ADVERTISEMENT

മുംബൈ∙ ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ നേടിയ 17 റൺസ് ജയത്തോടെ പ്ലേ ഓഫ് ഘട്ടത്തിലേക്കു ശക്തമായ അവകാശവാദം ഉന്നയിക്കാനായതിന്റെ ആവേശത്തിലാണു ഡൽഹി ക്യാപിറ്റൽസ്. ലീഗിലെ അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ മികച്ച റൺ‌ മാർജിനിൽ കീഴടക്കാനായാൽ അവർ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്യും.

എന്നാൽ പഞ്ചാബിനെതിരായ മത്സരത്തിലെ പാളിപ്പോയ ചെറിയൊരു തീരുമാനത്തിന്റെ പേരിൽ സൂപ്പര്‍ താരം ഡേവിഡ് വാർണർ ഇപ്പോഴും നിരാശയിലായിരിക്കുമെന്ന് ഉറപ്പാണ്. ഡൽഹി ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ ബാക്ക്‌വേഡ് പോയിന്റിൽ രാഹുൽ ചാഹറിനു ക്യാച്ച് നൽകിയാണു ഡേവിഡ് വാർണർ പുറത്തായത്. 9 വർഷത്തെ ഐപിഎൽ കരിയറിൽത്തന്നെ ആദ്യമായാണ് വാർണർ ഗോൾഡൻ ഡക്കായത്. എന്നാൽ കഥയിലെ ‘ട്വിസ്റ്റ്’ അറിയുമ്പോഴാണ് ബഹുരസം.

ഇന്ത്യൻ താരം സർഫ്രാസ് ഖാനാണ് മത്സരത്തിൽ വാർണർക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത്. രോഗ ബാധിതനായി ടീമിനു പുറത്തായ പൃഥ്വി ഷായ്ക്കു പകരം പ്ലേയിങ് ഇലവനിൽ ഇടം കിട്ടിയ സർഫ്രാസ് ഖാനായിരുന്നു ആദ്യ ഓവറിൽ സ്ട്രൈക്ക് എടുക്കേണ്ടിയിരുന്നത്.

ഇതിനായി സർഫ്രാസ് ഖാൻ ബാറ്റിങ് ക്രീസിലെത്തിയിരുന്നെങ്കിലും, ആദ്യ ഓവറിൽ പഞ്ചാബ് ക്യാപ്റ്റൻ മയാങ്ക് അഗർവാൾ ഇംഗ്ലിഷ് താരം ലിയാം ലിവിങ്സ്റ്റനെ ബോളിങ്ങിനു വിളിച്ചതോടെ, ആദ്യ ഓവറിൽത്തന്നെ ആക്രമിച്ചു കളിക്കാൻ ലക്ഷ്യമിട്ടാകണം, അവസാന നിമിഷം വാർണർ സർഫ്രാസിൽനിന്നു സ്ട്രൈക്ക് ‘ചോദിച്ചു വാങ്ങുകയായിരുന്നു’. നോൺ സ്ട്രൈക്കിങ് എൻഡിൽ നിന്ന് ക്രീസിലേക്കു നടന്നെത്തി സ്ട്രൈക്ക് എടുത്ത വാർണറിനാകട്ടെ, നേരിട്ട ആദ്യ പന്തിൽത്തന്നെ ഷോട്ട് പിഴയ്ക്കുകയും ചെയ്തു. ലിവിങ്സ്റ്റന്റെ ഫുൾ ലെങ്ത് ബോളിൽ വാർണർ പുറത്ത്!

വാർണർ പുറത്തായെങ്കിലും, മറുവശത്ത് തകർത്തടിച്ച സർഫ്രാസ് 16 പന്തിൽ 5 ഫോറും ഒരു സിക്സും അടക്കം 36 റൺസ് എടുത്ത് ഡൽഹിക്ക് മികച്ച തുടക്കംതന്നെ സമ്മാനിച്ചിരുന്നു. പിന്നാലെ മിച്ചെൽ മാർഷ് (48 പന്തിൽ 4 ഫോറും 3 സിക്സും അടക്കം 63), 4 വിക്കറ്റ് വീഴ്ത്തിയ ശാർദൂൽ ഠാക്കുറിന്റെ ബോളിങ് പ്രകടനം എന്നിവ കൂടിയായപ്പോൾ ജയം ഡൽഹിക്കൊപ്പം. 

 

English Summary: Watch: David Warner's last-minute strike swap with Sarfaraz Khan goes horribly wrong in PBKS vs DC IPL match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com