ADVERTISEMENT

മുംബൈ∙ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ അർധസെഞ്ചറിക്കും റിങ്കു സിങ് (15 പന്തിൽ 40), സുനിൽ നരെയ്ൻ (7 പന്തിൽ 21*) എന്നിവരുടെ പോരാട്ടവീര്യത്തിനും കൊൽക്കത്തയെ രക്ഷിക്കാനായില്ല. ലക്നൗവിനെതിരെ രണ്ടു റൺസിന് തോറ്റതോടെ കൊൽക്കത്ത ഐപിഎൽനിന്നു പുറത്തായി. ജയത്തോടെ ലക്നൗ പ്ലേഓഫിലെത്തി. ലക്നൗ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയുടെ ഇന്നിങ്സ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 208 റൺസിൽ അവസാനിച്ചു.

മാർക്കസ് സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിൽ 21 റൺസാണ് കൊൽക്കത്തയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്ത് റിങ്കു സിങ് ബൗണ്ടറി കടത്തി. അടുത്ത രണ്ടു പന്തുകളും സിക്സർ പറത്തി റിങ്കു വിജയപ്രതീക്ഷ വർധിപ്പിച്ചു. നാലാം പന്തിൽ ഡബിൾ. എന്നാൽ അഞ്ചാം പന്തിൽ സിക്സറിനുള്ള റിങ്കുവിന്റെ ശ്രമം പാളി. ഉയർന്നുപൊങ്ങിയ പന്ത് എവിൻ ലൂയിസ് കൈകളിൽ ഒതുക്കി. അവസാന പന്തിൽ കൊൽക്കത്തയ്ക്ക് വേണ്ടിയിരുന്നത് മൂന്നു റൺസ്. പക്ഷേ ഉമേഷ് യാദവിന്റെ വിക്കറ്റ് സ്റ്റോയിനിസ് തെറിപ്പിച്ചതോടെ കൊൽക്കത്ത ടൂർണമെന്റിൽനിന്നു പുറത്തായി.

നിതീഷ് റാണ (22 പന്തിൽ 42), സാം ബില്ലിങ്സ് (24 പന്തിൽ 36) എന്നിവ‌രാണ് കൊൽക്കത്തനിരയിൽ പൊരുതിയ മറ്റുള്ളവർ. കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ അവർക്ക്, ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായി. നാലാം പന്തിൽ ഓപ്പണർ വെങ്കടേഷ് അയ്യരിനെ മൊഹ്‌സിൻ ഖാൻ, കീപ്പർ ക്വിന്റൻ ഡികോക്കിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. മൂന്നാം ഓവറിൽ മറ്റൊരു ഓപ്പണർ അഭിജിത് തോമറിനെ (8 പന്തിൽ 4) നഷ്ടമായതോടെ കൊൽക്കത്ത കൂട്ടത്തകർച്ച മുന്നിൽകണ്ടു.

എന്നാൽ പിന്നീട് നിതീഷ് റാണയും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്ന് അവരെ കരകയറ്റി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 56 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. എട്ടാം ഓവറിൽ കൃഷ്ണപ്പ ഗൗതം നിതീഷ് റാണയെ പുറത്താക്കുകയായിരുന്നു. പിന്നീടെത്തിയ സാം ബില്ലിങ്സ് ക്യാപ്റ്റന് ഉറച്ച പിന്തുണ നൽകിയതോടെ കൊൽക്കത്തയ്ക്ക് വിജയപ്രതീക്ഷയായി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 66 റൺസാണ് സ്കോർബോർഡിൽ ചേർത്തത്.

എന്നാൽ അടുത്തടുത്ത് തന്നെ ശ്രേയസിനെയും ബില്ലിങ്സിനെയും നഷ്ടപ്പെട്ടതോടെ കൊൽക്കത്ത പരുങ്ങലിലായി. വമ്പൻ അടിക്കാരൻ ആന്ദ്ര റസലും (11 പന്തിൽ 5) അധികംവൈകാതെ പുറത്തായി. പിന്നീട് ഒത്തുചേർന്ന റിങ്കു സിങ്ങും സുനിൽ നരെയ്‌നും ചേർന്ന് പൊരുതിയെങ്കിലും വിജയത്തിന്റെ തൊട്ടരുകിൽ വരെ എത്തിക്കാനെ സാധിച്ചുള്ളൂ.

∙ ഡികോക്ക്+ രാഹുൽ= ലക്നൗ

ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ലക്നൗ ഓപ്പണർമാർ പെയ്യിച്ച സിക്സർ മഴയിൽ കൊൽക്കത്ത ബോളർമാർ നനഞ്ഞുകുളിച്ചു. നിർണായക ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അവർ, നിശ്ചിത 20 ഓവറിൽ വിക്കറ്റൊന്നും പോകാതെ 210 റൺസെടുത്തു.

ഓപ്പണർമാരായ ക്വിന്റൻ ഡികോക്കിന്റെ കിടിലൻ സെഞ്ചറിയും (70 പന്തിൽ 140*), ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ അർധസെഞ്ചറിയുമാണ് (51 പന്തിൽ 68*) ലക്നൗവിനെ ‘സൂപ്പർ’ ആക്കിയത്. ഇരുവരുടെയും ബാറ്റിൽനിന്ന് മൊത്തം പിറന്നത് 27 ബൗണ്ടറികൾ, 14 സിക്സും, 13 ഫോറും. ഇതിൽ പത്തു സിക്സും പിറന്നത് ഡികോക്കിന്റെ ബാറ്റിൽനിന്ന്. അവസാന മൂന്ന് ഓവറിൽ 61 റൺസാണ് ഇരുവരും കൂടി അടിച്ചെടുത്തത്. 19ാം ഓവറിൽ മാത്രം 27 റൺസ്.

KL-Rahul-Quinton-de-Kock-1248-18
ക്വിന്റൻ ഡികോക്കും കെ.എൽ.രാഹുലും ബാറ്റിങ്ങിനിടെ

ഐപിഎലിനെ തന്നെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ടാണ് ഇന്നു പിറന്നത്. 2016ൽ ഗുജറാത്ത് ലയൺസിനെതിരെ ബെംഗളൂരുവിനായി കോലിയും ഡിവില്ലേഴ്സും ചേർന്നു നേടിയ 229 റൺസാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. ഐപിഎലിൽ തന്റെ രണ്ടാം സെഞ്ചറിയാണ് ഡികോക്ക് കുറിച്ചത്. 2016ൽ ബെംഗളൂരുവിനെതിരെയായിരുന്നു ആദ്യ സെഞ്ചറി.

∙ ടോസ് ലക്നൗവിന്

ടോസ് നേടിയ ലക്നൗ ക്യാപ്റ്റൻ കെ.എൽ.രാഹുൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത മികച്ച ടോട്ടൽ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ടോസിനുശേഷം രാഹുൽ പറഞ്ഞു. ലക്നൗ നിരയിൽ ക്രുണാൽ പാണ്ഡ്യ, ദുഷ്മന്ത ചമീര, ആയുഷ് ബധോനി എന്നിവർ കളിക്കില്ല. ഇവർക്കുപകരം മനൻ വോറ, എവിൻ കൃഷ്ണപ്പ ഗൗതം എന്നിവർ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. കൊൽക്കത്ത നിരയിൽ പരുക്കേറ്റ് അജിൻക്യ രഹാനെയ്‌ക്കു പകരം അഭിജിത് തോമർ കളിക്കും.

∙ പ്ലേയിങ് ഇലവൻ

കൊൽക്കത്ത: വെങ്കടേഷ് അയ്യർ, അഭിജിത് തോമർ, ശ്രേയസ് അയ്യർ, നിതീഷ് റാണ, സാം ബില്ലിങ്സ്, റിങ്കു സിങ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ഉമേഷ് യാദവ്, ടിം സൗത്തി, വരുൺ ചക്രവർത്തി

ലക്നൗ: ക്വിന്റൻ ഡികോക്ക്, കെ.എൽ.രാഹുൽ, എവിൻ ലൂയിസ്, ദീപക് ഹൂഡ, മനൻ വോറ, മാർക്കസ് സ്റ്റോയിനിസ്, ജേസൺ ഹോൾഡർ, കൃഷ്ണപ്പ ഗൗതം, മൊഹ്‌സിൻ ഖാൻ, ആവേശ് ഖാൻ, രവി ബിഷ്‌ണോയ്

English Summary: IPL 2022: Kolkata Knight Riders vs Lucknow Super Giants Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com