ADVERTISEMENT

മുംബൈ∙ ഞായറാഴ്ച പുലർച്ചെ ഉണ്ടായ കാർ അപകടത്തിൽ മരണമടഞ്ഞ മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ആൻഡ്രൂ സൈമണ്ട്സിനെ അനുസ്മരിച്ച് മുൻ മുംബൈ ഇന്ത്യൻസ് സഹതാരം യുസ്‌വേന്ദ്ര ചെഹൽ. 2011ലെ അവസാന ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്നു സൈമണ്ട്സ്. ആ സീസണിൽ ചെഹലും മുംബൈ ഇന്ത്യൻസിന് ഒപ്പമായിരുന്നു.

‘എന്റെ ഏറ്റവും അടുത്ത ചങ്ങാതിയെയാണു നഷ്ടമായത്. താങ്കളുടെ സാന്നിധ്യം വല്ലാതെ മിസ്സ് ചെയ്യും. സഹ താരം മാത്രമായിരുന്നില്ല താങ്കൾ എനിക്ക്, എന്റെ കുടുംബവും എന്റെ സ്വന്തവുമായിരുന്നു. എന്റെ സൈമണ്ട്സ് അങ്കിൾ, താങ്കളെ ഞാൻ വല്ലാതെ മിസ്സ് ചെയ്യും’– സൈമണ്ട്സിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ചെഹൽ ട്വിറ്ററിൽ കുറിച്ചു.

2011ൽ മുംബൈ സഹതാരങ്ങളായ ആന്‍ഡ്രൂ സൈമണ്ട്സും ജെയിംസ് ഫ്രാങ്ക്‌ലിനും ചേർന്ന് ഒരു രാത്രി മുഴുവൻ തന്നെ കൈകാലുകൾ കെട്ടിയിട്ടിരുന്നതായി രാജസ്ഥാൻ റോയൽസിനായുള്ള പോഡ്കാസ്റ്റിലൂടെയുള്ള ചെഹൽ നർമത്തിൽ പൊതിഞ്ഞ് ഈ ഐപിൽ സീസണിടെ വെളിപ്പെടുത്തിയിരുന്നു. 

‘2011ലായിരുന്നു ഇത്. ചാംപ്യൻസ് ലീഗ് ജയത്തിനു ശേഷം ചെന്നൈയിലെ ഹോട്ടലിൽ ആയിരുന്നു ഞങ്ങൾ.അദ്ദേഹം (സൈമണ്ട്സ്) ധാരാളം ഫ്രൂട്ട് ജൂസ് കഴിച്ചിരുന്നു (ചിരിക്കുന്നു). സൈമണ്ട്സും ഫ്രാങ്ക്‌ലിനും ചേർന്ന് എന്റെ കൈകാലുകൾ കെട്ടിയിട്ടു. കെട്ടുകൾ നീ സ്വയം അഴിക്കണം എന്നാണ് അവർ പറഞ്ഞത്. ഉൻമാദത്തിലായിരുന്ന അവർ എന്റെ വായും മൂടിക്കെട്ടി.

പിന്നെ എന്നെപ്പറ്റി മറന്നുപോകുകയും ചെയ്തു. പിറ്റേന്നു പുലർച്ചെയാണു പാർട്ടി അവസാനിച്ചത്. മുറി അടിച്ചുവാരാൻ വന്നവരാണ് എന്റെ കെട്ടഴിച്ചുവിട്ടത്. ഒരു രാത്രി മുഴുവൻ ഞാൻ അത്തരത്തിലാണു കിടന്നത്’– ഇതായിരുന്നു ചെഹലിന്റെ വെളിപ്പെടുത്തൽ.

പിറ്റേന്നു രാവിലെ ഫ്രാങ്ക്‌ലിനും സൈമണ്ട്സും ക്ഷമാപണം നടത്തിയിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിനു ചെഹൽ നൽകിയ മറുപടി ഇങ്ങനെ, ‘ഇല്ല. ജൂസ് ധാരാളമായി കഴിച്ചാൽപ്പിന്നെ ചിലപ്പോഴൊക്കെ അവരെ പിടിച്ചാൽ കിട്ടില്ല. അപ്പോൾ നടന്ന കാര്യങ്ങളൊന്നും അവർക്ക് ഓർയുണ്ടാകുകയും ഇല്ല.’

എന്നാൽ 2013 സീസണിൽ മുംബൈ താരമായിരിക്കെ, അമിതമായി മദ്യപിച്ചെത്തിയ ഒരു സഹതാരം തന്റെ ഹോട്ടലിന്റെ 15–ാം നിലയിൽനിന്നു താഴേക്കു തൂക്കിയിട്ടതായുള്ള ചെഹലിന്റെ മറ്റൊരു വെളിപ്പെടുത്തൽ നേരത്തെ വൻ വിവാദമായിരുന്നു. താരത്തിന്റെ പേരു തുറന്നു പറയാൻ ചെഹൽ തയാറിയിരുന്നില്ലെങ്കിലും ഇതിനു പിന്നിലും സൈമണ്ട്സ് തന്നെആണെന്ന് ഒട്ടേറെ ആരാധകർ തെറ്റിദ്ധരിച്ചിരുന്നു. ഇതു നീക്കാനും ചെഹലിന്റെ ട്വീറ്റ് സഹായകമായി. 

2011 സീസണിൽ മാത്രമാണ് സൈമണ്ട്സും ചെഹലും ഒന്നിച്ചു കളിച്ചത്. 2012ൽ സൈമണ്ട്സ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചിരുന്നു. ടീം ഡ്രസിങ് റൂമിലും പുറത്തും വളരെ അടുത്ത ഹൃദയബന്ധമാണ് മുംബൈ ഇന്ത്യൻസ് താരങ്ങളായിരിക്കെ ഇരുവരും കാത്തുസൂക്ഷിച്ചിരുന്നതും. 

 

English Summary: 'I have lost my closest man': Yuzvendra Chahal after former teammate Andrew Symonds tragically dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com