സരത്തിൽ പ്ലേ ഓഫ് പ്രവേശനം ആഘോഷമാക്കി ഗുജറാത്ത് ടൈറ്റൻസ്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ കീഴടക്കിയത്. ചെന്നൈ സൂപ്പർ കിങ്സിന് സീസണിലെ ഒൻപതാം തോൽവിയാണിത്.  

സ്‌കോർ: ചെന്നൈ സൂപ്പർ കിങ്‌സ്: 20 ഓവറിൽ 5 വിക്കറ്റിന് 133 റൺസ്, ഗുജറാത്ത് ടൈറ്റൻസ് 19.1 ഓവറിൽ 3 വിക്കറ്റിന് 137 റൺസ്.  

134 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് ഓപ്പണർ വൃദ്ധിമാൻ സാഹ മിന്നുന്ന തുടക്കം നൽകി. പവർപ്ലേ ഓവറുകളിൽ ആക്രമണബാറ്റിങ്ങിലൂടെ സാഹ കരുത്തുകാട്ടി. ഇതോടെ സ്‌കോർ .ഉയർന്നു. മറുവശത്തു നിലയുറപ്പിച്ചു കളിക്കാൻ ശ്രമിച്ച ശുഭ്മാൻ ഗില്ലിനെ നിഷ്പ്രഭമാക്കിയായിരുന്നു സാഹയുടെ ബാറ്റിങ്ങ്. ഇതിനിടെ എട്ടാം ഓവറിലെ ആദ്യ പന്തിൽ ഗിൽ (18) മടങ്ങുമ്പോൾ ഗുജറാത്ത് സുരക്ഷിതമായ നിലയിൽ എത്തിയിരുന്നു.     

രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന മാത്യു വെയ്‌ഡും (20) മികച്ച രീതിയിൽ ബാറ്റിങ്ങ് തുടങ്ങിയെങ്കിലും മൊയീൻ അലിയുടെ പന്തിൽ ശിവം ദുബെയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. കളിയുടെ ഗതിക്ക് വിപരീതമായി നായകൻ ഹാർദിക് പാണ്ഡ്യയെ (7) ഗുജറാത്തിന് നഷ്ടപ്പെട്ടു. എന്നാൽ ചെയ്‌സിന്റെ നിയന്ത്രണം സാഹ ഏറ്റെടുത്തതോടെ ഗുജറാത്തിന് വിജയലക്ഷ്യം അനായാസമായി മറികടക്കാൻ സാധിച്ചു.  വിക്കറ്റ് നഷ്ടപ്പെടുത്താതെ പിച്ചിന്റെ വേഗക്കുറവ് മനസ്സിലാക്കി നിലയുറപ്പിച്ചു കളിച്ച ഗുജറാത്ത് ഗെയിം പ്ലാനാണ് നിർണായകമായത്.  

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ 20 ഓവറിൽ 5 വിക്കറ്റിന് 133 റൺസെടുത്തു. ഓപ്പണർ ഋതുരാജ് ഗെയ്‌ക്വാദ് (49 പന്തിൽ 4 ഫോറും ഒരു സിക്സും അടക്കം 53), എൻ. ജഗദീശൻ (33 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 39 നോട്ടൗട്ട്) എന്നിവരാണു ചെന്നൈയുടെ പ്രധാന സ്കോറർമാർ.

ruturaj-gaikwad
ഗുജറാത്തിനെതിരെ ഋതുരാജ് ഗെയ്‌ക്വാദിന്റെ ബാറ്റിങ് (ചിത്രം– ഐപിഎൽടി20.കോം).

വമ്പൻ അടിക്കാരൻ ഡെവോൺ കോൺവെയെ (9 പന്തിൽ 5) 3–ാം ഓവറിൽത്തന്നെ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിച്ച മുഹമ്മദ് ഷമിയാണ് ചെന്നൈയ്ക്ക് ആദ്യ പ്രഹരം ഏൽപിച്ചത്. മോയിൻ അലിക്ക് (17 പന്തിൽ 2 ഫോർ അടക്കം 21) ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. സായ് കിഷോറിനായിരുന്നു വിക്കറ്റ്.

ശിവം ദുബെ (2 പന്തിൽ 0) നിരാശപ്പെടുത്തിയപ്പോൾ ജഗദീശനാണ് ചെന്നൈ നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. 5–ാം നമ്പറിൽ ബാറ്റിങ്ങിന് എത്തിയ ധോണിയെ (10 പന്തിൽ 7) അവസാന ഓവറിൽ മുഹമ്മദ് ഷമി പുറത്താക്കി. 

ഗുജറാത്തിനായി മുഹമ്മദ് ഷമി 2 വിക്കറ്റെടുത്തു. റാഷിദ് ഖാൻ, അൽസരി ജോസഫ്, ആർ. സായ്കിഷോർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് നേരത്തെതന്നെ പ്ലേ ഓഫ് ഉറപ്പിക്കുകയും ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തിരുന്നു. 

English Summary: IPL, T20 62 of 74; CSK vs GT live match updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com