ADVERTISEMENT

മുംബൈ∙ ഐപിഎൽ സീസണിലെ ഫോം നഷ്ടത്തിന്റെ പേരിൽ ഏറെ വിമർശനം കേൾക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദിനും ക്യാപ്റ്റൻ കെയ്ൻ വില്യംസനും മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ ‘കൊട്ട്’. സീസണിലെ ആദ്യ 2 കളി തോറ്റ ഹൈദരാബാദ്, പിന്നീടു തുടർച്ചയായി 5 ജയം നേടി ശക്തമായ തിരിച്ചുവരവിനുള്ള സൂചന നൽകിയെങ്കിലും അടുത്ത 5 കളികൾ തുടർച്ചയായി തോറ്റ്, കിതയ്ക്കുകയാണ് ഇപ്പോൾ. 

ബാറ്റിങ് നിരയിലെ പ്രതിസന്ധികളാണ് ഹൈദരാബാദിന്റെ തകർച്ചയ്ക്കു കാരണമെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. സീസണിൽ 20ൽ താഴെ ശരാശരിയിലും 100ൽ താഴെ സ്ട്രൈക്ക് റേറ്റിലും 208 റൺസാണു ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ സമ്പാദ്യം. വില്യംസന്റെ ക്യാപ്റ്റൻസിയിലും ഒട്ടേറെ പാളിച്ചകൾ ഉണ്ടായതായി ചോപ്ര അഭിപ്രായപ്പെട്ടു. 

‘കെയ്ൻ ക്യാപ്റ്റനാണ്. അപ്പോൾ വിമർശനവും സ്വാഭാവികമാണ്. പക്ഷേ, ഒരേ പിഴവാണ് ഇപ്പോൾ 2–ാമത്തെ തവണയും ആവർത്തിക്കപ്പെടുന്നത്. ബ്രാബോൺ സ്റ്റേഡിയത്തിലെ മത്സരത്തിൽ, 20–ാം ഓവർ എറിയുന്നതിന് ആദ്യം ജഗദീഷ സുചിത്തിനെ നിയോഗിച്ചു. ഇപ്പോൾ ഇതാ വാഷിങ്ടൻ സുന്ദറിനെയും.

ഇത് എങ്ങനെയാണ്’– കൊൽക്കത്തയും ഹൈദരാബാദും തമ്മിൽ നടന്ന മത്സരത്തിനു ശേഷം സ്റ്റാർ‌ സ്പോർട്സ് ചാനലിനോടു ചോപ്ര പ്രതികരിച്ചു. 

‘ഇത് കെയ്ൻ വില്യംസനാണ് എന്നും ഓർക്കണം. നിലവിലെ ഏറ്റവും ബുദ്ധിമാൻമാരായ ക്രിക്കറ്റ് ക്യാപ്റ്റൻമാരിൽ ഒരാളായ അതേ വില്യംസൻ. പക്ഷേ, ഒരേ പിഴവാണ് വില്യംസൻ ആവർത്തിച്ചത്. അതും ആന്ദ്രെ റസ്സലിനെതിരെ. ഇത് അട്ടിൻകുട്ടിയെ കശാപ്പുശാലയിലേക്ക് അയയ്ക്കുന്നതിനു തുല്യമാണ്. അങ്ങനെ ചെയ്താൽപ്പിന്നെ എന്താണു നടക്കുക? കശാപ്പു മാത്രം’ ചോപ്ര പറഞ്ഞു.

സീസണിലെ അവശേഷിക്കുന്ന 2 മത്സരങ്ങൾ ജയിച്ചാൽ പോലും ഹൈദരാബാദിനു പ്ലേ ഓഫ് ബെർത്ത് ഉറപ്പില്ല. മറ്റു മത്സരങ്ങളുടെ ഫലം കൂടി ആശ്രയിച്ചിരിക്കും അവരുടെ പ്ലേ ഓഫ് പ്രവേശം. 

 

English Summary: ‘That’s like sending a lamb to a slaughterhouse’ – Aakash Chopra baffled with Kane Williamson’s tactics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com