മിന്നൽ പോലെ സൈമണ്ട്സ്

symonds-3
ആൻഡ്രൂ സൈമണ്ട്സ് (ഫയല്‍ ചിത്രം)
SHARE

സിഡ്നി ∙ വെടിക്കെട്ട് ബാറ്റിങ്, അപ്രതീക്ഷിതമായി വിക്കറ്റ് വീഴ്ത്തുന്ന ബോളിങ്, മിന്നൽ പോലുള്ള ഫീൽഡിങ്– എല്ലാം പെട്ടെന്നായിരുന്നു ആൻഡ്രൂ സൈമണ്ട്സിന്. ജീവിതത്തിൽ നിന്നുള്ള വിടവാങ്ങലും അതു പോലെത്തന്നെ!  ഓസ്ട്രേലിയയിലെ ടൗൺസ്‌വിലിൽ കാറപകടത്തിൽ മരണമടഞ്ഞ സൈമണ്ട്സിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് കായികലോകം. ഇന്ത്യൻ സമയം ഇന്നലെ രാവിലെയായിരുന്നു നാൽപ്പത്തിയാറുകാരനായ സൈമണ്ട്സിന്റെ അന്ത്യം. ഭാര്യയും 2 മക്കളുമുണ്ട്. 

വടക്കുകിഴക്കൻ ഓസ്ട്രേലിയയിലെ ടൗൺസ്‌വിൽ നഗരത്തിന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ച് റോഡിൽ പ്രാദേശിക സമയം ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്. റോഡിൽ നിന്നു തെന്നി മാറിയ കാർ താഴേക്കു മറിയുകയായിരുന്നു. സൈമണ്ട്സ് മാത്രമാണ് കാറിലുണ്ടായിരുന്നത്. ഓസ്ട്രേലിയൻ ടീമിൽ സഹതാരമായിരുന്ന ഷെയ്ൻ വോണിന്റെ വിയോഗത്തിന് 2 മാസം തികഞ്ഞതിനു പിന്നാലെയാണ് സൈമണ്ട്സിന്റെയും മരണം. 

∙ വെള്ള ക്രീം, കൊരുത്തിട്ട മുടി

കളിശൈലി കൊണ്ടും ജീവിതരീതി കൊണ്ടും ഓസീസ് ടീമിലെ വ്യത്യസ്തനായ സൈമണ്ട്സ് 1998 മുതൽ 2009 വരെ നീണ്ട കരിയറിൽ 26 ടെസ്റ്റുകളും 198 ഏകദിനങ്ങളും 14 ട്വന്റി20 മത്സരങ്ങളും കളിച്ചു. 2003, 2007 വർഷങ്ങളിലെ ഏകദിന ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളിയായി. വലംകയ്യൻ ബാറ്ററായിരുന്ന സൈമണ്ട്സ് ഓഫ് സ്പിന്നും മീഡിയം പേസ് ബോളിങ്ങും ഫലപ്രദമായി എറിയുകയും ചെയ്തു. മികച്ച ഫീൽഡറുമായിരുന്നു. ടെസ്റ്റിൽ 1462 റൺസ്, 24 വിക്കറ്റുകൾ; ഏകദിനത്തിൽ 5088 റൺസ്, 133 വിക്കറ്റുകൾ എന്നിങ്ങനെയാണ് നേട്ടം. ഡെക്കാൻ ചാർജേഴ്സ് 2009ൽ ഇന്ത്യൻ പ്രിമിയർ ലീഗ് കിരീടം നേടിയപ്പോൾ ടീമിലുണ്ടായിരുന്നു. പിന്നീട് മുംബൈ ഇന്ത്യൻസിന് വേണ്ടിയും കളിച്ചു. ചുണ്ടിൽ മുഴുവൻ വെള്ള ക്രീം പുരട്ടി, കൊരുത്തിട്ട മുടിയുമായി ഗ്രൗണ്ടിലെത്തിയിരുന്ന അദ്ദേഹം മറ്റു കളിക്കാർക്കിടയിൽ വേറിട്ടു നിന്നു. 

∙ ഇഷ്ടം മീൻപിടുത്തം 

കളിക്കളത്തിലും പുറത്തും വിവാദങ്ങളിലെ കേന്ദ്രകഥാപാത്രം കൂടിയായിരുന്നു സൈമണ്ട്സ്. 2008 സിഡ്നി ടെസ്റ്റിനിടെ ഇന്ത്യൻ താരം ഹർഭജൻ സിങ് സൈമണ്ട്സിനെ ‘കുരങ്ങൻ’ എന്നു വിളിച്ചെന്ന ആരോപണം ഇരുരാജ്യങ്ങളുടെയും ക്രിക്കറ്റ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. അമിത മദ്യപാനം മൂലമുള്ള പ്രശ്നങ്ങളും സൈമണ്ട്സിനെ കരിയറിലുടനീളം പിന്തുടർന്നു. വിരമിച്ചതിനു ശേഷം കമന്റേറ്ററായും രംഗത്തെത്തിയ സൈമണ്ട്സിന്റെ ക്രിക്കറ്റിനു പുറത്തെ ഇഷ്ട വിനോദങ്ങളിലൊന്ന് മീൻ പിടുത്തമായിരുന്നു. 

∙ ഓസ്ട്രേലിയയുടെ ദത്തുപുത്രൻ

കരീബിയൻ–സ്കാൻഡിനേവിയൻ വംശജരായ മാതാപിതാക്കളുടെ മകനായി ഇംഗ്ലണ്ടിൽ ജനിച്ച സൈമണ്ട്സിനെ കെൻ–ബാർബറ ഓസ്ട്രേലിയൻ ദമ്പതികളാണ് ദത്തെടുത്തു വളർത്തിയത്. ജന്മം മൂലം ഇംഗ്ലണ്ടിനു വേണ്ടിയും കളിക്കാമായിരുന്നെങ്കിലും സൈമണ്ട്സ് ഓസ്ട്രേലിയയെയാണ് തിരഞ്ഞെടുത്തത്. റോയ്, സൈമോ തുടങ്ങിയ വിളിപ്പേരുകളിലൂടെയാണ് കൂട്ടുകാർക്കിടയിലും സഹതാരങ്ങൾക്കിടയിലും സൈമണ്ട്സ് അറിയപ്പെട്ടത്.

വെള്ളായണിയിലെ സിക്സർ പെരുമഴ! 

കൗമാരതാരമായിരിക്കെ കേരളത്തിൽ കളിക്കാനെത്തിയിട്ടുണ്ട് ആൻഡ്രൂ സൈമണ്ട്സ്. 1994 മാർച്ചിൽ തിരുവനന്തപുരം വെള്ളായണി കാർഷിക കോളജ് ഗ്രൗണ്ടിലായിരുന്നു ആ അണ്ടർ–19 ചതുർദിന മത്സരം. ഓസ്ട്രേലിയൻ ഇന്നിങ്സിൽ സൈമണ്ട്സ് തന്റെ ഉഗ്രരൂപം പുറത്തെടുത്തു.11 സിക്സറുടെ അകമ്പടിയോടെ 163 റൺസ്! ആറു റൺസാണ് സൈമണ്ട്സിനു രണ്ടാം ഇന്നിങ്സിൽ നേടാനായത്. സൈമണ്ട്സ് 2 വിക്കറ്റും നേടിയെങ്കിലും മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു ജയം. എങ്കിലും കാണികൾ ഓർത്തിരിക്കുന്നത് സൈമണ്ട്സിന്റെ വെടിക്കെട്ട് പ്രകടനം.

English Summary: Remembering  Former Australian cricketer Andrew Symonds

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA