പൊരുതിത്തോറ്റ് മുംബൈ; കണക്കിലെ കളികളിൽനിന്ന് പുറത്താകാതെ ഹൈദരാബാദ്

mi-vs-srh-1248-01
ഇഷൻ കിഷനും രോഹിത് ശർമയും ബാറ്റിങ്ങിനിടെ. ഉമ്രാൻ മാലിക്ക് സമീപം.
SHARE

മുംബൈ∙ കണക്കിലെ കളികളിൽനിന്ന് ഹൈദരാബാദ് പൂർണമായും പുറത്തായില്ല. പ്ലേഓഫിലേക്ക് നേരിയ സാധ്യതയെങ്കിലും നിലനിർത്തുന്നതിനുള്ള നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിനു മൂന്നു റൺസ് ജയം. ഹൈദരാബാദ് ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംൈബയുടെ പോരാട്ടം 20 ഓവറിൽ ഏഴു വിക്കറ്റിന് 190 റൺസിൽ അവസാനിച്ചു. ടിം ഡേവിഡ് (18 പന്തിൽ 46), രോഹിത് ശർമ (36 പന്തിൽ 48), ഇഷാൻ കിഷൻ (34 പന്തിൽ 43) എന്നിവരുടെ പ്രകടനത്തിനും മുംബൈയെ വിജയത്തിൽ എത്തിക്കാനായില്ല.

ഒന്നാം വിക്കറ്റിൽ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് 95 റൺസ് സ്കോർ ബോർഡിൽ ചേർത്തു. 11–ാം ഓവറിൽ രോഹിത്തിനെ പുറത്താക്കി വാഷിങ്ടൻ സുന്ദറാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ തന്നെ ഇഷാൻ കിഷനെ ഉമ്രാൻ മാലിക്കും പുറത്താക്കി. പിന്നീടെത്തിയ ഡാനിയൽ സാംസ് (11 പന്തിൽ 15), തിലക് വർമ (9 പന്തിൽ 8) എന്നിവർക്ക് കാര്യമായ സംഭാവന നൽകിയില്ലെങ്കിലും ടിം ഡേവിഡ് (18 പന്തിൽ 46) തകർത്തടിച്ചതോടെ മുംബൈയ്ക്ക് വീണ്ടും വിജയപ്രതീക്ഷ ഉയർന്നു. നാല് സിക്സും മൂന്നും ഫോറും സഹിതമായിരുന്നു ഡേവിഡിന്റെ ഇന്നിങ്സ്. എന്നാൽ 18ാം ഓവറിൽ ടിം ഡേവിഡ് റണ്ണൗട്ടായതോടെ ആ പ്രതീക്ഷകൾ അസ്തമിച്ചു.

അവസാന ഓവറിൽ 19 റൺസാണ് മുംബൈയ്‌ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ഒരു സിക്സും ഫോറും സഹിതം 15 റൺസെടുക്കാനെ അവർക്കു സാധിച്ചുള്ളൂ. ട്രിസ്റ്റൻ സ്റ്റബ്സ് (2 പന്തിൽ 2), സഞ്ജയ് യാദവ് (പൂജ്യം), രമൺദീപ് സിങ് (6 പന്തിൽ 14*), ജസ്പ്രീത് ബുമ്ര (0*) എന്നിങ്ങനെയാണ് മറ്റു മുംബൈ ബാറ്റർമാരുടെ സ്കോറുകൾ. ഹൈദരാബാദിനായി ഉമ്രാൻ മാലിക്ക് മൂന്നു വിക്കറ്റും ഭുവനേശ്വർ കുമാർ, വാഷിങ്ടൻ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

∙ തിളങ്ങി ത്രിപാഠി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ്, 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 193 റൺസെടുത്തത്. അർധസെഞ്ചുറി തികച്ച രാഹുൽ ത്രിപാഠി (44 പന്തിൽ 76), ഓപ്പണർ പ്രിയം ഗർഗ് (26 പന്തിൽ 42), നിക്കോളാസ് പുരാൻ (22 പന്തിൽ 38) എന്നിവരുടെ ബാറ്റിങ് മിവിലാണ് ഹൈദരാബാദ് മികച്ച സ്കോറിലെത്തിയത്.

ഇന്നിങ്സിന്റെ മൂന്നാം ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ (10 പന്തിൽ 9) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഗർഗും ത്രിപാഠിയും ചേർന്ന് ഹൈദരാബാദിനെ മൂന്നോട്ടു നയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 78 റൺസ് കൂട്ടിച്ചേർത്തു. പത്താം ഓവറിൽ ഗർഗിന്റെ പുറത്താക്കി രമൺദീപ് സിങ്ങാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ നിക്കോളാസ് പുരാനും ത്രിപാഠിക്ക് ഉറച്ചപിന്തുണ നൽകി. 17–ാം ഓവറിൽ റിലേ മെറിഡിത്താണ് പുരാനെ പുറത്താക്കിയത്.

srh-vs-mi-11248
രാഹുൽ ത്രിപാഠിയും പ്രിയം ഗർഗും ബാറ്റിങ്ങിനിടെ

തൊട്ടടുത്ത ഓവറിൽ തന്നെ രാഹുൽ ത്രിപാഠിയെയും എയ്ഡൻ മർക്രത്തെയും (4 പന്തിൽ 2) രമൺദീപ് സിങ് പുറത്താക്കി. ആറാമനായി ഇറങ്ങിയ ക്യാപ്റ്റൻ കെയ്‌ൻ വില്യംസൻ (7 പന്തിൽ 8) റൺസെടുത്ത് പുറത്താകാതെ നിന്നു. വാഷിങ്ടൻ സുന്ദർ (7 പന്തിൽ 9) അവസാന പന്തിലാണ് പുറത്തായത്. മുംബൈ ഇന്ത്യൻസിനായി രമൺദീപ് സിങ് മൂന്നും ഡാനിയൽ സാംസ്, റിലേ മെറിഡിത്ത്, ജസ്പ്രീത് ബുമ്ര എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

∙ ടോസ് രോഹിത്തിന്

ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മായങ്ക് മാർകണ്ഡെ, സഞ്ജയ് യാദവ് എന്നിവർ ഇന്ന് മുംബൈയ്ക്കു വേണ്ടി കളിക്കും. ഹൈദരാബാദ് ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. ശശാങ്ക് സിങ്, മാർകോ ജാൻസൻ എന്നിവർക്കു പകരം പ്രിയം ഗർഗ്, ഫസൽഹഖ് ഫാറൂഖി എന്നിവർ ഹൈദരാബാദ് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചു.

∙ പ്ലേയിങ് ഇലവൻ

മുംബൈ: ഇഷാൻ കിഷൻ, രോഹിത് ശർ, ഡാനിയൽ സാംസ്, തിലക് വർമ, രമൺദീപ് സിങ്, ട്രിസ്റ്റൻ സ്റ്റബ്സ്, ടിം ഡേവിഡ്, സഞ്ജയ് യാദവ്, ജസ്പ്രീത് ബുമ്ര, റിലേ മെറെഡിത്ത്, മായങ്ക് മാർകണ്ഡെ

ഹൈദരാബാദ്: അഭിഷേക് ശർമ, പ്രിയം ഗർഗ്, കെയ്ൻ വില്യംസൻ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം, നിക്കോളാസ് പുരാൻ, വാഷിങ്ടൻ സുന്ദർ, ഭുവനേശ്വർ കുമാർ, ഫസൽഹഖ് ഫാറൂഖി, ഉമ്രാൻ മാലിക്, ടി.നടരാജൻ

English Summary: IPL, MI vs SRH; T20 65 of 74, live match updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA